KeralaLatest NewsNews

രാഷ്ട്രപതിയുടെ വാക്കുകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനം പകരുന്നത്: മുഖ്യമന്ത്രി

രാഷ്ട്രപതിയുടെ ആദ്യ കേരള സന്ദര്‍ശന വേളയില്‍ കേരളത്തെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ കേരള ജനതയ്ക്ക് അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും രാഷ്ട്രപതി പ്രകീര്‍ത്തിച്ചത് കേരളത്തിന് വലിയ പിന്തുണയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ടാഗോര്‍ തിയേറ്ററില്‍ രാഷ്ട്രപതിക്കായി ഒരുക്കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയുടെ വാക്കുകള്‍ക്കുള്ള നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു.

ദന്തഗോപുരവാസിയായ രാഷ്ട്രപതിയല്ല അദ്ദേഹം എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കരഘോഷമുണ്ടായി. രണ്ടാമതും കേരളം സന്ദര്‍ശനം നടത്തിയതിലൂടെ കേരളത്തോടും ഇവിടത്തെ ജനതയോടുമുള്ള രാഷ്ട്രപതിയുടെ മമതയാണ് വ്യക്തമായിരിക്കുന്നത്. ചുരുങ്ങിയ നാള്‍ കൊണ്ട് ആത്മാര്‍ത്ഥതയിലൂടെയും ലാളിത്യത്തിലൂടെയും മലയാളികളുടെ ഹൃദയം അദ്ദേഹം കീഴടക്കി. കേരളത്തിന്റെ മാനുഷിക വികസന സൂചികകള്‍ ലോക രാജ്യങ്ങളോടു കിട പിടിക്കുന്നതാണ്.  ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ലോക നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനാണ് കേരളം ശ്രമിക്കുന്നത്. പ്രവാസികള്‍ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. കേരളത്തിന്റെ സമഗ്രമായ വികസനവും സാമൂഹ്യ സുരക്ഷയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിന്റെ വികസന രംഗത്ത് ഇത് അത്ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button