Latest NewsKerala

അമ്പരപ്പിക്കുന്ന സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍

പത്തുകോടി രൂപ ഒന്നാം സമ്മാനവും നിരവധി മറ്റു സമ്മാനങ്ങളുമുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശിനു നല്‍കി നിര്‍വഹിച്ചു. സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി വര്‍ഷമായ 2017ല്‍ പത്തുകോടി രൂപ ഒന്നാം സമ്മാനമായുള്ള ബമ്പര്‍ ഭാഗ്യക്കുറി ആരംഭിച്ചത് ലാഭകരമായതിനെത്തുടര്‍ന്നാണ് ഇക്കുറിയും ബമ്പര്‍ സമ്മാനത്തുക പത്തുകോടിയാക്കിയത്.

സര്‍ക്കാരിന് 1696 കോടി രൂപയോളം നികുതിയിതര വരുമാനം നേടിത്തരുന്നതില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ വില്പനയുടെ പുരോഗതി വിലയിരുത്തി പത്ത് പരമ്പരകളിലായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് അറിയിച്ചു.

സെപ്റ്റംബര്‍ ഒമ്പതിനാണ് ബമ്പര്‍ നറുക്കെടുപ്പ്. രണ്ടാം സമ്മാനമായി പത്തുപേര്‍ക്ക് അമ്പതു ലക്ഷം വീതം അഞ്ചു കോടി രൂപയും ഇരുപതുപേര്‍ക്ക് പത്തുലക്ഷം വീതം രണ്ടുകോടി രൂപ മൂന്നാം സമ്മാനവും ഇരുപതു പേര്‍ക്ക് അഞ്ചുലക്ഷം വീതം രണ്ടുകോടി രൂപ നാലാം സമ്മാനവും ലഭിക്കും. കൂടാതെ, അഞ്ചാം സമ്മാനമായി അവസാന അഞ്ചക്കത്തിന് ഒരുലക്ഷം രൂപയും 5000, 3000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റു വില 250 രൂപയാണ്. ചടങ്ങില്‍ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ആര്‍. രാജഗോപാല്‍, ജോയിന്റ് ഡയറക്ടര്‍ ജി. ഗീതാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button