Onam

ഓണക്കാലത്തെ കുമ്മാട്ടികള്‍!!!

കാല ദോഷങ്ങള്‍ നീക്കി കുട്ടികള്‍ക്ക് അനുഗ്രഹം ചൊരിയാന്‍ കുമ്മാട്ടികള്‍ എത്തുന്നു. കുമ്മാട്ടികളി ഓണക്കാലത്തെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ്. പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലാണ് കുമ്മാട്ടിക്കളി പ്രചാരത്തിലുള്ളത്. ഉത്രാട നാള്‍ മുതല്‍ നാലാം ഓണം വരെയാണ് കുമ്മാട്ടികള്‍ നാട്ടിലിറങ്ങുക. കാട്ടാളന്‍, ഹനുമാന്‍, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങള്‍. കാലങ്ങളായി പിന്തുടരുന്ന കുമ്മാട്ടികളിക്കു പിന്നില്‍ വലിയ ഐതിഹ്യവുമുണ്ട്. ‘കാലദോഷം തീര്‍ക്കാനും കുട്ടികളെ ആഹ്ളാദിപ്പിച്ച്‌ അവര്‍ക്ക് നന്മനേരാനുമെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങള്‍ക്ക് പിന്നിലെ ഐതിഹ്യം ശിവനും അര്‍ജ്ജുനനുമായി ബന്ധപ്പെട്ടതാണ്.

പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരന്‍ അനുജനായ അര്‍ജ്ജുനനോട് ശത്രുസംഹാരത്തിനായി വിശിഷ്ട ആയുധങ്ങള്‍ തപസുചെയ്ത് നേടാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച്‌ അര്‍ജ്ജുനന്‍ ഹിമാലയത്തിലെത്തി ദേവേന്ദ്രന്‍, ശിവന്‍, യമന്‍, വരുണന്‍ എന്നീ ദേവന്‍മാരെ കണ്ട് വരം സ്വന്തമാക്കി. ഇതില്‍ ശിവനെ പ്രത്യക്ഷപ്പെടുത്താന്‍ മാത്രം കഠിനമായ തപസ്സു ചെയ്യേണ്ടിവന്നു.

ശിവന്റെ പക്കലുള്ള പാശുപതാസ്ത്രമായിരുന്നു അര്‍ജ്ജുനന്‍ വരമായി ആഗ്രഹിച്ചത്. എന്നാല്‍ ഈ വരം നല്കുന്നതിന് മുമ്പായി അര്‍ജ്ജുനന്റെ സാമര്‍ഥ്യം പരീക്ഷിക്കാന്‍ ശിവന്‍ തിരുമാനിച്ചു. അതിനു ശേഷം മാത്രമേ അസ്ത്രദാനം നല്കൂ എന്നും നിശ്ചയിച്ചു.ശിവന്‍ കാട്ടാളരൂപം ധരിച്ച്‌ അര്‍ജ്ജുനന്റെ മുമ്പിലെത്തി, പാര്‍വ്വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെ സമാധിസ്ഥനായ അര്‍ജ്ജുനന്റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണുതുറന്ന അര്‍ജ്ജുനന്‍ വില്ലുകുലച്ച്‌ പന്നിയ്ക്ക് പിന്നാലെ ഓടി.കിരാതരൂപിയായ ശിവന്‍ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടര്‍ന്നു. ഒരിടത്ത് വച്ച്‌ ഇരുവരും വില്ലുകുലച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദനകൊണ്ട് പുളഞ്ഞ് പന്നി ചത്തുവീണു.
താനയച്ച അമ്പാണ് ആദ്യം പന്നിയ്ക്ക് മേല്‍ കൊണ്ടെതെന്ന് പറഞ്ഞ് അര്‍ജ്ജുനന്‍ പന്നിയ്ക്ക് മേല്‍ അവകാശവാദം ഉന്നയിച്ചു. ആ വാദത്തെ ഖണ്ഡിച്ച്‌ ശിവനും അവകാശവാദമുന്നയിച്ചു.

