KeralaLatest News

നിയമന തട്ടിപ്പിനെതിരെ മുന്നറിയിപ്പുുമായി മന്ത്രി

തിരുവനന്തപുരം•തൊഴില്‍ തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍. ഡി ക്ലാര്‍ക്ക് / സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച സാഹചര്യത്തില്‍ ഇതിന്റെ മറവില്‍ വന്‍ തട്ടിപ്പിന് ചിലര്‍ ശ്രമിക്കുന്നുവെന്ന വിവരം സര്‍ക്കാരിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 5 ദേവസ്വം ബോര്‍ഡുകളിലെയും നിയമനങ്ങള്‍ അഴിമതി വിമുക്തമാക്കാനും, സുതാര്യക്കുന്നതിനും നും വേണ്ടിയാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനെ ചുമതലപ്പെടുത്തിയത്. 2017 ഡിസംബര്‍ 6 ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച ദേവജാലിക എന്ന ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് സോഫ്റ്റ് വെയര്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതും, പരീക്ഷാനടപടികള്‍ ഏര്‍പ്പെടുത്തുന്നതും, ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്നതും, ചുരുക്കപ്പട്ടികയും, റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമെല്ലാം. പി എസ് സി മാതൃകയിലുള്ള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പരീക്ഷാ രീതിയും നിയമന രീതിയും സംബന്ധിച്ച് ഒരു പരാതിയും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍, രണ്ട് ലക്ഷത്തോളം പേര്‍ അപേക്ഷകരായുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ക്ലാര്‍ക്ക് -സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയില്‍ കോഴ നല്‍കിയാല്‍ നിയമനം കിട്ടുമെന്ന് പ്രചരിപ്പിച്ച് വന്‍തുക കൈക്കലാക്കാനായി ഗൂഢസംഘങ്ങള്‍ ശ്രമം നടത്തുകയാണ്. ഇത്തരം കോഴ നിയമനങ്ങളും അഴിമതിയും തടയാനാണ് ദേവസ്വം നിയമനങ്ങള്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചോദ്യപേപ്പര്‍ മുന്‍കൂര്‍ നല്‍കാമെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് ചിലര്‍ ഉദ്യോഗാര്‍ത്ഥികളുടെ പക്കല്‍ നിന്ന് പണം കൈപ്പറ്റുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.രാജഗോപാലന്‍ നായര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ തട്ടിപ്പില്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ചിലരുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഈ തട്ടിപ്പിന് പിന്നിലുള്ളവരെയെല്ലാം നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുള്ള നിര്‍ദ്ദേശം നല്‍കിയതായി ദേവസ്വം വകുപ്പ് മന്ത്രി പറഞ്ഞു.

പ്രഗത്ഭരായ അധ്യാപകരില്‍ നിന്നും ചോദ്യങ്ങള്‍ തയ്യാറാക്കി വാങ്ങി, കേരളത്തിന് പുറത്തുള്ള സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയ പ്രധാന പ്രസുകളില്‍ ചോദ്യപേപ്പര്‍ അച്ചടിച്ച് സുതാര്യമായി പരീക്ഷ നടത്തി സംസ്ഥാനത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ധരെ കൊണ്ട് സോഫ്റ്റ് വെയര്‍ വഴി മൂല്യനിര്‍ണയം നടത്തി, അതാത് വിഷയത്തില്‍ വിദഗ്ധരായവരെ കൊണ്ട് അഭിമുഖവും നടത്തിയാണ് നിയമന യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. അഴിമതിക്ക് ഇടയില്ലാത്ത വിധമുള്ള സംവിധാനമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.

