റാഫേൽ യുദ്ധവിമാനങ്ങളുടെ വില സംബന്ധിച്ച വിവാദമാണ് ആദ്യം കോൺഗ്രസ് ഉയർത്തിയത്. ലോകത്തില്ലാത്ത വില കൊടുത്താണ് ഇന്ത്യ ഇപ്പോൾ ആ വിമാനങ്ങൾ വാങ്ങിയത് എന്നും അതുകൊണ്ടുതന്നെ വൻ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നുമായിരുന്നു വാദഗതി. തങ്ങളുടെ ഭരണകാലത്ത് ഫ്രഞ്ച് വിമാനനിർമ്മാണ കമ്പനി നൽകിയ ഓഫറുകൾ ഇന്നത്തേതിനേക്കാൾ മികച്ചതായിരുന്നു എന്നും അവർ പറഞ്ഞുനടന്നിരുന്നു. മോഡി സർക്കാർ എന്തോ വലിയ പാതകം ചെയ്തു എന്ന് വരുത്തിത്തീർക്കുക എന്നതാണ് അന്ന് കോൺഗ്രസ് ലക്ഷ്യമിട്ടത്. ഇവിടെ ഓർക്കേണ്ടത്, ഈ വിവാദം പൊട്ടിപ്പുറപ്പെട്ട സമയമാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്താണ് അത്. ഏതാണ്ട് ആ വേളയിലാണ് കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത്; അദ്ദേഹം മോഡിക്കെതിരെ ഉയർത്തിയ കൊടുങ്കാറ്റ് ആണിത് എന്നതായിരുന്നു കോൺഗ്രസിന്റെ അന്നത്തെ വാദഗതി. നരേന്ദ്ര മോഡി ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തി എന്ന് പറയാൻ പറ്റിയ ഏറ്റവും നല്ല അവസരം ഗുജറാത്ത് തിരഞ്ഞെടുപ്പാണല്ലോ. പക്ഷെ ഗുജറാത്ത് ജനത ഈ കള്ളപ്രചാരണങ്ങളെ നിഷ്ക്കരുണം നിരാകരിച്ചു; രാജ്യം അതാണ് കണ്ടത്.
ഇവിടെ കേന്ദ്ര സർക്കാരിന് ഒരു വിഷമമുണ്ടായിരുന്നു. ഈ വിമാനഇടപാട് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിടരുത് എന്ന ഇൻഡോ- ഫ്രഞ്ച് കരാറായിരുന്നു തടസം. ആ ധാരണാപത്രം ഒപ്പുവെച്ചത് മോദിയോ ബിജെപി സർക്കാരോ അല്ല മറിച്ച് 2008 ജനുവരിയിൽ അന്നത്തെ പ്രതിരോധ മന്ത്രി എകെ ആന്റണിയാണ്. അത് ഞാൻ നേരത്തെ സൂചിപ്പിച്ചതാണ്. യുദ്ധ വിമാനത്തിന്റെ സാങ്കേതിക മികവ്, പ്രത്യേകതകൾ, വില തുടങ്ങിയവ ഒരു കാരണവശാലും പുറത്തുവിടരുത് എന്നുള്ള കരാറാണത്. അത്തരത്തിലൊന്ന് അന്ന് യുപിഎ ഒപ്പിട്ടത് വില കൂട്ടിവെച്ച് വിമാനം വാങ്ങാനും അതിന്റെ വിശദാംശങ്ങൾ പുറത്തറിയാതിരിക്കാനുമാണ് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ……?. അങ്ങിനെയും വേണമെങ്കിൽ സംശയിക്കാവുന്നതാണ്. എന്നാൽ അതല്ല പ്രശ്നം. ഇത്തരമൊരു കരാറില്ല എന്നും ബിജെപിക്കാർ കുപ്രചരണം നടത്തുകയാണ് എന്നുമാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. കോൺഗ്രസിന്റെ ഒരു പൊതുസമ്മേളനത്തിൽ അവർ ഇതൊക്കെ പറയട്ടെ; എന്നാൽ അത് പാർലമെന്റിൽ ആവർത്തിച്ചാലോ ?. ഇക്കഴിഞ്ഞ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ രാഹുൽ അതാണ് ഉന്നയിച്ചത്. അപ്പോൾ സഭയിൽ ഹാജരുണ്ടായിരുന്ന പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ അത് നിഷേധിച്ചു. മാത്രമല്ല എകെ ആന്റണി ഒപ്പിട്ട കരാറിന്റെ കോപ്പി അവർ സഭയുടെ മേശപ്പുറത്ത് വെക്കുകയും ചെയ്തു. അതോടെയാണ് കോൺഗ്രസ് പ്രതിരോധത്തിലായത്. അല്ല അവരുടെ കള്ളത്തരം വെളിച്ചത്തായത്.
