Festivals

വെറും ആഘോഷം മാത്രമല്ല അനുസ്മരണവും കൂടിയാണ് സ്വാതന്ത്ര്യദിനം

പലരും കണ്ട സ്വപ്‌നമാണ് ഇന്ന് നാം അനുഭവിക്കുന്നത്.

വെറും ആഘോഷം മാത്രമല്ല അനുസ്മരണവും കൂടിയാണ് സ്വാതന്ത്ര്യദിനം. അനേകം പോരാളികള്‍ സ്വന്തം ജീവന്‍ നല്‍കിയും കഷ്ടതകള്‍ അനുഭവിച്ചും നേടിയെടുത്ത ഈ സ്വാതന്ത്ര്യത്തെ പലപ്പോഴും നമ്മള്‍ വെറും ആഷോഷത്തില്‍ മാത്രം ഒതുക്കുകയാണ് ചെയ്യുന്നത്. പലരും കണ്ട സ്വപ്‌നമാണ് ഇന്ന് നാം അനുഭവിക്കുന്നത്. ഒരുപക്ഷേ നമ്മള്‍ ആരും ആ സാഹചര്യങ്ങളിലൂടെ കടന്നുപോകാത്തതിനാല്‍ ആ ഒരു വികാരം മനസിലാക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല എന്നതാണ് സത്യാവസ്ഥ.

അടിമത്വത്തില്‍ നിന്നും, അരക്ഷിതാവസ്ഥയില്‍ നിന്നും, നീതി നിഷേധത്തില്‍ നിന്നും വര്‍ഷങ്ങള്‍ നീണ്ട സഹന സമരത്തിലൂടെയും ത്യാഗത്തിലൂടെയും നാം മോചനം നേടിയിട്ട് ഏഴു പതിറ്റാണ്ടിലേക്ക് അടുക്കുന്നു. ഓരോ സ്വാതന്ത്ര്യദിനവും ചെങ്കോട്ട പ്രസംഗങ്ങളിലും, ത്രിവര്‍ണ്ണ പതാക ഉയര്‍ത്തലിലും, മധുര വിതരണത്തിലും, നവമാധ്യമ യുഗത്തിലെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നതിലും മാത്രമായി നാം ചുരുങ്ങി പോകുന്നുണ്ടോ? ആഘോഷങ്ങളെക്കാള്‍ അനുസ്മരണത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.

അഹിംസയിലൂന്നി, സഹന സമരത്തിലൂടെ സ്വാതന്ത്രസമരത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജി പോലും ഒരു വേള സ്മരിക്കപ്പെടുന്നുണ്ടോ എന്നത് നമ്മുടെ മുന്നിലുള്ള ചോദ്യമാണ്. വിപ്ലവ ചിന്തയിലൂടെ ബ്രിട്ടീഷ് ഭരണത്തിന്റെ പേടിസ്വപ്നമായ ഭഗത് സിംഗ് മതാടിസ്ഥാനത്തില്‍ ഘടിപ്പിച്ചു ഭരിക്കാന്‍ ശ്രമിച്ച വെള്ളകാര്‍ക്ക് മുന്നില്‍, രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നപ്രവാചക വചനം ഉത്‌ബോധിപ്പിച്ച് സ്വസമുദായത്തെ സമര രംഗത്തേക്ക് കൊണ്ടുവന്ന അബുല്‍ കലാം ആസാദ് സ്വാതന്ത്ര്യം തോക്കിന്‍ കുഴലിലൂടെ എന്ന തീക്ഷ്ണ ചിന്ത യുവാക്കളില്‍ ആവാഹിച്ച്, സമരത്തിന്റെ ഒരു ഭാഗം കൈകാര്യം ചെയ്ത സുഭാഷ് ചന്ദ്ര ബോസ്തുടങ്ങി എണ്ണമറ്റ നേതാക്കളെയും ലക്ഷക്കണക്കിന് ധീര രക്തസാക്ഷിത്വം വഹിച്ച ദേശസ്‌നേഹികളെയും നാം സ്മരിക്കുന്നുണ്ടോ ?

അനുസ്മരണവും ആഘോഷവും വേര്‍തിരിക്കണം, എങ്കില്‍ മാത്രമേ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അതിന്റെ സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ അടങ്ങാത്ത ത്വര എത്രമാത്രമുണ്ടായിരുന്നു എന്ന് മനസ്സിലാക്കണം. ബ്രിട്ടീഷുകാരുടെ തോക്കുകള്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ചും മനുഷ്യതം നഷ്ടടപ്പെട്ട വെള്ളക്കാരന്റെ ബൂട്ടുകള്‍ക്ക് കീഴെ ചതഞ്ഞരഞ്ഞും രക്തസാക്ഷികള്‍ ആയവര്‍, ചരിത്രത്തില്‍ പോലും ഒരുപക്ഷെ ഇടം കിട്ടാതെ പോയ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ എന്തായിരുന്നു ചിന്ത? മുന്നിലുള്ള ഓരോ നിമിഷവും മരണം വരിക്കുമെന്നറിഞ്ഞിട്ടും വരും തലമുറയുടെ ഭാവിയെ ഓര്‍ത്ത്, വെള്ളക്കാരുടെ കയ്യില്‍ നിന്നും ഒരിക്കല്‍ എന്റെ രാജ്യം സ്വാതന്ത്ര്യം നേടും എന്ന് സ്വപ്നം കണ്ടവര്‍.

അവരുടെ സ്വപ്നമാണ് ഇന്ന് നാം ആഘോഷമായി കൊണ്ടാടുന്നത്. അപ്പോള്‍ തന്നെ ആ സ്വാതന്ത്ര്യം നമ്മളില്‍ എന്ത് മാറ്റം വരുത്തി എന്നുകൂടി ചിന്തിക്കേണ്ടത് അവശ്യവുമാണ്. സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാകണമെങ്കില്‍ അത് നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകണം. 1975-77ലെ അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ജനത കുറച്ചൊക്കെ അത് മനസ്സിലാക്കിയിരുന്നു. അതിന്റെ അലയൊലികള്‍ ഇന്നും നിലനില്‍ക്കുണ്ടെങ്കില്‍ പോലും ഏകദേശം മറവിയുടെ ഇരുളിലേക്ക് ഇന്ത്യയിലെ ഭൂരിഭക്ഷം ജനങ്ങളും എത്തപ്പെട്ടിരിക്കുന്നു. ബോധപൂര്‍വ്വമോ അല്ലാതയോ നമ്മള്‍ ചരിത്രത്തെ വിസ്മരിക്കുന്നു, അല്ലെങ്കില്‍ വിസ്മരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button