24 മണിക്കൂറും ചര്‍ച്ച ചെയ്താലും പരിഹാരം കാണാന്‍ കഴിയാത്ത, എടുത്താല്‍ പൊങ്ങാത്ത നൂറായിരം പ്രശ്‌നങ്ങളുള്ള കേരളത്തില്‍ അതിനൊന്നും പ്രാധാന്യം കൊടുക്കാതെ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വരുന്ന ആചാരത്തിന്റെ മേലെ കുതിര കയറുന്നതിന്റെ ചേതോവികാരം മനസ്സിലാവുന്നില്ല. മാറി മാറി വരുന്ന ഭരണത്തില്‍ നേട്ടങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് കൊടികള്‍ മാറുന്നത് പോലെയാണോ കാലാകാലാങ്ങളായി അനുഷ്ഠിച്ചു വരുന്ന വിശ്വാസപ്രമാണങ്ങള്‍? ഒരു സ്ത്രീ എന്ന നിലയില്‍ ഉറപ്പിച്ചു തന്നെ പറയാന്‍ കഴിയും കാലാകാലങ്ങളായി അനുഷ്ഠിച്ചു വരുന്ന വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതിനോട്, തകര്‍ക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഏര്‍പ്പെടുത്താന്‍ തുനിയുന്ന പരമോന്നത ഭരണകൂടത്തിന് ജനവികാരം പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീജനങ്ങളുടെ, ലോകമെമ്പാടുള്ള മലയാളികളുടെ വികാരത്തെ വ്രണപ്പെടുത്തി തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമോ? സ്ത്രീ പ്രവേശനത്തിന് വിലക്കേര്‍പ്പെടാത്ത എന്നാല്‍ നിശ്ചിത പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടുള്ള ശബരിമലയില്‍ ഇന്നേ വരെ ആചാരങ്ങള്‍ മറികടന്ന് ഭക്തിയിലടിയുറച്ചു വിശ്വസിക്കുന്ന ഒരു സ്ത്രീയും പോകണമെന്ന് പറഞ്ഞു കേട്ടിട്ടില്ല.
പത്തുവയസ്സ് ആകുന്നതിന് മുന്‍പ് അയ്യപ്പസ്വാമിയെക്കാനാന്‍ പടി ചവിട്ടിയിട്ടുണ്ട്.ഇനി 50 വയസ്സാകുന്നത് വരെയോ അല്ലെങ്കില്‍ ആര്‍ത്തവിരാമം വരെയോ കാത്തിരിക്കാന്‍ മടിയുമില്ല.41 ദിവസത്തെ കഠിനവ്രതം ചിട്ടയായി പാലിക്കാന്‍ ശരീരനിയമങ്ങളനുസരിച്ച് ഒരു സ്ത്രീക്ക് കഴിയില്ല ഉത്തമബോധ്യമുള്ളത് കൊണ്ട് വീട്ടില്‍ നിന്ന് അയ്യനെക്കാണാന്‍ പോകുന്ന അച്ഛനിലോ, ഭര്‍ത്താവിലോ, മകനിലോ അയ്യപ്പനെ ദര്‍ശിക്കുന്ന ഞങ്ങള്‍ക്ക് കാലാകാലങ്ങളായി പിന്തുടരുന്ന മഹത്തായ ആചാരങ്ങളെ ബഹുമാനിച്ചു മാത്രമേ ശീലമുള്ളൂ. ഇനിയതല്ല അയ്യപ്പനെ കണ്ടെ അടങ്ങൂ എന്നാണെങ്കില്‍ ശബരിമലയ്ക്കു തുല്യമായ എത്രയോ ക്ഷേത്രങ്ങളുണ്ട്. കുളത്തൂപ്പുഴയിലും, അച്ചന്‍കോവിലിലും, ആര്യങ്കാവിലുമൊക്കെ ഇതേ അയ്യപ്പന്‍ തന്നെയാണ് വസിക്കുന്നത്. ഭക്തിയും വിശ്വാസവും പിന്തുടരുന്ന ഏതൊരാളുടെയും മനസ്സിലുണ്ട് അയ്യപ്പന്‍.സ്വാതന്ത്ര്യത്തിനു വേണ്ടി അലമുറയിടുന്നവര്‍ ‘തത്വമസിപ്പൊരുള്‍’എന്താണെന്ന് അന്വേഷിക്കുന്നത് നല്ലതാണ്. സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇത്തരം പ്രഹസനങ്ങള്‍ കാണിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ‘കിട്ടാത്ത മുന്തിരി പുളിക്കും’.’