തൊഴില്‍ വാഗ്ദാന തട്ടിപ്പുകളില്‍ കുടുങ്ങി പണം കളയരുതെന്ന് എല്ലാ ഉദ്യോഗാര്‍ത്ഥികളോടും മന്ത്രി അഭ്യര്‍ത്ഥിച്ചു. തികച്ചും സുതാര്യവും, മെറിറ്റും, സംവരണവും പാലിച്ചുള്ള നിയമനമാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നടത്തുന്നത്. ആര്‍ക്കെങ്കിലും പണം നല്‍കി നിയമനം നേടാമെന്ന കുറുക്കുവഴി തേടിയാല്‍ പണം നഷ്ടമാകുക മാത്രമാകും ഫലമെന്നും അദ്ദേഹം സൂചിപ്പിച്ച. വിവിധ അന്വേഷണ ഏജന്‍സികളുടെ സഹായം ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ തേടിയിട്ടുണ്ട്.

അനുഭവങ്ങളില്‍ നിന്ന് പഠിക്കാത്ത മട്ടിലാണ് തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ ആളുകള്‍ ചെന്ന് വീഴുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കെടിഡിസി നിയമനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയവര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ടൂറിസം മന്ത്രിയുടെ ഓഫീസില്‍ നിന്ന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിയിലായത്. കഴിഞ്ഞ ആഴ്ചയും സമാനമായ തട്ടിപ്പ് നടത്തിയവര്‍ പോലീസ് പിടിയിലായിട്ടുണ്ട്. വ്യാജ നിയമന ഉത്തരവ് നല്കിയാണ് ഈ തട്ടിപ്പ് നടന്നത്. തട്ടിപ്പിനിരയാകുന്നവര്‍ പരാതി പോലും നല്‍കാന്‍ തയ്യാറാകാത്തതാണ് ഇത്തരം തട്ടിപ്പുകാര്‍ക്ക് പ്രോത്സാഹനമാകുന്നത്. വിവിധ വകുപ്പുകളുടെ പേരില്‍ തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതായി അറിഞ്ഞ് തടയിടുന്നുണ്ടെങ്കിലും എങ്ങനെയും പണം നല്കി വഞ്ചിതരാകുന്നതില്‍ വിദ്യാസമ്പന്നര്‍ വരെ ഉള്‍പ്പെടുകയാണ്. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വിചാരിച്ചാല്‍ നിയമനം നല്‍കാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് വ്യാജ നിയമന രേഖകള്‍ വരെ ചമയ്ക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഏതെങ്കിലുമൊക്കെ ക്രിമിനലുകളോ, തട്ടിപ്പുകാരോ ഒരുക്കുന്ന മോഹവലയില്‍ കുടുങ്ങി പണം കളയാതെ പരീക്ഷയില്‍ വിജയിക്കുന്നതിന് വേണ്ടി പഠിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അഭ്യര്‍ത്ഥിച്ചു. തൊഴില്‍ തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ കുടുങ്ങിയവരോ, ഇത്തരം തട്ടിപ്പുകാരെ പറ്റി അറിയുന്നവരോ ഉണ്ടെങ്കില്‍ എത്രയും വേഗം പോലീസിനെ അറിയിക്കുകയോ, kadakampallysurendran99@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ പരാതി നല്‍കുകയോ ചെയ്യണമെന്ന് കൂടി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു . ഇത്തരം പരാതികള്‍ പരിശോധിച്ച് കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), ഓവര്‍സീയര്‍ ഗ്രേഡ് – 3 (സിവില്‍), ശാന്തി എന്നീ തസ്തികകളിലേക്കും, മലബാര്‍ ദേവസ്വത്തിലെ എക്സിക്യുട്ടീവ് ഓഫീസര്‍ – ഗ്രേഡ് 4, കൊച്ചി ദേവസ്വം ബോര്‍ഡിലെ ശാന്തി, വിവിധ വാദ്യ കലാകാരന്മാര്‍ എന്നീ തസ്തികകളിലേക്ക് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി ഉദ്യോഗാര്‍ത്ഥികളെ അഡ്വൈസ് ചെയ്തത് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയാണ്. ഈ തസ്തികകളിലേക്കുള്ള പരീക്ഷയെയോ, ഇന്റര്‍വ്യൂവിനെയോ കുറിച്ച് ഒരു ആക്ഷേപവും ഉയരാത്ത വിധം അഴിമതി രഹിതമായാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button