എറണാകുളം: പെരുമ്പാവൂരിലെ പ്ലൈവുഡ് കച്ചവടത്തിന്‍റെ മറവില്‍ വ്യാജ ബില്ലുണ്ടാക്കി 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ്. തട്ടിന് നേതൃത്വം കൊടുത്ത പെരുമ്പാവൂര്‍ വല്ലം സ്വദേശി നിഷാദിനെ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കച്ചവടത്തിന്റെ മറവിലായിരുന്നു ഇയാള്‍ 130 കോടി നികുതി വെട്ടിച്ചത്. ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. പേരിനുമാത്രം ജി.എസ്.ടി രജിസ്‌ട്രേഷനുള്ള ചിലരുടെ ബില്ലുകള്‍ ഉപയോഗിച്ച് പ്‌ളൈവുഡ് കയറ്റി അയച്ചാണ് തട്ടിപ്പ് നടത്തിയത്.
ഹൈദരാബാദ്, കോയമ്പത്തൂര്‍, ബംഗളൂരു, സേലം എന്നിവിടങ്ങളില്‍ സെന്‍ട്രല്‍ ജി.എസ്.ടി ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ പെരുമ്പാവൂരില്‍ നിന്നുള്ള ബില്ലുകള്‍ പിടിച്ചെടുത്തിരുന്നു. ഈ ബില്ലുകള്‍ ഉപയോഗിച്ച് ജി.എസ്.ടിയില്‍ നിന്ന് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റെടുത്തു. എന്നാൽ ബില്ലില്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നല്ല ചരക്കുകള്‍ വാങ്ങിയതെന്ന് ഈ സ്ഥലങ്ങളിലെ വ്യാപാരികള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
ജി.എസ്.ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത ചെറുകിട കമ്പനികള്‍ നിര്‍മ്മിച്ച പ്ളൈവുഡുകളാണ് വിറ്റത്. നിഷാദിന്റെ പെരുമ്പാവൂരിലുള്ള സ്ഥാപനത്തില്‍ നിന്നും കണക്കില്‍പ്പെടാത്ത മുപ്പത്തിയഞ്ച് ലക്ഷം രൂപയും നൂറോളം വ്യാജ ബാങ്ക് അക്കൗണ്ട് രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രജിസ്‌ട്രേഷന്‍ മാത്രമുള്ള, പ്രവര്‍ത്തിക്കാത്ത അഞ്ചിലേറെ കമ്പനികളുടെ ബില്ലുകളാണ് ഇവിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. വ്യാജ ബില്ലുകളിലുള്ള മുപ്പതിലധികം ലോഡ് ചരക്ക് പ്രതിദിനം പെരുമ്പാവൂരില്‍ നിന്നും പുറത്തുപോയിട്ടുണ്ട്.
ജിഎസ്ടി നിലവില്‍ വന്ന് 13 മാസത്തിനിടെ നൂറ്റി മുപ്പത് കോടിയ്ക്കടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി ഇന്‍റലിജന്‍സിന്‍റെ പ്രാഥമിക വിലയിരുത്തല്‍. പ്‌ളൈവുഡിന് 18 ശതമാനമാണ് ജി.എസ്.ടി. ഇത് അടയ്ക്കാത്ത ചരക്കുകളുടെ പേരില്‍ തുല്യമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അന്യസംസ്ഥാനങ്ങളിലെ വ്യാപാരികള്‍ എടുത്തതിനാല്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്‍ നഷ്ടമാണുണ്ടായത്. ഇയാളുടെ തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് സൂചന.
Post Your Comments