തര്‍ക്കം മുറുകിയപ്പോള്‍ തങ്ങളില്‍ ആരാണ് കേമന്‍ എന്ന് യുദ്ധത്തിലൂടെ തീരുമാനിക്കാം എന്ന ധാരണയിലെത്തി. അല്പസമയത്തിനകം അവിടം ഒരു യുദ്ധഭൂമിയായി. ശിവനും അര്‍ജ്ജുനനും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്ത്രങ്ങള്‍ പ്രയോഗിച്ച്‌ തങ്ങളുടെ കഴിവുകള്‍ പരസ്പരം കാട്ടി. ഏറെ നേരം നീണ്ട യുദ്ധത്തിനൊടുവില്‍ അര്‍ജ്ജുനന്‍ നിരായുധനും നിസ്സഹായനുമായി.
കേവലമൊരു കാട്ടാളനോട് അടിയറവുപറയേണ്ടിവന്നതില്‍ അര്‍ജ്ജുനന്‍ ദുഃഖിച്ചു. പെട്ടെന്ന് ശിവന്‍ കിരാതരൂപം വെടിഞ്ഞ് സ്വരൂപം കൈക്കൊണ്ട് അര്‍ജ്ജുനനെ അനുഗ്രഹിച്ചു. വിഷമിക്കേണ്ടതില്ല. കിരാതരൂപത്തില്‍ വന്ന് നിന്നെ പരീക്ഷിക്കുകയായിരുന്നു എന്നും പരീക്ഷണത്തില്‍ അര്‍ജ്ജുനന്‍ വിജയിച്ചു എന്നും പറഞ്ഞ് ദിവ്യശ്കതിയുള്ള പാശുപതാസ്ത്രം സമ്മാനിച്ചു.

അര്‍ജ്ജുനന്‍ ആദരപൂര്‍വ്വം പാശുപതാസ്ത്രം വാങ്ങി ശിവനെ നമസ്കരിച്ചു. അപ്പോഴേയ്ക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങള്‍ അവിടെയെത്തി. അവര്‍ ശിവനേയും പാര്‍വ്വതിയേയും സന്തോഷിപ്പിക്കാന്‍ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. അനന്തരം ശിവനും പാര്‍വ്വതിയും അപ്രത്യക്ഷരായി. വളരെ കാലത്തിന് ശേഷം ശിവന്‍ പാര്‍വ്വതീസമേതനായി തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ കുടികൊണ്ടു. ഒരിക്കല്‍, ഭൂതഗണങ്ങളുടെ പഴയ നൃത്തവും പാട്ടും വീണ്ടും കേള്‍ക്കണമെന്ന് പാര്‍വ്വതിക്ക് മോഹമുണ്ടായി. ആ നിമിഷം ഭൂതഗണങ്ങളെ വരുത്തി നൃത്തം ചെയ്യാനാവശ്യപ്പെട്ടു. താളാത്മകമായ പാട്ടും നൃത്തവും ഭഗവതിക്ക് ഏറെ ഇഷ്ടപ്പെട്ടു.നൃത്തം തീര്‍ന്നതും പാര്‍വ്വതി ഭൂതഗണങ്ങള്‍ക്ക് പട്ടും വളയും സമ്മാനിച്ചു. അതിന് ശേഷം ശിവന്‍ ഭൂതഗണങ്ങളോട് ഇങ്ങനെ നിര്‍ദ്ദേശിച്ചു. ‘ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്ത് നിങ്ങള്‍ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരു കാലത്തും വിസ്മരിക്കാതെ അവര്‍ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത് എന്റെ പ്രിയഭക്തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോള്‍ നിങ്ങള്‍ ഭക്തരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച്‌ നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കണം.’ അങ്ങനെയാണ് കുമ്മാട്ടിക്കളിയ്ക്ക് തൃശ്ശൂരിലും പരിസരങ്ങളിലും പ്രചാരമുണ്ടായതെന്നാണ് ഐതിഹ്യം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button