അടിമാലി/ തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നാലംഗ കുടുബത്തെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി അറസ്റ്റില്‍. അടിമാലി കൊരങ്ങാട്ടി വനവാസി കോളനിയിലെ അനീഷിനെയാണ് കഴിഞ്ഞ രാത്രി നാട്ടുകാരുടെ സഹായത്തോടെ പോലീസ് നേര്യമംഗലത്ത് നിന്ന് പിടികൂടിയത്. അനീഷിനെപ്പറ്റി പോലീസ് പുറത്തു വിടുന്ന വിവരങ്ങൾ ഇവയാണ്. മലദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പിതാവ് ചുടുരക്തം കൊണ്ട് ഗുരുതി നടത്തുന്നത് കണ്ട് വളര്‍ന്ന ബാല്യം. അത്ഭുതസിദ്ധികളേക്കുറിച്ചുള്ള കഥകള്‍ ഹരം പകര്‍ന്ന കൗമാരം.
അതീന്ദ്രീയ ശക്തികള്‍ സ്വന്തമാക്കാന്‍ നഗ്‌നനായി വനത്തില്‍ തപസ്സനുഷ്ഠിച്ച യൗവ്വനം. കൊല്ലപ്പെട്ട ദുര്‍മന്ത്രവാദി കൃഷ്ണനോടൊപ്പം ചേര്‍ന്ന് പൂജാകര്‍മ്മങ്ങള്‍ പഠിച്ചതോടെ ഇഷ്ടദൈവങ്ങളോടുള്ള അടുപ്പംകൂടി. പരീക്ഷണം വീട്ടിലും പണിക്ക് പോകുന്ന വീടുകളിലും നടത്തി. അനീഷ് ആഗ്രഹിച്ചത് ചുരുങ്ങിയ കാലം കൊണ്ട് കോടി പതിയാവാന്‍. ഇതിനായി ഗുരുവായ കൃഷ്ണനെ കൊലപ്പെടുത്തി വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങള്‍ കൈക്കലാക്കാനാണ് കൂട്ടക്കൊല പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയത്. അനീഷ് മൂന്നു വര്‍ഷം മുന്‍പ് മന്ത്രവാദം പഠിക്കാന്‍ കൃഷ്ണനെ സമീപിച്ചിരുന്നു.
പിന്നീട് ചില വിഷയങ്ങളുടെ പേരില്‍ അനീഷും കൃഷ്ണനും അകന്നു. സ്വയം ചെയ്ത മന്ത്രവാദങ്ങള്‍ പരാജയപ്പെട്ടതിനു പിന്നില്‍ കൃഷ്ണന്റെ പൂജകളുടെ ശക്തിയാണെന്ന് അനീഷ് വിശ്വസിച്ചു. തുടര്‍ന്നാണ് കൃഷ്ണനെ കൊലപ്പെടുത്താന്‍ അനീഷ് പദ്ധതി തയാറാക്കിയത്.. ആദിവാസികളിലെ ഉള്ളാടര്‍ വിഭാഗത്തില്‍പ്പെട്ട അനീഷ് അടിമാലി കൊരങ്ങാട്ടി നൂറാംകര കോളനിയിലാണ് താമസിച്ചുവന്നിരുന്നത്.
പത്താംക്ലാസ്സില്‍ തോറ്റപ്പോള്‍ പഠിത്തം നിര്‍ത്തിയ അനീഷ് പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് അത്ഭുത സിദ്ധികള്‍ സ്വന്തമാക്കാനായിരുന്നെന്നാണ് കോളനിക്കാരില്‍ ഒരു വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍. കോളനിവാസികള്‍ക്കിടയില്‍ മഹര്‍ഷി എന്നറിയപ്പെട്ടിരുന്ന പിതാവ് കുട്ടി വീട്ടില്‍ വച്ചാരാധന നടത്തുന്ന ആളായിരുന്നു.പ്രത്യേക ദിവസങ്ങളില്‍ പിതാവ് മലദൈവങ്ങളുടെ പ്രീതിക്കായി വീട്ടില്‍ പൂജകള്‍ നടത്തുന്നത് അനീഷ് ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു.
പൂജയ്ക്കൊടുവില്‍ കോഴിയെയും ആടിനെയും മറ്റും അറുത്ത് മൂര്‍ത്തികളെ ആവാഹിച്ചിട്ടുള്ള ശിലകളില്‍ കൂട്ടി രക്തമൊഴുക്കുന്നത് അനീഷ് പലവട്ടം കണ്ടുനിന്നിട്ടുണ്ട്. കൂട്ടി വീട്ടില്‍ പൂജകര്‍മ്മങ്ങള്‍ നടത്താറുണ്ടെങ്കിലും ഇതിനായി പുറത്തുപോയതായി നാട്ടുകാര്‍ക്ക് വിവരമില്ല. സുഹൃത്തായ ലിബീഷ് വഴി കൃഷ്ണനുമായി അടുക്കുകയും താമസിയാതെ ഇയാള്‍ കൃഷ്ണന്റെ ശിഷ്യനായി മാറിയെന്നുമാണ് നാട്ടുകാരുടെ അനുമാനം. വീട്ടില്‍ നിന്നും യമഹ ആര്‍ എക്സ് 100 ബൈക്കുമായി ഇറങ്ങുന്ന അനീഷ് കമ്പകക്കാനത്തെത്തി കൃഷ്ണനെ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കുകയും പൂജകളില്‍ പരികര്‍മ്മിയായി പങ്കെടുക്കുകയും ചെയ്തിരുന്നു.
നാല് വര്‍ഷത്തോളം ഇരുവരും സൗഹൃദത്തിലായിരുന്നെന്നും സ്വന്തം നിലയില്‍ ചെയ്യുന്ന പൂജകള്‍ക്ക് ഫലസിദ്ധി ലഭിക്കുന്നില്ലന്ന് കണ്ട അനീഷ് ജോത്സ്യന്മാരെക്കണ്ട് കാരണം തിരക്കിയെന്നും കൃഷ്ണനാണ് ഇതിന് കാരണം എന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ ശത്രുക്കളായി എന്നുമാണ് പൊലീസ് ഭാഷ്യം. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണ്. അനീഷിനെ കഴിഞ്ഞ രാത്രി നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് നേര്യമംഗലത്ത് നിന്ന് പിടികൂടിയത്. ശുചിമുറിയില്‍ ഒളിച്ച് കഴിയവെയാണ് അറസ്റ്റ്. ഓട്ടോയിലായിരുന്നു ഇയാള്‍ നേര്യമംഗലത്തെത്തിയത്.
പ്രദേശത്ത് ചക്കക്കച്ചവടം നടത്തുന്ന ആളിന്റെ വീട് അന്വേഷിച്ചാണ് അനീഷ് എത്തിയത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം സുഹൃത്തുക്കളില്‍ ചിലരെ അറിയിക്കുകയും തുടര്‍ന്ന് അനീഷ് അന്വേഷിച്ച ആളുടെ വീട്ടിലെത്തുകയുമായിരുന്നു. വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ആളനക്കവും ഉണ്ടായിരുന്നില്ല. വന്നയാള്‍ തിരിച്ചുപോയിട്ടുണ്ടാവാന്‍ സാദ്ധ്യതയില്ലന്ന നിഗമനത്തില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മുറ്റത്തെ ശുചിമുറിയില്‍ ഒളിച്ചിരുന്ന അനീഷിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കാളിയാര്‍ സിഐ യൂനസിന് വിവരം കൈമാറുകയും പൊലീസ് സംഘമെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
Post Your Comments