
വീടിനടുത്ത് ക്ഷേത്രങ്ങള്‍ ഉണ്ടാകുന്നത് ദോഷമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകും. ചിലര്‍ ദോഷമാണെന്ന് വിധിക്കുമ്പോള്‍ വാസ്തു വിദഗ്ദര്‍ പറയുന്നത് ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് നിര്‍മ്മിക്കുന്നതു കൊണ്ട് ഒരു ദോഷവുമില്ലെന്നാണ്. ക്ഷേത്ര സാമീപ്യം അനുഗ്രഹകരവുമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നാണു വിദഗ്ദര്‍ പറയുന്നത്.
ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ ഭാവമാണ് ഇതില്‍ പ്രധാനം. ദേവതകളെ സാധാരണയായി രണ്ടു രീതിയില്‍ കണക്കാക്കാം. സൗമ്യ മൂര്‍ത്തികളും ഉഗ്ര മൂര്‍ത്തികളും. മഹാവിഷ്ണു, ശ്രീകൃഷ്ണന്, ശ്രീരാമന്, സരസ്വതി, ഭുവനേശ്വരി തുടങ്ങിയ ദേവതകള്‍ സൗമ്യ മൂര്‍ത്തികള്‍ ആണ്. പരമശിവന്, ഭദ്രകാളി, നരസിംഹ മൂര്‍ത്തി ആദിയായ ദേവതകള്‍ ഉഗ്ര മൂര്‍ത്തികളായി കരുതപ്പെടുന്നു. ഭൂമി നിരപ്പിനു താഴെ പ്രതിഷ്ഠ ചെയ്തിരിക്കുന്ന ശാസ്താവിനെയും ഉഗ്ര മൂര്‍ത്തിയായി പരിഗണിക്കാം. അല്ലാത്ത ശാസ്താ പ്രതിഷ്ഠ സാധാരണയായി സൌമ്യ മൂര്‍ത്തി ആയിരിക്കും.
സൗമ്യമൂര്‍ത്തികളുടെ വലത്തും മുന്നിലും ഗൃഹം നിര്‍മ്മിക്കുന്നത് ഉത്തമമാണ്. അതുപോലെ ഉഗ്രമൂര്‍ത്തികളുടെ ഇടത്തും പിന്‍ഭാഗത്തും ഗൃഹം നിര്‍മിക്കാം. ദേവത ഏതു തന്നെ ആയാലും ക്ഷേത്രത്തിന്റെ വളരെ സമീപത്ത് ഒന്നിലധികം നിലകള്‍ ഉള്ള ഗൃഹങ്ങള്‍ അത്ര അനുയോജ്യമല്ല. ക്ഷേത്ര വിസ്താരത്തിന്റെ 21 ഇരട്ടി ദൂരം അകലെ മാത്രമേ ക്ഷേത്രത്തെക്കാള്‍ ഉയരത്തില്‍ ഗൃഹം നിര്‍മ്മിക്കാവൂ. പ്രധാന ശ്രീകോവിലിന്റെ മോന്തായത്തിന്റെ ഉയരമാണ് ഇത്തരം അവസരങ്ങളില്‍ ക്ഷേത്രത്തിന്റെ ഉയരമായി പരിഗണിക്കേണ്ടത്.
Post Your Comments