ഫ്രാൻസിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയും അന്ന് രാഹുലിൽ നിന്നുണ്ടായി. ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചപ്പോൾ താൻ ചെന്ന് കണ്ടിരുന്നുവെന്നും യുദ്ധ വിമാനത്തിന്റെ വിലയും വിശദാംശങ്ങളും പുറത്തുവിടരുത് എന്നൊരു ധാരണ ഇല്ലെന്ന് അദ്ദേഹം തന്നോട് പറഞ്ഞുവെന്നുമാണ് രാഹുൽ പ്രസ്താവിച്ചത്. മാത്രമല്ല അത് ഓർമ്മിപ്പിച്ചുകൊണ്ടാണ് തങ്ങൾക്ക് വിമാനം നൽകാമെന്ന് കമ്പനി സമ്മതിച്ചതിലും കൂടുതൽ തുകയ്ക്കാണ് മോഡി അതിനുള്ള ധാരണയുണ്ടാക്കിയത് എന്ന് പ്രസ്താവിച്ചത്. ആ സമയത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ആനന്ദ് ശർമ്മ എന്നിവർ തന്നോടൊപ്പമുണ്ടായിരുന്നു എന്നും കോൺഗ്രസ് അധ്യക്ഷൻ പ്രസ്താവിച്ചത് രാജ്യം കേട്ടതാണല്ലോ. ഫ്രഞ്ച് പ്രസിഡന്റ് ഇവിടെ വന്നപ്പോൾ കോൺഗ്രസ് സംഘം കണ്ടിരുന്നു എന്നത് ശരിയാണ്. സ്വകാര്യകൂടിക്കാഴ്ചയായിരുന്നു അത്. എന്നാൽ ആ വേളയിൽ ഇത്തരത്തിൽ ആ രാഷ്ട്രത്തലവൻ പറയുമെന്ന് കരുതാൻ വയ്യ. രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ അല്ലല്ലോ ഫ്രഞ്ച് ജനതയുടെ ഭരണത്തലവൻ. പാർലമെന്റിലെ രാഹുലിന്റെ ഈ പ്രസ്താവന ഫ്രഞ്ച് സർക്കാരിന്, അവിടത്തെ രാഷ്ട്രപതിക്ക്, വലിയ വിഷമമായി. കോൺഗ്രസുകാർക്ക് തന്നെ വന്നു കാണാൻ അനുവദിച്ചതിന്റെ പേരിലുണ്ടായ തലവേദനയാണിത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുമുണ്ടാവണം. അന്ന് ഇന്ത്യൻ പാർലമെന്റ് പിരിയുന്നതിന് മുൻപേ ഫ്രഞ്ച് സർക്കാർ തിരുത്തലുമായി രംഗത്ത് വന്നു; ഡൽഹിയിൽ ഫ്രഞ്ച് എംബസി അത് പുറത്തുവിടുകയും ചെയ്തു. വില, സാങ്കേതിക വിദ്യ തുടങ്ങിയവയടക്കമുള്ള വിവരങ്ങൾ പുറത്തുപറയരുത് എന്നുള്ള കരാറുണ്ട് എന്ന് അവർ അതിൽ സൂചിപ്പിച്ചു; മാത്രമല്ല ഈ കരാർ എകെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഒപ്പുവെച്ചത് എന്നും ഫ്രാൻസ് വ്യക്തമാക്കി. രാഹുൽ അസംബന്ധമാണ് പറയുന്നത് എന്നതാണ് ആ വാക്കുകളിൽ നിഴലിച്ചത്. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനേയും ഈ വിധത്തിൽ തള്ളിപ്പറയേണ്ടുന്ന, അല്ലെങ്കിൽ തിരുത്തേണ്ടുന്ന, അവസ്ഥ ഒരു വിദേശരാജ്യത്തിന് ഇതിനു മുന്പുണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല.
