KeralaLatest News

ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റം; ശബരിമല പ്രവേശനത്തില്‍ പ്രതികരണവുമായി സ്പീക്കര്‍

തിരുവനന്തപുരം: ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണെന്ന് വ്യക്തമാക്കി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണത്തില്‍ പ്രതികരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിസൂടെയാണ് അദ്ദേഹം ഇക്കാര്യ തുറന്നു പറഞ്ഞത്. ഒരു മാതാവിന്റെ ഗര്‍ഭത്തില്‍നിന്ന് പുറത്തുവരാതെ ഈ ലോകത്ത് ഒരു മനുഷ്യനും പിറക്കാനിടയില്ലായെന്നിരിക്കെ എങ്ങനെയാണ് അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആര്‍ത്തവം ഒരു കുറ്റമായി ആധുനിക സമൂഹം സ്വീകരിക്കുകയെന്ന്ും അദ്ദേഹം ചോദിക്കുന്നു.

ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമാണ്’. ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി യുടെ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം അങ്ങേയറ്റം പ്രസക്തവും ചിന്തോദ്ദീപകവുമാണ്. സ്ത്രീത്വം എങ്ങനെ ഒരു അയോഗ്യതയാകും എന്ന പ്രസക്തമായ ഒരു ചോദ്യം കോടതി ഉന്നയിച്ചു. ദൈവത്തില്‍ വിശ്വസിക്കാനും ആരാധിക്കുവാനുമുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയാണെന്നിരിക്കെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സ്ത്രീയായി പോയതുകൊണ്ട് മാത്രം നിഷേധിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ആര്‍ത്തവകാലം അവസാനിച്ചതിനുശേഷം മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പറ്റൂ, ആരാധന നടത്താന്‍ പറ്റൂ എന്ന് പറയുന്നത് ആര്‍ത്തവത്തെ ഒരു കുറ്റകരമായ അയോഗ്യതയായി കാണുന്നതിന് തുല്യമാണ്. ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണ്.

ഒരു മാതാവിന്റെ ഗര്‍ഭത്തില്‍നിന്ന് പുറത്തുവരാതെ ഈ ലോകത്ത് ഒരു മനുഷ്യനും പിറക്കാനിടയില്ലായെന്നിരിക്കെ എങ്ങനെയാണ് അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആര്‍ത്തവം ഒരു കുറ്റമായി ആധുനിക സമൂഹം സ്വീകരിക്കുക? ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്‍തുടരുന്നത് നല്ലതാണ്. പക്ഷേ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടാകരുത്
അത്. ആരാണ് മഹാന്‍ എന്ന് ചോദിച്ചാല്‍ ആര്‍ക്കാണ് മാറ്റങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയുക അവനാണ് എന്നാണ് ഉത്തരം. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നവനാണ് മഹാന്‍. പുതിയ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാനും സ്വയം മാറാനും കഴിയുന്നതാണ് മഹത്വത്തിന്റെ മാനദണ്ഡം. സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചും ജനാധിപത്യത്തിന്റെ വികാസത്തിനനുസരിച്ചും എല്ലാത്തിനും മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. അനിവാര്യവുമാണ്. ഒരുപക്ഷേ ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്ന പല ആചാരങ്ങളും ഇന്ന് നിലനില്‍ക്കുന്നില്ല. കാലത്തിന്റെ ഒഴുക്കില്‍ അവയെല്ലാം മാറിപ്പോയി. കാലത്തിന്റെ ഒഴുക്കില്‍ ജനാധിപത്യത്തിന്റെ വികാസത്തില്‍ പലതും മാറിയ കൂട്ടത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശം മാറാതെ നിന്നു എന്നതാണ് വസ്തുത.
സ്ത്രീത്വത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മാതാവിനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ ഈ ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ട്. അനുഷ്ഠാനങ്ങളെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും ചര്‍ച്ചയാകാം സംവാദമാകാം. ദശാബ്ദങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ദളിതര്‍ക്ക് മേല്‍വസ്ത്രം ധരിക്കാനവകാശമുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളില്‍ പ്രവേശനമുണ്ടായിരുന്നില്ല. അതെല്ലാം ആചാരങ്ങളായിരുന്നു. അതൊന്നും ഇന്ന് നിലനില്‍ക്കുന്നില്ല. ദൈവത്തിന്റെ മുന്നില്‍ തുല്യത പ്രാപിക്കാനുള്ള മനുഷ്യന്റെ അവകാശത്തിനു മുന്നില്‍ ഇനിയും തടസ്സം നില്‍ക്കണോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. വീണ്ടും പറയുന്നു ആര്‍ത്തവം അയോഗ്യതയെങ്കില്‍ ഗര്‍ഭം പാതകമെങ്കില്‍ മാതൃത്വം കുറ്റമാണെന്ന് പറയേണ്ടിവരും. മാതൃത്വത്തെ കുറ്റമായി കാണുന്ന ഒരു സമൂഹം അങ്ങേയറ്റത്തെ അസംബന്ധ ജഡിലമായ പാരമ്പര്യത്തെയാണ് പിന്‍പറ്റുന്നത്. കൂരിരുട്ടിലുള്ള സമൂഹമാണെന്നുതന്നെ വിലയിരുത്തേണ്ടി വരും. ‘മാതൃദേവോ ഭവ’ എന്ന് ചൊല്ലിപ്പഠിപ്പിച്ച ഭാരതീയ സംസ്‌കൃതി സ്ത്രീത്വത്തെ ഒരിക്കലും അപരവല്‍ക്കരിക്കപ്പെട്ട സത്തയായി കണ്ടിരുന്നില്ല. കാലപ്രവാഹത്തില്‍ കടന്നുകൂടിയ ഇത്തരം അബദ്ധാചാരങ്ങള്‍ തിരുത്തിയേ തീരൂ എന്ന സുപ്രീംകോടതി നിരീക്ഷണം ശുഭോദര്‍ക്കമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button