കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിന്റെ നടപടികള്‍ നിര്‍ത്തി വെയ്ക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചതോടെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ക്ക് വഴി തെളിയുന്നു. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ദേശീയ പാത അധികൃതര്‍ക്ക് നല്‍കിയിരുന്നു. കിഴാറ്റൂര്‍ 3 ഡി നോട്ടിഫിക്കേഷനാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്. ഇക്കാര്യം ബിജെപി നേതാക്കള്‍ വയല്‍ക്കിളികളെ അറിയിച്ചു. കീഴാറ്റൂര്‍ ദേശീയ പാത വികസന നടപടികളാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ദേശീയപാത വികസനത്തിനായി വയല്‍ നികത്തുന്നത് പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ടുണ്ട്.
തുടര്‍ന്ന് വനം പരിസ്ഥിതി മന്ത്രാലയവും, ബിജെപി നേതൃത്വവും ബൈപ്പാസ് നിര്‍മ്മാണത്തെ എതിര്‍ത്തിരുന്നു. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ ശക്തമായ സമരമാണ് നടന്നത്. ദേശീയപാത വികസനത്തിനായി വയല്‍ നികത്തുന്നതിനെതിരെ സമരരംഗത്തുള്ള കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. അതേസമയം തങ്ങളുടെത് പരിസ്ഥിതിയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും രാഷ്ട്രീയമാണെന്നും തങ്ങളുടെ നിലപാടുകളെ അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നുമാണ് കീഴാറ്റൂര്‍ സമര നായകന്‍ സുരേഷ് കീഴാറ്റൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Also Read : കീഴാറ്റൂര്‍ ബൈപ്പാസിന്റെ നടപടികള്‍ നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദ്ദേശം
വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും. വയല്‍ക്കിളികളുമായി ഗഡ്കരി അടുത്തമാസം ആദ്യം ചര്‍ച്ച നടത്തുമെന്നാണ് സൂചന. ബൈപ്പാസ് നിര്‍മ്മാണത്തിനായി ഈ മാസം 13 നാണ് കേന്ദ്ര ഉപതിതല ഗതാഗത വകുപ്പ് നോട്ടിഫിക്കേഷന്‍ ഇറക്കിയത്. ബൈപ്പാസ് നിര്‍മ്മാണത്തെ ചൊല്ലി പ്രദേശത്തെ സിപിഎമ്മിലും ഭിന്നത ഉണ്ടായിരുന്നു. ബൈപ്പാസ് നിര്‍മ്മിക്കാന്‍ തുടക്കത്തില്‍ കണ്ടെത്തിയ രണ്ട് അലൈന്‍മെന്റുകള്‍ മാറ്റിവെച്ചാണ് കീഴാറ്റൂര്‍ വയലിലൂടെ നിര്‍മ്മിക്കാന്‍ മൂന്നാമതൊരു അലൈന്‍മെന്റ് കൂടി തയ്യാറാക്കിയത്. കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ നിര്‍മ്മിച്ചാല്‍ ഇരുനൂറ്റി അന്‍പത് ഏക്കറോളം വയലാണ് പൂര്‍ണ്ണമായും നികത്തപ്പെടുക.
അറുപത് മീറ്റര്‍ വീതിയില്‍ പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ മണ്ണിട്ട് നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതോടെ വയല്‍ പൂര്‍ണ്ണമായി ഇല്ലാതാകും. രൂക്ഷമായ കുടിവെള്ള പ്രശ്നം ഉടലെടുക്കുകയും ചെയ്യും. അലൈന്‍മെന്റ് മാറ്റി കീഴാറ്റൂര്‍ വഴിയാക്കിയത് ഭൂമാഫിയകളെയും വന്‍കിടക്കാരെയും സഹായിക്കാനാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. തളിപ്പറമ്ബിനും സമീപ പ്രദേശങ്ങളിലുമായി നിരവധി കുന്നുകളാണ് സ്വകാര്യ കുത്തകകള്‍ വാങ്ങിക്കൂട്ടിയത്. കുന്നുകളിടിച്ച് നിരത്തി ഫ്ളാറ്റുകളും കെട്ടിടങ്ങളും പണിയാനുള്ള ഭൂമാഫിയകളുടെ നീക്കം പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്രാമവാസികള്‍ എതിര്‍ത്തതോടെ പരാജയപ്പെടുകയായിരുന്നു.
Post Your Comments