ആദ്യഭാഗം ഇവിടെ വായിക്കാം
ഗുജറാത്ത് തിരഞ്ഞെടുപ്പ് മുതൽ രാഹുലും കൂട്ടരും നടത്തിവന്ന കുപ്രചാരണമാണ് ഇതോടെ പൊളിഞ്ഞത് എന്നതും പറയേണ്ടതുണ്ടല്ലോ. പാർലമെന്റിൽ 15 മിനിറ്റ് പ്രസംഗിക്കാൻ തന്നെ അനുവദിച്ചാൽ ‘ഭൂകമ്പം’ ഉണ്ടാവുമെന്ന് രാഹുൽ പറഞ്ഞുനടന്നതും ഈ കള്ളക്കഥകൾ ഉയർത്തിയാണ് എന്നതുമോർക്കുക. ഭൂകമ്പമല്ല ഓലപ്പടക്കമായിരുന്നു അത്; മാത്രമല്ല അതോടെ കോൺഗ്രസുകാർ സ്വയം അപഹാസ്യരാവുകയും ചെയ്തു. ഇതിനിടെയാണ് വില സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരുന്നത്. ചില ഇംഗ്ലീഷ് ചാനലുകളാണ് അത് പുറത്തുവിട്ടത്. യുപിഎ- യുടെ കാലത്ത് ഫ്രഞ്ച് വിമാനനിർമ്മാണ കമ്പനി നൽകിയ വിലവിവരവും ഇപ്പോൾ നരേന്ദ്ര മോഡി സർക്കാർ ഉണ്ടാക്കിയ കരാർ പ്രകാരമുളള വിലയും രാജ്യം അതോടെ അറിഞ്ഞു. നേരത്തെ വിലയിൽ ഒൻപത് ശതമാനം കുറവാണുള്ളത് എന്നത് ഒരിക്കൽ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ അത് മുഖവിലക്കെടുക്കാൻ പ്രതിപക്ഷം തയ്യാറായില്ല. 2017-18ലെത്തുമ്പോൾ, വർഷങ്ങൾക്ക് മുൻപ് യുപിഎ-യുടെ കാലത്തേക്കാൾ, യുദ്ധ വിമാനത്തിന്റെ രൂപത്തിലും കരുത്തിലുമൊക്കെ ഏറെ വ്യത്യസം വന്നിട്ടുണ്ട്. അതനുസരിച്ച് വിലയിലും മാറ്റമുണ്ടാവണമല്ലോ. പക്ഷെ അന്നത്തേക്കാൾ വില വളരെ കുറച്ചുതന്നെയാണ് മോഡി ഈ വിമാനങ്ങൾ സ്വന്തമാക്കിയത്.
ഇനി വിലകൾ നോക്കാം; യുപിഎയുടെ കാലത്തെതും മോഡി യുഗത്തിലേതും. എൻഡിഎ സർക്കാർ ഒരു വിമാനത്തിന് നൽകുന്നത് 1,646 കോടി രൂപയാണ്; യുപിഎ നേരത്തെ സമ്മതിച്ചിരുന്നത് 1,705 കോടി രൂപ കൊടുക്കാനായിരുന്നു. അതായത് ഒരു വിമാനത്തിന്റെ വിലയിൽ വന്ന കുറവ് 59 കോടി രൂപ. അപ്പോൾ 36 വിമാനങ്ങൾ വാങ്ങുമ്പോൾ ഇന്ത്യയുടെ ഖജനാവിന് മോഡി സർക്കാരുണ്ടാക്കിയ ലാഭം…. ഏതാണ്ട് 2,124 കോടി രൂപ. സോണിയ ഗാന്ധിയുടെ കാലത്തായിരുന്നുവെങ്കിൽ ഇതൊക്കെ എന്തിലാണ് കലാശിക്കുമായിരുന്നത്?. ബൊഫോഴ്സ് മുതൽ എന്തൊക്കെ നമ്മുടെ മുന്നിലുണ്ട് എന്നതുമോർക്കുക.
