ഗാസിയാബാദ്•ഹിന്ദു യുവതിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച മുസ്ലിം യുവാവിനെ ജനക്കൂട്ടം ആക്രമിച്ചു. കോടതി വളപ്പില്‍ നടന്ന അതിക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നോയ്ഡയില് ജോലി ചെയ്യുന്ന ഭോപ്പാല്‍ സ്വദേശിയായ സാഹില്‍ ഖാന് എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സാഹിലും നോയ്ഡയില് തന്നെ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിനിയായ പ്രീതി സിംഗും ഒരു പൊതുസുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ, മാതാപിതാക്കളുടെ എതിര്‍പ്പ് നിലനില്‍ക്കെത്തന്നെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. രജ്പുത് വിഭാഗത്തില്‍പ്പെട്ടതാണ് യുവതി, യുവാവ് മുസ്ലിം സമുദായത്തില്‍പെട്ടതും.
ഏറ്റവും സുരക്ഷിതവും ലളിതവുമായ നടപടിക്രമമാണ് ഇവിടെയെന്ന സുഹൃത്തിന്റെ അഭിപ്രായത്തെതുടര്‍ന്നാണ് കമിതാക്കള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനായി കഴിഞ്ഞദിവസം ഗാസിയാബാദ് കോടതിയില്‍ എത്തിയത്. കോടതിയിലെത്തിയ സാഹിലും പ്രീതിയും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകനുമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അക്രമിസംഘം സാഹിലിനെ മര്‍ദിച്ചത്.
ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും സിഹാനി ഗേറ്റ് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ജനക്കൂട്ടം കമിതാക്കള്‍ എത്തിയ കാറും തകര്‍ത്തു.
സംഭവത്തില്‍ പരാതി നല്കാന് കമിതാക്കള്‍ വിസമ്മതിച്ചുവെങ്കിലും പോലീസ് അജ്ഞാതര്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. നവനീത്, വിനോദ് ചൗധരി എന്നിങ്ങനെ രണ്ടുപേരെ തിരിച്ചറിഞ്ഞതായും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായും ഗാസിയാബാദ് എസ്.പി ആകാശ് തോമര്‍ പറഞ്ഞു. ഇരുവരും ഒളിവിലാണ്.
ആക്രമണത്തില്‍ 26 കാരനായ സാഹിലിന്റെ ദേഹം മുഴവന്പരിക്കേറ്റു. ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും ഇയാള്‍ മോചിതനായിട്ടില്ല. അഭിഭാഷകന്റെ ചേംബറില്‍ പ്രീതിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുമ്പോഴായിരുന്നു 30-35 പെരടാങ്ങുന്ന സംഘം ആക്രമിച്ചതെന്ന് സാഹില്‍ പറയുന്നു. മൊബൈല്‍ ഫോണുകളും നശിപ്പിക്കപ്പെട്ടു. ആക്രമിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചിട്ടും അവര്‍ ചെവിക്കൊണ്ടില്ലെന്നും യുവാവ് പറഞ്ഞു.
ഇപ്പോള്‍, ഞങ്ങളുടെ മാതാപിതാക്കളാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്. ഞാന്‍ ഭോപാലിലേക്ക് പോകുകയാണ്. ഞങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ജനക്കൂട്ടം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഞാനിനി അവളെ ഒരിക്കലും കാണുകയില്ല എന്നത് തീവ്രദുഃഖമുണ്ടാക്കുന്നതാണ്- സാഹില്‍ പറഞ്ഞു.
Post Your Comments