ഇടുക്കി: 1981 ഒക്ടോബര്‍ 22നാണ് ഇടുക്കി ഡാം ആദ്യമായി തുറന്നത്. അന്ന് ഡാം തുറന്നു വിടുന്നത് കാണാനും എന്താണ് സംഭവമെന്ന് അറിയാനും ആയിരക്കണക്കിന് ആളുകളാണ് ഡാം പരിസരത്ത് എത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍നിന്നു വെള്ളം തുറന്നു വിടേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡിന്റെ ജാഗ്രതാ നിര്‍ദേശം വന്നതോടെ പെരിയാറിന്റെ തീരങ്ങളില്‍ ആശങ്ക വ്യാപിക്കുകയായിരുന്നു. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ചേര്‍ന്നതാണു ഇടുക്കി പദ്ധതി. ഈ മൂന്ന് അണക്കെട്ടുകള്‍ക്കുമായി ഒറ്റ ജലസംഭരണിയാണുളളത്.
അണക്കെട്ട് ഏതുനിമിഷവും തുറന്നുവിടുമെന്ന് കാണിച്ച് റവന്യൂവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഷട്ടറുകള്‍ തുറന്നാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കെഎസ്ഇബി ഉത്തരവാദികളായിരിക്കില്ലെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഡാം തുറക്കുന്നത് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ഡാം തുറക്കുന്നത് കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തുന്നത്. 1981 ഒക്ടോബര്‍ 22ന് ഇടുക്കി ഡാം ആദ്യമായി തുറന്നപ്പോള്‍ അണക്കെട്ടിനു സമീപം കാത്തിരുന്നത് ആയിരക്കണക്കിന് ആളുകളാണ്.
ALSO READ: ഇടുക്കി ഡാം തുറക്കൽ ; സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്ത്
അന്ന് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടപ്പോള്‍ വിദ്യാധിരാജ സ്‌കൂളിനോടു ചേര്‍ന്നുണ്ടായിരുന്ന തൂക്കുപാലം തകര്‍ന്നു. വെള്ളം തുറന്നുവിട്ടതിനു ശേഷം ഓരോ സ്ഥലത്തേയും മഴയുടെ തോത്, വെള്ളമൊഴുക്ക് എന്നിവ ചീഫ് എഞ്ചിനീയര്‍ക്ക് അധികൃതര്‍ കൈമാറിക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനുമുളള നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
11 വര്‍ഷത്തിനു ശേഷം 1992 ഒക്ടോബര്‍ 11 ന് രാവിലെ ഒന്‍പതിന് ചെറുതോണി അണക്കെട്ടിന്റെ നടുവിലത്തെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. അന്നും സ്ഥിതി വ്യത്യസ്ഥമല്ലായിരുന്നു. ഡാം തുറന്നുവിടുന്നതു കാണാന്‍ ജനങ്ങള്‍ പാഞ്ഞെത്തി. 1981 ലും 1992 ലും ജലനിരപ്പ് 2401 അടി പിന്നിട്ട ശേഷമാണു ഡാം തുറന്നത്. 2013ല്‍ വെള്ളം 2401.5 അടി പിന്നിട്ടെങ്കിലും ഷട്ടറുകള്‍ തുറന്നില്ല. ഇത്തവണ ജലനിരപ്പ് 2399 അടി എത്തുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്താനാണു തീരുമാനം.
Post Your Comments