Latest NewsKerala

മഴക്കെടുതി : സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരം : മരണം 67 ആയി

1068 ക്യാമ്പുകളിലായി ഒന്നരലക്ഷം പേർ

തിരുവനന്തപുരം : സംസ്ഥാനത്ത് അതീവജാഗ്രതാ സാഹചര്യമാണ് തുടരുന്നതെന്നും പ്രതിസന്ധികൾ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനം എറ്റവും കൂടുതൽ കെടുതി നേരിട്ട സാഹചര്യമാണ്. ബുധനാഴ്ച മാത്രം 25 പേരാണു മരിച്ചത്. ആഗസ്റ്റ് ഒൻപതുമുതലുള്ള കണക്കെടുക്കുമ്പോള്‍ മരണം 67 ആയി. 1068 ക്യാമ്പുകളിലായി ഒന്നരലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. രാവിലെ 12 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇപ്പോഴത് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടുകൾ ഭൂരിഭാഗവും തുറക്കുകയും എല്ലാ നദിയും കരകവിഞ്ഞൊഴുകുകയും ചെയ്യുന്നു. ഗ്രാമങ്ങളും പട്ടണങ്ങളും ഒറ്റപ്പെട്ടതിനാൽ പലേടത്തും ആളുകൾ കുടുങ്ങിയ അവസ്ഥയാണ്.

Also read : ദുരന്തമുഖങ്ങളിൽ നിന്ന് രക്ഷപെടുത്തുവാൻ നിലവിളികളോടെ കുടുങ്ങികിടക്കുന്നവർ

മഴ കുറച്ചുദിവസം കൂടി തുടരുമെന്ന മുന്നറിയിപ്പ് ആശങ്കയുണ്ടാക്കുന്നു. സംസ്ഥാനത്തെ സ്ഥിതി പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. വിവിധതലങ്ങളിലെ സഹായങ്ങൾ അവരോട് ആവശ്യപ്പെട്ടതിൽ അനുകൂല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ദുരന്തപരിഹാരത്തിന് ആവശ്യമായത് ചെയ്യാമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ രാജ്ഭവനിലെത്തി ഗവർണറോടും വിശദീകരിച്ചിട്ടുണ്ട്. നീരൊഴുക്ക് കൂടിയതിനാൽ മുല്ലപ്പെരിയാർ ഡാമും ഗൗരവപ്രശ്‌നമായി ഉയർന്നുവന്നു. ജലനിരപ്പ് 142 അടിയായപ്പോൾ നീരൊഴുക്കിനനുസരിച്ച് അവിടെനിന്ന് വെള്ളം പുറത്തേക്ക് പോകാത്തതാണ് ആശങ്കയുണ്ടാക്കിയത്. തുടർന്ന്, വിഷയം ചീഫ് സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു. സംസ്ഥാനം ഇക്കാര്യം പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഇ മെയിൽ അയച്ചിരുന്നു. തുടർന്ന് നീരൊഴുക്കിന് തുല്യമായ വെള്ളം പുറത്തേക്ക് വിടുന്ന അവസ്ഥ വന്നതോടെ ആശങ്ക കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

Also read  : മഴസമയത്തെ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ നിർബന്ധമായും ശ്രദ്ധിക്കുക

രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേന ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്രത്തിൽനിന്ന് ആർമി, എൻ.ഡി.ആർ.എഫ്, ആർമി എഞ്ചിനീയറിംഗ് കോർ തുടങ്ങിയവയുടെ കൂടുതൽ സേനകളെയും രക്ഷാപ്രവർത്തകരെ ആവശ്യമുള്ള സ്ഥലത്ത് ആളുകെളയും ഉപകരണങ്ങളും എത്തിക്കാൻ സി 17 വിമാനങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ലഭ്യമാക്കാനുള്ള അനുകൂല തുടർനടപടികളും ആരംഭിച്ച് കഴിഞ്ഞു. കൂടുതൽ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ആവശ്യമാണെന്ന് അറിയിച്ചതിനാല്‍ അവ ലഭ്യമാക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. വിവിധ ഏജൻസികളുടെ സഹായത്തോടെയും കൂടുതൽ ബോട്ടുകൾ എത്തിക്കും. ആവശ്യമെങ്കിൽ എയർലിഫ്റ്റ് ചെയ്തും ബോട്ടുകൾ എത്തിക്കും.

