Kerala

ഇന്ത്യയുടെ മാറ്റമില്ലാത്ത പ്രതിജ്ഞാബദ്ധതയുടെ അടയാളമാണ്‌ കേരളത്തിലെ ക്രിസ്ത്യൻ സമൂഹമെന്ന് രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌

ലോകത്തിലെ തന്നെ ഏറെ പഴക്കമുളള ക്രിസ്ത്യൻ സമൂഹമാണ്‌ കേരളത്തിലേത്‌

നാനാത്വത്തോടും ബഹുസ്വരതയോടെയുളള ഇന്ത്യയുടെ മാറ്റമില്ലാത്ത പ്രതിജ്ഞാബദ്ധതയുടെ അടയാളമാണ്‌ കേരളത്തിലെ ക്രിസ്ത്യൻ സമൂഹമെന്നും അതിന്റെ പാരമ്പര്യവും ചരിത്രവും രാജ്യത്തിന്‌ അഭിമാനമേകുന്നതാണെന്നും രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ പറഞ്ഞു. തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ തന്നെ ഏറെ പഴക്കമുളള ക്രിസ്ത്യൻ സമൂഹമാണ്‌ കേരളത്തിലേത്‌. വിദ്യാഭ്യാസത്തിനും ശുശ്രൂഷയ്‌ക്കും പ്രാധാന്യം നല്‍കിയ സമൂഹം. ഈ കീര്‍ത്തി മറ്റ്‌ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. രാഷ്‌ട്രപതി പറഞ്ഞു. സത്യം നിങ്ങളെ സ്വാതന്ത്രമാക്കും എന്ന സെന്റ്‌ തോമസ്‌ കോളേജിന്റെ പ്രമാണവാക്യം തീര്‍ത്തും ഔചിത്യ പൂര്‍ണ്ണമാണ്‌. വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥമൂല്യം പരീക്ഷകളിലും ബിരുദങ്ങളിലുമല്ലെന്നും അത്‌ ഓര്‍മ്മപ്പെടുത്തുന്നു. സഹജീവികളെ സഹായിക്കാനും കീഴ്‌ത്തട്ടിലുളളവരെ പരിഗണിക്കാനും നാം പഠിക്കണം. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യനിര്‍മ്മിതിക്കൊരുങ്ങുമ്പോഴും നമ്മള്‍ സ്വപ്‌നം കണ്ട ഇന്ത്യയേയും കേരളത്തേയും വാര്‍ത്തെടുക്കുമ്പോഴും ഈ വാക്യങ്ങള്‍ നമുക്ക്‌ മാര്‍ഗ്ഗദര്‍ശനം നല്‍കണം. അദ്ദേഹം പറഞ്ഞു.

Read also: കേരളത്തിലെ രാഷ്ട്രീയ കൊലപാതങ്ങളെ വിമര്‍ശിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

രാവിലെ പതിനൊന്ന്‌ മണിയോടെയാണ്‌ കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ രാഷ്‌ട്രപതി ഹെലികോപ്‌ടര്‍ ഇറങ്ങിയത്‌. ജില്ലാ കളക്‌ടര്‍ ടി വി അനുപമ, തൃശൂര്‍ റേഞ്ച്‌ ഐ.ജി എം ആര്‍ അജിത്‌കുമാര്‍, മേയര്‍ അജിത ജയരാജന്‍, സിറ്റി പോലീസ്‌ കമ്മീഷണര്‍ യതീഷ്‌ ചന്ദ്ര എന്നിവര്‍ രാഷ്‌ട്രപതിയേയും സംഘത്തേയും സ്വീകരിച്ചു. തുടര്‍ന്ന്‌ കാര്‍ മാര്‍ഗ്ഗമാണ്‌ തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജിലെത്തിയത്‌. കനത്ത മഴമൂലം ഗുരുവായൂരിലേക്കുളള രാഷ്‌ട്രപതിയുടെ യാത്ര റോഡ്‌ മാര്‍ഗ്ഗമാക്കി. ഗുരുവായൂരിലെത്തിയ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്‌ ശ്രീവല്‍സം ഗസ്റ്റ്‌ ഹൗസില്‍ സ്വീകരണം നല്‍കി.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ രാഷ്‌ട്രപതി രാംകോവിന്ദിനേയും ഭാര്യ സവിതകോവിന്ദിനേയും സബ്‌ കള്‌കടര്‍ ഡോ. രേണുരാജ്‌, എ.ഡി.എം സി ലതിക, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ കെ ബി മോഹന്‍ദാസ്‌, അഡ്‌മിനിസ്‌ട്രേറ്റര്‍ എസ്‌ വി ശിശിധര്‍ ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ രാഷ്‌ട്രപതി കോവിന്ദും ഭാര്യയും കദളിപ്പഴം നെയ്‌വിളക്ക്‌, താമരപ്പൂക്കള്‍, തെറ്റിപ്പൂക്കള്‍ എന്നിവ നേര്‍ന്നു. കാണിക്ക സമര്‍പ്പിച്ചു. ഗവര്‍ണ്ണര്‍ ജസ്റ്റിസ്‌ പി സദാശിവം, ഭാര്യ സരസ്വതി സദാശിവം, മന്ത്രി വി എസ്‌ സുനില്‍കുമാര്‍, തൃശൂര്‍ റേഞ്ച്‌ ഐ.ജി എം ആര്‍ അജിത്‌കുമാര്‍ എന്നിവരും രാഷ്‌ട്രപതിയെ അനുഗമിച്ചു.

മമ്മിയൂര്‍ ക്ഷേത്രത്തിലെത്തിയെ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിനേയും ഭാര്യ സവിത കോവിന്ദിനേയും മലബാര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ ഒ കെ വാസു സ്വീകരിച്ചു. ദേവസ്വം കമ്മീഷണര്‍ കെ മുരളി ദേവസ്വം അംഗം ടി എന്‍ ശിവശങ്കരന്‍, എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ബിനോയ്‌കുമാര്‍, അസിസ്റ്റന്റ്‌ കമ്മീഷണര്‍ എം വി സദാശിവന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. മമ്മിയൂരില്‍ നെയ്യും കദളിപ്പഴവും രാഷ്‌ട്രപതി കോവിന്ദിനേയും ഭാര്യ സവിത കോവിന്ദിനേയും കാണിക്ക നല്‍കി. മഹാമൃത്യുഞ്‌ജയഹോമം, വലിയ ഗണപതിഹോമം എന്നിവ വഴിപാടു കഴിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button