ആറന്മുള: പത്തനംതിട്ടയില്‍ വെള്ളപൊക്കം രൂക്ഷമായതോടെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളപ്പൊക്കത്തില്‍ വീടിനുള്ളില്‍ കിടക്കുന്ന തന്നെയും കുടുംബത്തേയും രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരിക്കുകയാണ് ഒരു ഡോക്ടര്‍. പത്തനംതിട്ട ആറന്മുള സ്വദേശിയായ ഡോക്ടര്‍ നീതു കൃഷ്ണയാണ് ഏഴു വയസ്സുകാരി മകളടക്കം തങ്ങളുടെ കുടുംബം വീട്ടില്‍ ഒറ്റപ്പെട്ടു കിടക്കുകയാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വീടിന്റെ ലൊക്കേഷനും അവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ഇതു രണ്ടാം തവണയാണ് ലൈവില്‍ വരുന്നതെന്നും, ഇന്നലെ ലൈവില്‍ വന്നിരുന്നെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ ഇതുവരെയാരും തന്നെയും കുടുംബാംഗങ്ങളെയും രക്ഷിക്കാനെത്തിയില്ലെന്നും പറയുന്നു. കരഞ്ഞുകൊണ്ടാണ് അവര്‍ ലൈവ് വീഡിയോയില്‍ എത്തിയത്. എല്ലാവരുടേയും ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും നീതു പറഞ്ഞു.
ALSO READ:പത്തനംതിട്ട ജില്ലയില്‍ വീടുകളുടെ ടെറസ്സുകളില്‍ കുടുങ്ങി 100ൽ അധികം ആളുകള്‍
ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ ഇത്രയും വലിയ പ്രളയം ഉണ്ടാകുന്നത്. 35 ഡാമുകളാണ് ഇതുവരെ തുറന്നത്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. അതേ സമയം പമ്പയാര്‍ കരകവിഞ്ഞൊഴുകുന്നതു മൂലമാണ് പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലും പെട്ടെന്ന് വെള്ളപൊക്കം ഉണ്ടാക്കിയത്. പമ്പയുടെ തീരത്തും റാന്നിയിലും പല കുടുംബങ്ങളും ഒറ്റപ്പെട്ട് കിടക്കുകയാണ്. മാരാമണ്‍, ചെട്ടിമുക്ക്, മറുകര പാലം എന്നിവിടങ്ങളില്‍ ഇരുനിലവീടുകളും മുങ്ങുന്ന നിലയിലാണ്. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നാനൂറോളം പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ അതി സാഹസികമായാണ് ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്. സൈന്യം ബോട്ടിലെത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
തൃശൂര്‍,പാലക്കാട്,എറണാകുളം, പത്തനംതിട്ട,മലപ്പുറം,ഇടുക്കി ജില്ലകളില്‍ സ്ഥിതി വളരെ ഗുരുതരമാണ്. തൃശൂരില്‍ ചാലക്കുടി പുഴയും, ആലുവയില്‍ പെരിയാറും അപകടമാം വിധം കരകവിഞ്ഞൊഴുകുകയാണ്.
പാലക്കാട് നെന്മാറ ചേരുംകാട് റബ്ബര്‍തോട്ടത്തിലേക്ക് മണ്ണിടിഞ്ഞു വീണ് മൂന്നുകുടുംബത്തെ കാണാതായി. വീടിന്റെ അവശിഷ്ടങ്ങള്‍ പോലും കാണാന്‍കഴിയാത്ത അവസ്ഥയാണ് ഇവിടെയുണ്ടായത്. കൂടാതെ കണ്ണൂര്‍ അമ്പായത്തോട് വനത്തില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ പുഴ ഗതിമാറി ഒഴുകുമെന്ന ഭീഷണിയിലാണ് ജനങ്ങള്‍
Post Your Comments