ആലപ്പുഴ•പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച ആലപ്പുഴയേ തിരിഞ്ഞു നോക്കാതിരുന്ന മന്ത്രിമാരും സർക്കാരും ജില്ലകൾക്ക് അനുവദിച്ച ദുരിതാശ്വാസത്തിലും വിവേചനം കാണിച്ചത് തികച്ചും അപലപനീയമാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ പറഞ്ഞു.
പ്രളയം താണ്ഡവമാടിയ ആലപ്പുഴയ്ക്കും കോട്ടയത്തിനും യഥാക്രമം കേവലം 10.31, 13.77 കോടി രൂപ മാത്രം അനുവദിച്ചപ്പോൾ ഈ ജില്ലകളെ അപേക്ഷിച്ച് കാര്യമായ കെടുതികൾ ഇല്ലാതിരുന്ന മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 26.37 കോടിയിൽപരം രൂപയാണ്. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിന് ഇതിൽപരം തെളിവ് വേണ്ട.
മൂന്നു മന്ത്രിമാരും പ്രതിപക്ഷ നേതാവും ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്കാര ചെയർമാനും എല്ലാം ഉള്ള ആലപ്പുഴ ജില്ലയിൽ ഇപ്പഴും എല്ലായിടത്തും വേണ്ടവിധം ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്തിയിട്ടില്ല. എന്നാൽ ഇവരെല്ലാം മലപ്പുറത്തു ദുരിതാശ്വാസം എത്തിക്കുന്നതിൽ ജാഗരൂകരാണു താനും.
ആലപ്പുഴയിൽ നെഹ്‌റുട്രോഫി പോലെയുള്ള സ്ഥലങ്ങളിലെ സ്ഥിതി അതി ദയനീയമാണ്, ഭക്ഷണം പോലും ശരിക്ക് ലഭിക്കുന്നില്ല. വെള്ളമിറങ്ങിയാലും പകർച്ചവ്യാധികൾ അടക്കമുള്ള രോഗങ്ങളുടെ ഭീഷണിയിലാണ് ഈ പ്രദേശങ്ങൾ. അതുകൊണ്ടുതന്നെ സർക്കാർ അടിയന്തിരമായി ഈ മേഖലകളിൽ വേണ്ട സഹായങ്ങൾ എത്തിക്കുകയും രോഗപ്രതിരോധ മാർഗ്ഗങ്ങൾ അടിയന്തിരമായി സ്വീകരിക്കുകയും വേണമെന്ന് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.
Post Your Comments