Latest NewsKerala

ഇതുവരെ തുറന്നത് 22 ഡാമുകള്‍:സൈന്യത്തിന്‍റെ സഹായം തേടി സര്‍ക്കാര്‍ : മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു

അടിയന്തര യോഗത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍റെ സഹായം തേടാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം: സമീപകാലത്തൊന്നും നേരിടാത്തവിധം ശക്തമായ പ്രകൃതിദുരന്തത്തിനാണ് ഇപ്പോള്‍ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ മിക്ക ഡാമുകളും ഇപ്പോള്‍ തുറന്നിരിക്കുകയാണ്.22 ഡാമുകള്‍ ഒരുമിച്ചു തുറക്കേണ്ട അവസ്ഥ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടര്‍ തുറക്കുന്നത് കൂടാതെ കക്കി ഡാമും ഉടനെ തുറക്കേണ്ട അവസ്ഥയാണെന്നും മറ്റു പല ഡാമുകളിലും റിസര്‍വോയര്‍ അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ സൈന്യത്തിന്‍റെ സഹായം തേടി . ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഒഴിപ്പിക്കും. ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ നെഹ്റു ട്രോഫി വളളം കളി മാറ്റിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 20 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ വെളളപ്പൊക്കവും ഉരുള്‍പൊട്ടലും രൂക്ഷമാവുകയും ഡാമുകള്‍ പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും ചെയ്ത സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍റെ സഹായം തേടാന്‍ തീരുമാനിച്ചത്.

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് യൂണിറ്റുകള്‍ കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലെത്തി. ആറു സംഘങ്ങളെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്ത നിവാരണ ഉപകരണങ്ങള്‍ ബാംഗ്ളൂരില്‍ നിന്ന് വ്യോമമാര്‍ഗ്ഗം എത്തിക്കും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. നിലവിലെ ജലനിരപ്പ് 2,398.50 ആണ്. ജലനിരപ്പ് 2,397 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് മഴ കുറയുകയും ജലനിരപ്പ് ചെറിയതോതില്‍ താഴുകയും ചെയ്തതോടെ ട്രയല്‍ റണ്ണിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വീണ്ടും കനത്തമഴയില്‍ സംസ്ഥാനം മുങ്ങി. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി മഴ ശക്തമായി തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും നിരീക്ഷണത്തിനുമായി അ‍ഡി.സെക്രട്ടറി പി.എച്ച്.കുര്യന്‍ നേത്യത്വത്തില്‍ പ്രത്യേക സമിതി പ്രവര്‍ത്തിക്കും. ജില്ലകളില്‍ കളക്ടര്‍മാര്‍ രക്ഷാപ്രവര്‍ത്തനം എകോപിപ്പിക്കും. കക്കി ഡാം തുറന്നാല്‍ ആലപ്പുഴയിലും കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ നെഹ്റു ട്രോഫി വെള്ളം കളി മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇടുക്കി അണക്കെട്ടിലെ ഷട്ടര്‍ തുറന്നതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിന് സമീപം ജലനിരപ്പുയര്‍ന്നു. ഇതോടെ ലാന്‍ഡിംഗ് നിര്‍ത്തിവെച്ചിരിക്കയാണ്. എന്നാല്‍ വിമാനം പുറപ്പെടുന്നതിന് തടസമുണ്ടാവില്ലെന്നാണ് വിവരം. കര്‍ക്കിട വാവുബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. റവന്യൂ ഓഫീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു തന്നെ ഇരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button