റാഫേല്‍ വിമാനവില പുറത്തുവന്നു. യുപിഎ കാലത്തേതിനേക്കാള്‍ വളരെ കുറവ്. 2008 ല്‍ നിന്ന് 2017 ലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും വിമാനവില കൂടേണ്ടതായിരുന്നു. എന്നാല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അത് കുറഞ്ഞ വിലക്ക് വാങ്ങി. യുപിഎ പറഞ്ഞിരുന്നതിനേക്കാള്‍ അല്ലെങ്കില്‍ അക്കാലത്തെ ധാരണപ്രകാരം നല്കാനിരുന്നതിനേക്കാള്‍, ഏതാണ്ട് 59 കോടി രൂപ ഓരോ വിമാനത്തിനും കുറവുണ്ട് എന്നതാണ് ഒരു പ്രമുഖ ടിവി ചാനല്‍ പുറത്തുവിട്ടത്. 36 വിമാനങ്ങള്‍ക്ക് യുപിഎ കൊടുക്കാനിരുന്നത് 1. 69 ലക്ഷം കോടിയത്രേ ;പക്ഷെ മോഡി കൊടുത്തത് 59, 000 കോടിമാത്രം. അതായത് എന്തോ ചിലതൊക്കെ ചീഞ്ഞുനാറുന്നുണ്ട് എന്നതല്ലേ കരുതേണ്ടത്?.
ഇക്കാര്യത്തില്‍ ഏറ്റവും വസ്തുതാപരമായി പ്രതികരിക്കാന്‍ കഴിയുക എകെ ആന്റണിക്കാണ്; അന്നത്തെ പ്രതിരോധ മന്ത്രി. ഇനി പന്ത് എ കെ ആന്റണിയുടെ കോര്‍ട്ടിലാണ് എന്നര്‍ത്ഥം; എന്തുകൊണ്ടാണ് 2008 ല്‍ ഇത്രവലിയ വില നല്കാന്‍ യുപിഎ സന്നദ്ധമായത്. ആരാണ് അന്ന് ഇടനിലക്കാരനായുണ്ടായിരുന്നത്; ‘ചിലരുടെ സ്വന്തക്കാര്‍ ‘ മുന്‍പ് പലപ്പോഴും ആയുധ വിമാന ഇടപാടുകളില്‍ സംശയങ്ങള്‍ക്ക് ഇടനല്‍കിയിട്ടുണ്ടല്ലോ. ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കിയത് അങ്ങിനെ ചില സൂചനകള്‍ ആന്റണിക്ക് കിട്ടിയത് കൊണ്ടാണ് എന്നതോര്‍ക്കുമല്ലോ. അത് എന്താണ്, ആരാണ് തട്ടിപ്പ് നടത്തിയത്, ആരാണ് പണം തട്ടിയത്, ഇറ്റലിയുമായി അതിന് വല്ല ബന്ധവുമുണ്ടോ എന്നതൊക്കെ ഇനിയും ആന്റണി വെളുപ്പെടുത്തിയിട്ടില്ല. സത്യസന്ധനാണ് എന്ന് പറയുന്ന ആന്റണിക്ക് അതൊക്കെ പറയാനുള്ള ചുമതലയുണ്ട് എന്നതാണ് രാജ്യം കരുതുന്നത്.
അങ്ങനെ സംശയത്തിന്റെ നിഴലില്‍ യുപിഎയും ആന്റണിയും നില്‍ക്കവെയാണ് റാഫേല്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇവിടെ നാം ഓര്‍ക്കേണ്ട ഒരു പ്രധാനകാര്യം, ഇതേ ആന്റണിയും കൂട്ടരുമാണ്, റാഫേലിന്റെ അടക്കമുള്ള വില, സാങ്കേതിക മികവ്, അതിന്റെ പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഒരു കാരണവശാലും പുറത്തുവിടരുത് എന്നുള്ള കരാര്‍ ഫ്രാന്‍സുമായുണ്ടാക്കിയത്. അത് 2008 ജനുവരിയിലാണ്. അത്തരമൊരു കരാറുണ്ടാക്കിയത് വില കൂട്ടിവെച്ച് വിമാനം വാങ്ങാനും അതിന്റെ വിശദാംശങ്ങള്‍ പുറത്തറിയാതിരിക്കാനുമാണ് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ……?. അങ്ങനെയൊക്കെ ആരെങ്കിലും സംശയിക്കുന്നുണ്ടെങ്കിലോ?. തീര്‍ച്ചയായും അതൊഴിവാക്കണ്ടേ; അതിന്റെ ചുമതല മറ്റാരേക്കാളും ആന്റണിക്കാണ് എന്ന് കരുതുന്നവരെയും ആക്ഷേപിക്കാനാവില്ല.
Post Your Comments