READ ALSO: സിതാര; ആചാരങ്ങളുടെ പേരില്‍ ആണായി തെരഞ്ഞെടുക്കപ്പെട്ടവൾ
ഭക്തിയും വിശ്വാസവും ആചാരങ്ങളും വ്യക്തിപരമാണെങ്കിലും ശബരിമലയിലെ അയ്യപ്പദര്‍ശനം കൃത്യമായ നിഷ്ഠകളും ആചാരങ്ങളും അടിസ്ഥാനമാക്കി വര്‍ഷങ്ങളായി പാലിച്ചു പോരുന്നവയാണ്. നാനാജാതി മതസ്ഥരും ഒരു മനസ്സോടെ വന്നു പോകുന്ന പാവനഭൂമിയില്‍ നൈഷ്ടിക ബ്രഹ്മചര്യത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് കുടി കൊള്ളുന്നത്. അതികഠിനവ്രതമെടുത്ത് മല കയറിയെത്തുന്ന ഓരോ ഭക്തനും അയ്യപ്പന്റെ പ്രതിരൂപങ്ങളാണ്. അപ്പോ ബ്രഹ്മചാരി വസിക്കുന്നിടത്ത് ഏകാഗ്രതയോടെ ധ്യാനിക്കുന്നിടത്ത് സ്ത്രീയെ മാതൃരൂപത്തിലോ, ബാലഭാവത്തിലോ മാത്രമേ ദര്‍ശിക്കാന്‍ കഴിയുകയുള്ളൂ. കപടമതേതരവാദികളുടെ ‘അരുതുകള്‍’നേടിയെടുക്കാനുള്ള വ്യഗ്രതയാണ് ശബരിമല വിഷയം കാട്ടിത്തരുന്നത്!
READ ALSO: പെണ്ണായിപ്പിറന്നാല്‍ പെണ്ണേ നീയും അനുഭവിക്കും ഈ പ്രാകൃത ആചാരങ്ങള്‍
അന്യദേശത്തു നിന്നും കഠിനവ്രതത്തിന്റെ ശരണം വിളികളുമായെത്തുന്ന ഭക്തര്‍ പോലും എല്ലാ നിയമങ്ങളും പാലിച്ചാണ് ശബരിമലയിലെത്തുന്നത്. പൊതുവികാരത്തെ മുറിപ്പെടുത്തുന്ന, വിശ്വാസപ്രമാണങ്ങളെ തച്ചുടക്കുന്ന ഇത്തരം പ്രഹസനങ്ങള്‍ നിര്‍മ്മലമായ ഭൂമിയിലെ കച്ചവടതാല്പര്യമുള്ളവരുടെ കുതന്ത്രങ്ങളായി മാത്രമേ നിര്‍വ്വചിക്കാനാവുന്നുള്ളൂ.നാളെയൊരു കാലത്ത്’ ശബരിമല ടൂറിസം’ എന്ന പുതിയ പദ്ധതിയിലുള്‍പ്പെടുത്തി റിസോര്‍ട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും ഇന്നും വനഭംഗിയുടെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്ന പുണ്യഭൂവില്‍ ഉയര്‍ന്നു വരാതിരിക്കാന്‍, സ്ത്രീസ്വാതന്ത്ര്യം എന്ന പേരില്‍ നടക്കുന്ന ഇത്തരം തോന്ന്യവാസങ്ങളെ മുളയിലേ നുള്ളാന്‍ മലയാളിക്കു കഴിയട്ടെ. ഒരോ ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ പവിത്രതയുണ്ട് ,നിഷ്ഠകളുണ്ട്, ആചാരങ്ങളുണ്ട്. അതിനെ നശിപ്പിക്കാതെ,കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വികാരത്തെയും വിശ്വാസത്തെയും മുന്‍നിര്‍ത്തി ജനകീയസര്‍ക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭരണകൂടവും അധികാരികളും പരമോന്നത നീതിപീഠത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയില്‍ നിന്ന് പിന്‍തിരിയില്ലെന്ന് വിശ്വസിക്കാം.
ശിവാനി ശേഖര്‍
Post Your Comments