Latest NewsKerala

പ്രളയം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിച്ചത് കനത്ത ആഘാതം: മുഖ്യമന്ത്രി

തിരുവനന്തപുരം•കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാണ് പ്രളയദുരന്തം ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചവത്‌സരപദ്ധതിക്ക് സമാനമായ തുക സംസ്ഥാനത്തിന്റെ ദീര്‍ഘകാല പുനര്‍നിര്‍മാണത്തിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി വരും. ഇത് ഗൗരവമായ പ്രശ്‌നമാണ്. കേരളത്തിന്റെ പദ്ധതി അടങ്കല്‍ തുക 37248 കോടി രൂപയാണ്. ഇതില്‍ നിര്‍മ്മാണത്തിനുള്ള മൂലധനം 10,330 കോടി രൂപയും. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്തിന് ഭാരിച്ച ഉത്തരവാദിത്തമാണ് ഏല്‍ക്കേണ്ടി വരുന്നത്. പ്രധാനമന്ത്രി എത്തിയപ്പോള്‍ പ്രളയത്തില്‍ പ്രാഥമികമായി 20,000 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരുന്നത്. വിശദമായ വിലയിരുത്തലില്‍ ഇത് വര്‍ദ്ധിക്കും. ഒരു വര്‍ഷം പദ്ധതികള്‍ക്കായി വകയിരുത്തിയ തുക ദുരന്തത്തില്‍ നിന്ന് കരകയറാന്‍ ചെലവഴിക്കണം. അതല്ലെങ്കില്‍ ഒരു വര്‍ഷത്തെ വികസനം പൂര്‍ണമായി ഒഴിവാക്കേണ്ടിവരും. ഇത് പരിഹരിക്കാനും വിഭവം കണ്ടെത്താനുമുള്ള ശ്രമകരമായ ദൗത്യമാണ് സംസ്ഥാനത്തിന് മുന്നിലുള്ളത്. ഇതിനു പുറമെ വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് വീടുകള്‍ വാസയോഗ്യമാക്കുന്നതിനൊപ്പം വീട്ടുപകരണങ്ങളും വളര്‍ത്തു മൃഗങ്ങളുടെ നഷ്ടവുമൊക്കെ ചേര്‍ന്ന് ചെലവ് വേറേയുമുണ്ട്.

നിലവില്‍ ഓണ്‍ലൈനില്‍ ലഭിച്ച 45 കോടി രൂപ ഉള്‍പ്പെടെ 210 കോടി രൂപയാണ് ലഭിച്ചത്. 160 കോടി രൂപയുടെ വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. എത്രവലിയ സഹായം ലഭിച്ചാലും അത് അധികമാവില്ല. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കേരളത്തിന്റെ നിലനില്‍പിന് പ്രധാനമാണ്. സഹായം അയയ്ക്കുന്നതിന് വ്യത്യസ്ത ബാങ്കുകളുടെ പേയ്‌മെന്റ് ഗേറ്റ്‌വേ ഉള്‍പ്പെടെയുള്ള സംവിധാനമുണ്ട്.

ചില പ്രദേശങ്ങളില്‍ പുനരധിവാസത്തിന് സഹായവുമായി ചിലര്‍ മുന്നോട്ടു വന്നിട്ടുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് പ്രളയത്തില്‍ പെട്ട ആയിരം വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കാമെന്ന് അറയിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റി ചാലക്കുടിയില്‍ പുനരധിവാസ പ്രവര്‍ത്തനത്തിന് 200 ഇലക്ട്രീഷ്യന്‍മാരെയും പ്ലംബര്‍മാരെയും അണിനിരത്തും. വലിയ പ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് കഴിയേണ്ടതില്ലെന്നും ഇതിനെ അതിജീവിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തവേളയില്‍ ഒറ്റക്കെട്ടായി നിന്ന കേരളീയ മനസു തന്നെയാണ് ഈ ആത്മവിശ്വാസത്തിന് അടിത്തറ. നാട്ടില്‍ ജനിച്ച്, ഇവിടെ പഠിച്ച്, ലോകത്തിന്റെ പലഭാഗങ്ങളിലും ജോലി ചെയ്യുന്ന ലക്ഷങ്ങള്‍ സഹോദരങ്ങളായുണ്ട്. അവരുടെ സഹായം അലമാരകള്‍ പോലെ വന്നു കയറുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ മനുഷ്യസ്‌നേഹികളാകെ സഹായഹസ്തം നീട്ടുന്നു, പിന്തുണയ്ക്കുന്നു. മനുഷ്യസ്‌നേഹമുയര്‍ത്തുന്ന സഹായം തണലായി മാറുകയും ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്യുമ്പോള്‍ നാം ഇതിനെ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button