സാമൂഹ്യ പ്രതിബന്ധങ്ങളെ തകര്‍ത്തു മുന്നേറിയ വ്യക്തിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ടാഗോര്‍ തിയേറ്ററില്‍ രാഷ്ട്രപതിക്കു നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എളിയ നിലയില്‍ നിന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് നടന്നുകയറാന്‍ അദ്ദേഹത്തിനായി. അഭിഭാഷകനായും രാജ്യസഭാംഗമായും ഗവര്‍ണറായും മികച്ച പ്രവര്‍ത്തനം നടത്തി. രാജ്യസഭാംഗമായിരിക്കെ യു. പിയിലെയും ഉത്തരാഖണ്ഡിലെയും ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി അദ്ദേഹം പ്രയത്‌നിച്ചു. ആദ്യ തവണ കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹം കേരളത്തെക്കുറിച്ച് നടത്തിയ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ മലയാളികള്‍ എന്നും ഓര്‍ക്കും.
സാമൂഹ്യ മുന്നേറ്റത്തിലൂടെയും ഇടപെടലുകളിലൂടെയും പ്രത്യയശാസ്ത്രങ്ങളിലൂടെയും തത്വദര്‍ശനങ്ങളിലൂടെയുമാണ് കേരളം ഇന്നത്തെ നേട്ടം കൈവരിച്ചത്. ഇതിന് നേതൃത്വം നല്‍കിയവര്‍ സമത്വത്തിലും വിദ്യാഭ്യാസത്തിന്റെ ശക്തിയിലും ഒരുമയിലും വിശ്വസിച്ചു പ്രവര്‍ത്തിച്ചവരാണ്. ഇതിലൂടെയാണ് വികസനത്തിലും വിദ്യാഭ്യാസത്തിലും കേരളം ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായത്. മികച്ച രാജ്യതന്ത്രജ്ഞനും രാഷ്ട്രപതിയുമായിരുന്ന കെ. ആര്‍. നാരായണന്റെ നാടാണ് കേരളം. ഗാന്ധിജിയും അംബേദ്കറും മുന്നോട്ടു വച്ച കാഴ്ചപ്പാടിലൂടെയാണ് ഭാരതം സഞ്ചരിച്ചിട്ടുള്ളത്. കേരളവും ഈ മാതൃകയാണ് പിന്തുടര്‍ന്നിട്ടുള്ളത്. ഇതിനെ അടിസ്ഥാനമാക്കിയാണ് വിവിധ പദ്ധതികള്‍ സംസ്ഥാനം ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ളത്. ഭിന്നശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലെത്തിക്കാനുള്ള അനുയാത്ര പദ്ധതിയും മുതിര്‍ന്നവര്‍ക്കായുള്ള പദ്ധതികളും നവകേരളം പദ്ധതികളും ഇതിനെ അടിസ്ഥാനമാക്കിയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments