Latest NewsGulf

ദമ്മാമിൽ കാണാതായ മലയാളിയെ കണ്ടെത്തി

ദമ്മാം•പത്തു ദിവസത്തിലധികമായി ദമ്മാമിൽ നിന്നും കാണാതായ മലയാളിയെ, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ ശ്രമഫലമായി കണ്ടെത്തി.

പത്തനംതിട്ട ജില്ലയിലെ എടത്തിട്ട സ്വദേശിയായ അനിഴ് വത്സലൻ എന്ന മലയാളിയെയാണ്, ദമ്മാമിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും പെട്ടെന്ന് കാണാതായത്. കമ്പനി അധികൃതരും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും, പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഫോട്ടോ സഹിതം പ്രചാരണവുമുണ്ടായിട്ടും ഫലമുണ്ടായില്ല.

അനിഴ് വത്സലന്റെ നാട്ടിലെ ബന്ധുക്കൾ നവയുഗം കുടുംബവേദി പ്രസിഡന്റ് സുമി ശ്രീലാലിനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. സുമി ശ്രീലാൽ നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറിന് ഈ വിവരം കൈമാറിയതിനെത്തുടർന്ന്, അനിഴ് വത്സലനെ കണ്ടെത്താനായി അദ്ദേഹം മുന്നിട്ടിറങ്ങി.

അനിഴിന്റെ കമ്പനി സന്ദർശിച്ച ഷിബുകുമാറിന് കമ്പനി അധികൃതർ, അനിഴിനെപ്പറ്റിയുള്ള വിവരങ്ങളും, എല്ലാ പിന്തുണയും നൽകി. അനിഴ് മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തിയായിരുന്നു എന്നതിനാൽ അദ്ദേഹത്തിന് എന്തെങ്കിലും അപകടം പറ്റിയിരിയ്ക്കുമോ എന്ന ഭയത്തിലായിരുന്നു അവർ. അതേ കമ്പനിയിൽ ജോലി ചെയ്യുന്ന അനിഴിന്റെ സുഹൃത്തായ അഖിൽ എന്ന മലയാളിയും ഷിബുകുമാറിന്റെ കൂടെ അന്വേഷണത്തിൽ പങ്കു ചേർന്നു.

ദമാമിലെ വിവിധ ആശുപത്രികൾ, മാനസിക ആരോഗ്യകേന്ദ്രങ്ങൾ, ജയിലുകൾ, പോലീസ് സ്റ്റേഷനുകൾ എന്നിവയൊക്കെ കയറിയിറങ്ങിയ ഷിബു കുമാർ, ഒടുവിൽ ദെഹറാനിലെ പോലീസ് സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിൽ ഉണ്ടായിരുന്ന അനിഴ് വത്സലനെ കണ്ടെത്തി.

മാനസികനില തകരാറിലായപ്പോൾ, ഒരു സൗദി ഭവനത്തിൽ അതിക്രമിച്ചു കയറി ശല്യം ഉണ്ടാക്കിയതിന് ആ വീട്ടുകാർ പരാതിപ്പെട്ടതനുസരിച്ചു പോലീസ് അറസ്റ്റു ചെയ്താണ് അയാൾ കസ്റ്റഡിയിൽ ആയത്. തുടർന്ന് ഷിബുകുമാർ കമ്പനി അധികൃതരുടെ സഹായത്തോടെ അനിഴിനെ ജാമ്യത്തിൽ എടുത്തു തിരികെ കമ്പനിയിൽ എത്തിച്ചു.

ഫൈനൽ എക്സിറ്റും മറ്റു ആനുകൂല്യങ്ങളും നൽകി,അനിഴ് വത്സലനെ തിരികെ നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള തീരുമാനത്തിലാണ് കമ്പനി അധികൃതർ. അതിനുള്ള നിയമനടപടികൾ പൂർത്തിയായി വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button