KeralaLatest News

മൂന്ന് വര്‍ഷത്തിനകം വയോമന്ദിരങ്ങള്‍ ആധുനികവത്ക്കരിക്കും: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: “മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ വയോമന്ദിരങ്ങളുടെ ശോചനീയവസ്ഥ മാറ്റി ആധുനികവത്ക്കരിക്കുമെന്ന്” ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വയോജനങ്ങള്‍ക്കെതിരെയുള്ള അവഗണനയ്‌ക്കെതിരെ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയുടേയും സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന ‘വയോമധുരം’ പദ്ധതിയുടേയും സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി. ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മനസിനും ശരീരത്തിനും സുഖകരമായ അന്തരീക്ഷമൊരുക്കത്തവിധത്തിലുള്ള വയോമന്ദിരങ്ങളായിരിക്കുമത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 70 പകല്‍ വീടുകള്‍ക്കാണ് പദ്ധതിയാവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതോടൊപ്പം വയോജനങ്ങള്‍ക്ക് വീട്ടില്‍ തന്നെ നല്ല ശ്രദ്ധ കൊടുക്കാന്‍ നിയമം കര്‍ശനമാക്കുന്നതാണ്. വയോജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പാര്‍ട്ട് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജീവിതത്തിന്റെ സായംകാലത്ത് കൂടുതല്‍ സന്തോഷത്തോടെ വയോജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ചുറ്റുപാടുണ്ടാക്കേണ്ടത് ഓരോരുത്തരുടേയും കടമായണെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തിന് വേണ്ടി നന്നായി പരിശ്രമിച്ച ശേഷം അവസാനം അവര്‍ക്ക് ജീവിതം ശാപമാകരുത്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാനുള്ള അവസരം അവര്‍ക്കുണ്ടാക്കണം. കേരളത്തില്‍ 13 ശതമാനത്തോളം വയോജനങ്ങളുണ്ട്. നോക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ പല വൃദ്ധജനങ്ങളും ഏകാന്തതയില്‍ കഴിയുന്ന അവസ്ഥയിലാണുള്ളത്. അവര്‍ക്ക് ആശ്വാസം കിട്ടുന്ന ഒരിടമായാണ് വയോമന്ദിരങ്ങള്‍ക്ക് രൂപം നല്‍കിയത്.

വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സായംപ്രഭ എന്ന പേരില്‍ സമഗ്രപദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നത്. വൃദ്ധ ജനങ്ങള്‍ക്ക് പകല്‍ പരിപാലനവും സംരക്ഷണവും നല്‍കുന്ന സായംപ്രഭ ഹോമുകള്‍, സൗജന്യമായി ദന്തനിര നല്‍കുന്ന മന്ദഹാസം, പകല്‍ സമയം ഉല്ലാസപ്രദമാക്കിയും ഏകാന്തതയില്‍ നിന്നും മോചനം ലഭ്യമാക്കുന്നതിന് സഹായകരമായ മാതൃകാ സായംപ്രഭ ഹോം, ആയുര്‍വേദ ചികിത്സയും മരുന്നും നല്‍കുന്ന വയോ അമൃതം, മാനസിക ആരോഗ്യ സംരക്ഷണത്തിനായുള്ള സൈക്കാ സോഷ്യല്‍ സര്‍വീസ്, വൃദ്ധ സദനങ്ങളില്‍ കഴിയുന്നവരുടെ മാനസിക ഉല്ലാസത്തിനായി മ്യൂസിക് തെറാപ്പി, വയോ സൗഹൃദ പഞ്ചായത്ത്, പ്രമേഹ രോഗികളായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് രക്തത്തില്‍ ഗ്ലൂക്കാസിന്റെ അളവ് നിര്‍ണയിക്കുവാന്‍ കഴിയുന്ന സൗജന്യ ഗ്ലൂക്കോ മീറ്റര്‍ തുടങ്ങിയ പദ്ധതികളാണ് സായംപ്രഭയുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.

പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് ആശ്വാസമാകത്തക്ക വിധത്തിലാണ് ‘വയോമധുരം’ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പ്രമേഹ രോഗികള്‍ക്ക് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുവാന്‍ കഴിയുന്ന ഗ്ലൂക്കോമീറ്റര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വായോജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നു.

പാലീയേറ്റീവ് കെയറിനായി സാമൂഹ്യനീതി വകുപ്പ് പ്രത്യേക പദ്ധതിയാവിഷ്‌കരിച്ചിട്ടുണ്ട്. 2018 ഓടെ എല്ലാവര്‍ക്കും ശ്രദ്ധ കിട്ടുന്ന തരത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ പാലിയേറ്റിവ് സംവിധാനമേര്‍പ്പെടുത്തും. വരും വര്‍ഷങ്ങളിലും വയോജനങ്ങളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തുന്നതാണ്. വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം എന്നതാണ് കേരളം ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് ആദരം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും വയോജന ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ബ്രോഷര്‍, വീഡിയോ എന്നിവയുടെ പ്രകാശനവും ഇതോടൊപ്പം നിര്‍വഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വാര്‍ഡ് കൗണ്‍സിലര്‍ ഐഷ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

also read : മലയാളം ലോകസാഹിത്യത്തോളം വളര്‍ന്ന ഭാഷ : മന്ത്രി എ.കെ.ബാലന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button