ഇവിടെ ആ കരാറിന്റെ വിശദാംശങ്ങളിലേക്ക് കൂടി പോകേണ്ടതുണ്ട്. ഏതെല്ലാം ആവശ്യങ്ങൾക്കായാണ് ഇത്രയും പണം നൽകുന്നത് എന്നതാണത്. ഒന്നായി പരിശോധിക്കാം. യുപിഎ സർക്കാർ നൽകാമെന്ന് സമ്മതിച്ച തുകയും മോഡി സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കരാർ പ്രകാരമുള്ള തുകയും നോക്കുക.
ഓരോ വിമാനത്തിന്റെയും ശരാശരി വില, ENHANCEMENTS സഹിതം.
UPA: RS. 1,705 CRORES
NDA: RS. 1,646 CRORES
ഓരോ വിമാനത്തിന്റെയും ശരാശരി വില, ENHANCEMENTS ഇല്ലാതെ
UPA: RS. 1627 CRORES
NDA: RS. 1372 CRORES
മൊത്തം വില
UPA: RS. 1,72,185 CRORES
NDA: RS. 59,262 CRORES
ഒരു യുദ്ധവിമാനത്തിന്റെ ശരാശരി വില
UPA: RS. 911 CRORES
NDA: RS. 688 CRORES
വിമാനങ്ങളുടെ മൊത്തം വില
UPA: RS. 110772 CRORES
NDA: RS. 24785 CRORES
ആയുധങ്ങൾ + SUPPORT EQUIPMENT
UPA: RS. 15823 CRORES
NDA: RS. 8955 CRORES
ഇന്ത്യക്ക് പ്രത്യേകമായി ആവശ്യമുള്ള ENHANCEMENTS
UPA: RS. 9855 CRORES
NDA: RS. 9855 CRORES
പരിശീലനം, സാങ്കേതിക സഹായം
UPA: RS. 14027 CRORES
NDA: RS. 5897 CRORES
അടിസ്ഥാന വികസനം
UPA: RS. 17884 CRORES
NDA: NIL; Rs. zero
ഇവിടെ നാം കാണേണ്ടതായ മറ്റൊരു കാര്യമുണ്ട്. യുപിഎ സർക്കാരിന്റെ കാലത്തുനിന്ന് കുറെയേറെ വർഷങ്ങൾ കഴിഞ്ഞാണ് മോഡി സർക്കാർ ഈ ധാരണയുണ്ടാക്കുന്നത് എന്നതാണ്. നിർമ്മാണ ചിലവിൽ കാര്യമായ വർധന ഉണ്ടാവുന്നുണ്ട് എന്നത് സ്വാഭാവികം. എന്നിട്ടും ഇത്രക്ക് വിലകുറച്ച് വിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞു എന്നത് എന്താണ് കാണിക്കുന്നത്. യുപിഎ-യുടെ കാലത്ത് മറ്റെന്തൊക്കെയോ കണക്ക് കൂട്ടിയിരുന്നു എന്നതാണോ…..?. അറിയില്ല. ബൊഫോഴ്സ് മുതൽ അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാട് വരെയുള്ളത് സൃഷ്ടിച്ച ഒരു ചരിത്രമുണ്ടല്ലോ നമുക്ക്. അതിലൊക്കെ കോൺഗ്രസ് സർക്കാർ, കോൺഗ്രസുമായി ബന്ധപ്പെട്ട കുടുംബം, ബന്ധുക്കൾ തുടങ്ങിയവർ സ്വീകരിച്ചിരുന്ന ദുരൂഹമായ നിലപാടുകളും മറക്കാവതല്ല. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാൻ ഇപ്പോൾ കഴിയില്ല. അതെ സമ്പ്രദായത്തിലാണ് കോൺഗ്രസുകാരുടെ കാലഘട്ടത്തിൽ ഈ യുദ്ധവിമാന ഇടപാടും പോയത് എന്ന് കരുതണോ ?.