നേവിയും ആർമിയും സമീപ സംസ്ഥാനങ്ങളും നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. മഴക്കെടുതിക്കൊപ്പം ഉരുൾപൊട്ടലും കൂടി വന്നതോടെ ജീവഹാനിയും നാശനഷ്ടവും വർധിച്ചിട്ടുണ്ട്. കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ എല്ലാവരുടെയും ജാഗ്രതയും ശ്രദ്ധയും വേണം. സഹകരിക്കാൻ എല്ലാവരും തയാറാകണം. അപകടമേഖലകളിൽനിന്ന് അധികൃതരുടെ നിർദേശമനുസരിച്ച് മാറിത്താമസിക്കാൻ തയാറാകണം. ജീവൻ രക്ഷിക്കുകയാണ് പ്രധാനം. പമ്പയിലും വെള്ളപ്പൊക്കമായതിനാൽ റാന്നി, തിരുവല്ല പ്രദേശങ്ങളിൽ ഭീഷണിയാണ്. ഈ മേഖലയിൽ കൂടുതൽ ബോട്ട് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇടുക്കിയിലും ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മുല്ലപ്പെരിയാർ തുറന്നാൽ ഇടുക്കി ഡാമിൽനിന്നും കൂടുതൽ ജലം പുറത്തേക്ക് വിടേണ്ടിവരും. ഇത് ആലുവ ഭാഗത്തേക്ക് വരുമെന്നതിനാൽ ജാഗ്രതാ നിർദേശവും മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്. ചാലക്കുടിപുഴയിൽ പൊങ്ങിയ വെള്ളം കുറഞ്ഞുവരുന്നുണ്ട്. കുട്ടനാട്ടിൽ ഇപ്പോൾ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പ്രശ്‌നം കുറവാണെങ്കിലും വെള്ളം കൂടിയാൽ നേരിടാൻ ജാഗ്രത പുലർത്തുന്നുണ്ട്.

Also read : മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം : ഉപ്പുതറ പാലം മുങ്ങി : ഗതാഗതം നിരോധിച്ചു

ബുധനാഴ്ച രാവിലെയും വൈകിട്ടും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സർക്കാരും കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരും ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. ജില്ലകളിൽ ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്ന അവസ്ഥയായതിനാൽ അവരെ സഹായിക്കാൻ പ്രത്യേകമായി ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ഏകോപിക്കാൻ ഉന്നത ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയുണ്ടെങ്കിൽ പരിഹരിക്കാൻ ആവശ്യമായ ജനറേറ്ററുകൾ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്‌കൂളുകളിലാണ് കൂടുതലായി ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കല്യാണമണ്ഡപങ്ങൾ ഉൾപ്പെടെയുള്ള മറ്റു സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശുദ്ധജലവിതരണം പലയിടത്തും തകരാറിലായത് പരിഹരിക്കാൻ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
വാട്ടർ അതോറിറ്റിയുടെ പമ്പുകളിലും ശുദ്ധീകരണസംവിധാനവും വെള്ളവും ചെളിയും കയറി കേടായതാണ് പ്രശ്‌നകാരണം. പമ്പുകൾ നന്നാക്കാൻ നടപടിയെടുക്കുന്നുണ്ട്. ക്യാമ്പുകളിൽ ശുദ്ധജലം എത്തിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കേടായ പമ്പുകളുള്ള മേഖലകളിൽ മറ്റ് ശുദ്ധീകരണപ്ലാൻറുകളിൽ നിന്ന് വെള്ളം എത്തിക്കും. ഇതിനായി ടാങ്കർ ലോറി ഉപയോഗിച്ച് സൗകര്യമുണ്ടാക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും ഇത്തരം ജലവിതരണം വികേന്ദ്രീകരിക്കാൻ സൗകര്യമുണ്ടാക്കണം. വളരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങുന്നവർക്ക് വേണ്ടി ആവശ്യമെങ്കിൽ മറ്റുരീതിയിൽ ഹെലികോപ്റ്റർ വഴിയോ ബോട്ടുവഴിയോ കുടിവെള്ളമെത്തിക്കും.

Also read : കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു : ജില്ലയില്‍ ജാഗ്രതാനിര്‍ദേശം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളം കയറി അടച്ചിട്ടതിനാല്‍ പകരം നേവൽ ബേസിൽ വിമാനമിറങ്ങാൻ സൗകര്യമൊരുക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി വിമാനത്താവളം അടച്ചത് ഗൗരവമായ പ്രശ്‌നമായി ഉയർന്നുവന്നിരുന്നു. ഇതുമുലം യാത്രക്കാരെ മറ്റു പല സ്ഥലങ്ങളിലും ഇറക്കുന്ന അവസ്ഥ വന്നു. ചെറിയ വിമാനങ്ങൾ കൊച്ചി നേവൽ ബേസിൽ ഇറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബോയിംഗ് 737 വരെ നേവൽ ബേസിൽ ഇറങ്ങാനാകും. അവിടെ ഇറങ്ങാൻ കഴിയാത്ത വിമാനങ്ങൾ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഇറക്കാൻ സൗകര്യമൊരുക്കും. തിരുവനന്തപുരത്ത് എല്ലാത്തരം വിമാനങ്ങളും ഇറങ്ങാനുള്ള സൗകര്യമുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും വിമാനമിറങ്ങുന്നവരുടെ സൗകര്യാർഥം കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ഏർപ്പാടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button