KeralaLatest News

105 പവന്‍ കവര്‍ച്ച:  മൂന്ന് യുവാക്കള്‍ സംശയത്തില്‍

കവര്‍ച്ച നടത്തിയ വീട്ടില്‍ നിന്നും ഒഴിഞ്ഞ പാന്‍മസാല പാക്കറ്റുകള്‍

കാഞ്ഞങ്ങാട്: 105 പവന്‍ കവര്‍ ചെയ്ത സംഭവത്തില്‍ പ്രദേശത്തെ മൂന്ന് യുവാക്കളെ ചുറ്റിപറ്റ് അന്വേഷണം. പോളിടെക്‌നിക് ഇട്ടമ്മല്‍ റോഡില്‍ എം പി സലീമിന്റെ വീട്ടില്‍ നിന്നാണ് 105 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നത്.

കവര്‍ച്ച നടന്ന പോളീ-ഇട്ടമ്മല്‍ റോഡില്‍ പുലര്‍ച്ചെ മൂന്നു മണിയോടെ ഒരു ഇരുചക്ര വാഹനം കടന്നുപോകുന്നത് പ്രദേശത്തെ ഒരു വീടിന്റെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച മൂന്ന് യുവാക്കളെ ചുറ്റിപ്പറ്റിയാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം. ഇവരില്‍ ഒരാളുടെ കൈവശം ഒരു ബാഗുള്ളതായും ക്യാമറയിലെ ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്.

കവര്‍ച്ച നടന്ന വീടിന്റെ അടുക്കള ഭാഗത്ത് പാന്‍മസാലയുടെ ഒഴിഞ്ഞ പാക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ കിടപ്പുമുറിക്ക് സമീപം പാന്‍മസാല മുറുക്കി തുപ്പിയതിന്റെ അവശിഷ്ടവുമുണ്ട്. കവര്‍ച്ചക്ക് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പങ്കാളിത്തത്തിലേക്ക് ഇവ വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ ബോധപൂര്‍വ്വം കബളിപ്പിക്കാനുള്ള തന്ത്രമാണോ എന്ന പരിശോധനയും പോലീസ് നടത്തുന്നുണ്ട്. കവര്‍ച്ച നടന്ന പോളീ-ഇട്ടമ്മല്‍ റോഡില്‍ നാളുകളായി തെരുവ് വിളക്കുകള്‍ കത്താറില്ല. ഇത് കവര്‍ച്ചക്കാര്‍ക്ക് ഗുണം ചെയ്യുകയും ചെയ്തു.

അതേസമയം കുടുംബത്തിന്റെ ഓരോ ചലനങ്ങളും കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. പള്ളിക്ക് തൊട്ടടുത്താണ് കവര്‍ച്ച നടന്ന വീട്. രണ്ടു ദിവസം മുമ്പ്് സലീമിന്റെ മാതാവ് നഫീസത്ത് തൈക്കടപ്പുറത്തുള്ള തന്റെ മകളുടെ വസതിയിലേക്ക് പോയിരുന്നു. സലീമിന്റെ ഭാര്യാപിതാവ് ആറങ്ങാടി സ്വദേശി കെ എം മുഹമ്മദും കുടുംബവും ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്നതിനാല്‍ സലീമിന്റെ ഭാര്യ സുല്‍ഫാന സ്വന്തം വസതിയിലേക്കും പോയി. ശനിയാഴ്ച രാത്രി 11 മണി വരെ സലീം തനിച്ച് വീട്ടിലുണ്ടായിരുന്നു. 11 മണിക്ക് ശേഷം വീട് അടച്ചുപൂട്ടി സലീം ഭാര്യവീട്ടിലേക്ക് പോയി. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

വീടിന്റെ പിന്നില്‍ അടുക്കളക്ക് സമാന്തരമായി പ്രത്യേകം നിര്‍മ്മിച്ച വിറകുപുര കുത്തിപ്പൊളിച്ച് അതിനകത്തുണ്ടായിരുന്ന തേങ്ങ പൊതിക്കുന്ന ഇരുമ്ബ് പാര ഉപയോഗിച്ചാണ് വീടിന്റെ അടുക്കള ഗ്രില്‍സും കിടപ്പുമുറിയുടെ വാതിലുകളും സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ഗോദ്‌റേജ് ഷെല്‍ഫും കവര്‍ച്ചക്കാരന്‍ തകര്‍ത്തത്. വിറകുപുരക്കകത്ത് ഇരുമ്പ്പാരയുണ്ടെന്ന കാര്യവും കവര്‍ച്ചക്കാരന്‍ നേരത്തേ തന്നെ മനസിലാക്കി വെച്ചിരുന്നു. അടുക്കളയുടെയും കിടപ്പുമുറിയുടെയും രണ്ടാംനിലയിലെ മറ്റു മുറികളുടെയും വാതിലുകള്‍ ഭദ്രമായി അടച്ചുപൂട്ടി തന്നെയായിരുന്നു സലീം ഭാര്യവീട്ടിലേക്ക് പോയത്. എന്നാല്‍ ഈ വാതിലുകളൊക്കെയും കവര്‍ച്ചക്കാര്‍ തകര്‍ത്തു.

Read Also : പട്ടാപ്പകല്‍ വന്‍ കവര്‍ച്ച : കവര്‍ച്ച ചെയ്യപ്പെട്ടത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന രാജകിരീടങ്ങള്‍

ഗോദ്‌റേജ് ഷെല്‍ഫിലായിരുന്നു സലീമിന്റെ ഭാര്യ സുല്‍ഫാനയുടെയും മാതാവ് നഫീസത്തിന്റെയും സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. രണ്ടുമാസം മുമ്ബ് വിവാഹിതയായ സുല്‍ഫാനയുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കം ചെയ്ത നഗരത്തിലെ പ്രമുഖ ജ്വല്ലറിയുടെ കവറുകള്‍ പൊട്ടിച്ച് ആഭരണങ്ങള്‍ മുഴുവന്‍ കവര്‍ന്നു. മറ്റൊരു അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുടെ കൂട്ടത്തില്‍ നിന്ന് മുക്കുപണ്ടങ്ങള്‍ കിടക്കയിലേക്ക് വലിച്ചെറിയുകയും ചെയ്തു. അതുകൊണ്ടു തന്നെ സ്വര്‍ണവും മുക്കും പരിശോധിക്കാന്‍ കവര്‍ച്ചക്കാര്‍ക്ക് കൃത്യമായ സമയം ലഭിച്ചുവെന്ന് വേണം കരുതാന്‍. ഞായറാഴ്ച പകല്‍ കവര്‍ച്ച നടന്നിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button