KeralaLatest News

സങ്കുചിതതാത്പര്യങ്ങൾക്കെതിരെ മാനവിക പ്രതിരോധത്തിന് ചലച്ചിത്രപ്രവർത്തകർക്ക് കഴിയണം : മുഖ്യമന്ത്രി

വർഗീയത നിർവീര്യമാക്കാൻ കലാ, സിനിമാപ്രവർത്തകർക്ക് വലിയ പങ്കുണ്ട്

തിരുവനന്തപുരം : സങ്കുചിത മത, വർഗീയ താത്പര്യങ്ങൾക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാൻ ചലച്ചിത്ര പ്രതിഭകൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 48 ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയത നിർവീര്യമാക്കാൻ കലാ, സിനിമാപ്രവർത്തകർക്ക് വലിയ പങ്കുണ്ട്. ഏതു കലാകാരനും നിർഭയം കലാപ്രവർത്തനം നടത്താവുന്ന നാട് എന്ന പേര് നമുക്ക് നിലനിർത്താനാകണം. മാറിയ കാലത്തിന്റെ മൂല്യത്തിനനുസരിച്ച് മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നത് നല്ല പ്രവണതയാണ്. ഇത്തരം കലാകാരൻമാരിലാണ് സമൂഹത്തിന്റെ പ്രതീക്ഷ. ഇവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കാൻ സമൂഹത്തിന്റെ ജാഗ്രതാപൂർണമായ ഇടപെടൽ വേണം. ചലച്ചിത്രരംഗത്തിന്റെ പുരോഗമനസ്വഭാവത്തിനുള്ള അംഗീകാരമാണ് ഇത്തവണത്തെ അവാർഡുകൾ. ഉന്നത മാനവമൂല്യം പുലർത്തുന്ന സൃഷ്ടികൾ അംഗീകാരം കിട്ടിയവയിൽ ഏറെയുണ്ട്. തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവർ മികച്ച പ്രതിഭകളാണെന്ന് ഊന്നിപ്പറയുന്ന അവാർഡുകളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെ.സി. ഡാനിയൽ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള അവാർഡ് ലഭിച്ച ഇന്ദ്രൻസ്, നടിക്കുള്ള അവാർഡ് ലഭിച്ച പാർവതി, സംവിധായകനുള്ള അവാർഡ് ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും മറ്റു വിഭാഗങ്ങളിൽ അവാർഡ് ലഭിച്ചവരും മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

ബഹുജനപങ്കാളിത്തത്തോടെ വിപുലമായാണ് ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്നും അവാർഡുകളുടെ വിശ്വാസ്യത വീണ്ടെടുക്കാനായതായും അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. സഹപ്രവർത്തകർ ആദരിക്കപ്പെടുന്നത് കാണുന്നത് അഭിമാനവും അവകാശവും കടമയുമാണെന്നും സിനിമാമേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ സർക്കാർ കൈക്കൊള്ളുന്ന നടപടികൾ സ്വാഗതാർഹമാണെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മോഹൻലാൽ പറഞ്ഞു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, എ. കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി.കെ. പ്രശാന്ത്, കെ. മുരളീധരൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, ബീനാപോൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്.

Also read : സഹപ്രവർത്തകർക്ക് ഇടയിലേക്ക് വരാൻ തനിക്ക് ആരുടെയും അനുവാദം വേണ്ട; വിമർശകരുടെ വായ അടപ്പിച് മോഹൻലാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button