കൊച്ചി : കേരളത്തിലെ പ്രളയത്തില്‍ കുടുങ്ങിപ്പോയ ഓരോരുത്തര്‍ക്കും വേണ്ടി ഒറ്റക്കെട്ടായി പരിശ്രമിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണ് ഇന്ന് ലോകം. എല്ലാവരുടേയും ജീവന്‍ തിരിച്ചു പിടിക്കുന്നതിനായി പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തകര്‍ തളരാതെ പോരാടുന്നതും നമ്മള്‍ കാണുന്നുണ്ട്. എന്നാല്‍ സാഹസികത നിറഞ്ഞ രക്ഷാപ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് നാവിക സേനയുടെ ക്യാപ്റ്റനായ പി.രാജ്കുമാര്‍. നിരവധി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചിട്ടുള്ള അദ്ദേഹത്തെ രാജ്യം ‘ശൗര്യചക്ര’ മെഡല്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തിലെ ഐഎന്‍എസ് ഗരുഡയിലെ ഉന്നത ഉദ്യോഗസ്ഥനായ അദ്ദേഹം പാലക്കാട് സ്വദേശിയാണ്.
കഴിഞ്ഞ ദിവസം നാവികസേന പുറത്തുവിട്ട രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയിലാണ് ക്യാപ്റ്റന്റെ സാഹസികമായ ദൃശ്യങ്ങള്‍ ലോകം കണ്ടത്. സേനയുടെ ഏറ്റവും വലിയ ഹെലികോപ്റ്ററായ സീകിങ് 42 സി വീടിന് മുകളിലിറക്കി 26 പേരെ സാഹസികമായി രക്ഷിക്കുന്ന വീഡിയോയായിരുന്നു അത്. വീഡിയോ നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. രക്ഷാപ്രവര്‍ത്തനത്തിനിടെ ആളുകള്‍ പേടിമൂലം റോപ്പ് വഴി ഹെലികോപ്റ്ററില്‍ കയറാന്‍ വിസമ്മതിച്ചിരുന്നു. ഈ അവസരത്തിലാണ് ക്യാപ്റ്റന്റെ സമയോചിതമായ ഇടപെടലില്‍ ഒരുപാട് ജീവനുകള്‍ക്ക് തുണയായത്.
ഇത്രയും വലിയ ഹെലികോപ്റ്റര്‍ മരങ്ങള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും ഇടയിലൂടെ ഒരു വീടിന്റെ മുകളില്‍ ഇറക്കുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. മിനിറ്റില്‍ 203 തവണയാണ് സീകിങ് കോപ്റ്ററിന്റെ ബ്ലൈയ്ഡുകള്‍ കറങ്ങുന്നത്. വലിയ മെയിന്‍ റോട്ടര്‍ ബ്ലൈയ്ഡുകള്‍ (കോപ്റ്ററിനു മുകളിലെ ഫാന്‍ ലീഫുകള്‍) ഉള്ള സീകിങ് ഹെലികോപ്റ്റര്‍ പരിമിതസ്ഥലത്ത് താഴെ എയര്‍ക്രാഫ്റ്റ് ഹാന്‍ഡിലിങ്ങിന് പോലും ആളില്ലാതെ സുരക്ഷിതമായി ഇറക്കുകയെന്ന ദൗത്യമാണ് ക്യാപ്റ്റന്‍ നിര്‍വഹിച്ചത്. തികഞ്ഞ വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.
ക്യാപ്റ്റന്റെ റെക്കോര്‍ഡുകളില്‍ ഇത് ആദ്യ നേട്ടമല്ല. സാഹസികത നിറഞ്ഞ പ്രവര്‍ത്തികള്‍ എന്നും ധൈര്യപൂര്‍വം ഏറ്റെടുത്ത വ്യക്തിയാണ് ക്യാപ്റ്റന്‍. കുറച്ച് മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഓഖി ദുരന്തത്തിലും അനേകം പ്രതികൂല സാഹചര്യങ്ങളെ വകവയ്ക്കാതെ അദ്ദേഹം സുരക്ഷാ ദൗത്യം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് രാജ്യം ക്യാപ്റ്റന്‍ രാജ്കുമാറിനെ ‘ശൗര്യചക്ര’ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. യുദ്ധേതരഘട്ടത്തില്‍ ആത്മത്യാഗത്തോടെയുള്ള അര്‍പ്പണത്തിനു രാജ്യം നല്‍കുന്ന സൈനിക ബഹുമതിയാണ് ‘ശൗര്യചക്ര’.
ALSO READ:ഹെലികോപ്റ്ററുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
ഓഖി ദുരന്തം ഉണ്ടായപ്പോള്‍ കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ അദ്ദേഹം വളരെ വേഗം കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. സീകിങ്ങ് കൂടാതെ നാവികസേനയുടെ ചേതക് ഹെലികോപ്റ്ററുകള്‍ പറത്താനും ക്യാപ്റ്റന്‍ രാജ്കുമാര്‍ വിദഗ്ധനാണ്. പലപ്പോഴും വിവിഐപികളുടെ യാത്രയുടെ ചുമതല അദ്ദേഹത്തിനായിരുന്നു. സീകിങ് 42 ബി, സീകിങ് 42 സി എന്നിങ്ങനെ രണ്ട് തരം സീകിങ് ഹെലികോപ്റ്ററുകളാണ് ഇന്ത്യന്‍ നാവികസേനയുടെ കൈവശമുള്ളത്. ഇതില്‍ ബി ഉപയോഗിക്കുന്നത് അന്തര്‍വാഹിനികളും കപ്പലുകളും കണ്ടെത്താനും അതിനെ നശിപ്പിക്കാനുമാണ്. സൈനികരെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും ദുരിതാശ്വാസരംഗത്ത് എയര്‍ ആംബുലന്‍സായും സി ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നു. കൂടാതെ വിഐപി എസ്‌കോര്‍ട്ട്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ തുടങ്ങിയ ആവശ്യങ്ങള്‍ക്കും 42 സി ഉപയോഗിക്കുന്നു.
Post Your Comments