വളരെ നേരത്തെ തന്നെ ആയുധ ഇടപാടുകളുടെ വിശദാംശങ്ങൾ പുറത്തുവിടരുത് എന്ന് ഒരു കരാറുണ്ടാക്കാൻ യുപിഎ തയ്യാറായത് എന്ത് കണ്ടുകൊണ്ടാണ് . യഥാർഥ കണക്ക് വെളിച്ചം കാണില്ലെന്ന് ഉറപ്പിച്ചതിന് ശേഷം ഇടപാടുണ്ടാക്കുന്ന പുതിയ രീതി…… ഇവിടെ നാം ഓർക്കേണ്ടത് മോഡി ഓർഡർ കൊടുത്തത് 36 വിമാനങ്ങൾക്കാണ്; എന്നാൽ അതിന്റെ മൂന്നിരട്ടി വാങ്ങാനായിരുന്നു യുപിഎ- യുടെ തീരുമാനം. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾക്ക് തൽക്കാലം 36 ആധുനിക യുദ്ധ വിമാനങ്ങൾ മാത്രം മതി എന്നതല്ലേ മോഡി സർക്കാരിന്റെ തീരുമാനം കാണിക്കുന്നത്. പിന്നെന്തിന് കൂടുതൽ വാങ്ങിക്കൂട്ടാൻ നേരത്തെ ആന്റണിയും കൂട്ടരും ചിന്തിച്ചു?. എത്ര കൂടുന്നുവോ അത്രയും നല്ലത് എന്നതാവുമായിരിക്കും അന്ന് കണക്കാക്കിയത്. എല്ലാം ‘രാജ്യതാല്പര്യ’ത്തിനാണല്ലോ!
വിമാന വില പുറത്തുവന്നപ്പോൾ കോൺഗ്രസുകാരുടെ വായടഞ്ഞു. കൂടുതൽ രൂപ കൊടുത്താണ് മോഡി വിമാനങ്ങൾ വാങ്ങിയത് എന്നും മറ്റുമുള്ള ആക്ഷേപങ്ങൾ, അല്ലെങ്കിൽ അതുവരെ പറഞ്ഞതൊക്കെ, അവർ വിഴുങ്ങി. ഇപ്പോൾ അത് അവർ ഉന്നയിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക. അതിനി പറയാനുമാവില്ലല്ലോ. അപ്പോഴാണ് അവർ അംബാനിയിലേക്ക് തിരിയുന്നത്. അനിൽ അംബാനിയാണ് ഇതിൽ പ്രതി എന്നും റിലയൻസ് – മോഡി ഇടപാടാണ് ഇതെന്നും അതിൽ വലിയ തട്ടിപ്പുണ്ട് എന്നുമൊക്കെ പറയാൻ തുടങ്ങിയത്. അതും കള്ളത്തരമാണ്, ശുദ്ധ നുണയാണ് എന്ന് വ്യക്തമാണ്. മാത്രമല്ല യുപിഎയുടെ കാലത്ത് റിലയൻസിന് ചെയ്തുകൊടുത്ത ‘വലിയ സഹായ’ത്തിന്റെ നാൾവഴികൾ ഒന്ന് പരിശോധിക്കേണ്ടതുമാണ്. എത്രമാത്രം വഞ്ചനാപരമായ നിലപാടാണ് ഇക്കാര്യത്തിൽ നമ്മുടെ പ്രതിപക്ഷം സ്വീകരിച്ചത് എന്നത് ഓർക്കുക. ഇത്രക്ക് ഇന്ത്യൻ പ്രതിപക്ഷം അധഃപതിച്ചത് മുൻപ് കണ്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. അതിലേക്ക് അടുത്തദിവസം വരാം. അതിനൊപ്പം യുദ്ധവിമാനനത്തിന്റെ വിശദാംശങ്ങൾ ആരായുന്നത് ആർക്കുവേണ്ടി എന്ന ചോദ്യവും ഉത്തരം തേടുന്നുണ്ടല്ലോ. ( തുടരും.)
ആദ്യഭാഗം ഇവിടെ വായിക്കാം
Post Your Comments