തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് തുടരുന്നതിനാല്‍ ചെറുതോണി അണക്കെട്ടിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ 100 ഘന അടി വെള്ളം തുറന്നുവിടുമെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അതിജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. നിലവില്‍ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്.
ഇതിലൂടെ സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് പോകുന്നുണ്ടെങ്കിലും ജലനിരപ്പില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറക്കുന്നത്. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തേ, വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്ക് തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടരാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് 12.30ഓടെ ട്രയല്‍ റണ്‍ ആരംഭിച്ചത്. നിലവിലെ കണക്ക് അനുസരിച്ച് 2400.40 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. പരമാവധി സംഭരണ പരിധിയിലെത്താന്‍ മൂന്ന് അടി മാത്രമേ ഇനി ബാക്കിയുള്ളൂ.
Post Your Comments