KeralaLatest News

സിപിഎം പ്രവർത്തകന്റെ കൊലയ്ക്ക് പിന്നിൽ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കം: പ്രതികളെ തിരിച്ചറിഞ്ഞു, മഞ്ചേശ്വരത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഒരു പ്രതിയെ തിരിച്ചറിഞ്ഞു. സോങ്കാല്‍ സ്വദേശി അച്ചു എന്ന അശ്വിനെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. കണ്ടാലറിയുന്ന രണ്ടു പേരുടെ പേരിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സിദ്ദിഖും പ്രതികളും തമ്മില്‍ വാക്കേറ്റം ഉണ്ടായതായി പറയപ്പെടുന്നു.

കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. ബൈക്കില്‍വന്ന സംഘമാണ് സിദ്ദിഖിനെ കുത്തിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. അശ്വിനും കൊലയില്‍ പങ്കെടുത്ത മറ്റുള്ളവരും ഒളിവിലാണ്.

ബിജെപി അനുഭാവിയാണ് കൊലപാതകത്തിനുപിന്നിലെന്ന് സിപിഎം. കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ആരോപിച്ചു. പ്രതികളില്‍ ഒരാള്‍ ബിജെപി അനുഭാവം ഉള്ളയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സഹോദരനും ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹര്‍ത്താലിന് സിപിഎം. ആഹ്വാനം ചെയ്തു. ഇതിനിടെയാണ് സിപിഎം ആരോപണം ശരിവച്ച്‌ ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ പൊലീസ് എഫ് ഐ ആര്‍ ഇട്ടത്.

കുത്തിയത് അശ്വിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന സൂചന പൊലീസിന് നാട്ടുകാരാണ് നല്‍കിയത്.സംഭവത്തെ തുടര്‍ന്ന് മഞ്ചേശ്വരത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. കുറച്ചു നാളായി ഇവിടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കാറില്ലായിരുന്നു. അതുകൊണ്ട് തന്നെ അക്രമം പൊട്ടിപുറപ്പെടാതിരിക്കാന്‍ കര്‍ശന ജാഗ്രതയാണ് പൊലീസ് പുലര്‍ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button