കോഴിക്കോട്: വെള്ളിയാഴ്ച രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമില്‍ ദക്ഷിണപൂര്‍വ റെയില്‍വേയുടെ പ്രത്യേക തീവണ്ടി വന്നുനിന്നു. അതില്‍ നിന്ന് 1200 ബി എസ് എഫ് ജവാന്മാര്‍ ഇറങ്ങിയതോടെ സ്റെഷനില്‍ ആകെ ഒരു അമ്പരപ്പ്. ചെക്യാട് പഞ്ചായത്തിലെ വളയം അരീക്കരക്കുന്നിലെ ബി.എസ്.എഫ് . കേന്ദ്രത്തിലേക്കെത്തിയ ജവാന്മാരാണെന്ന് സാധാരണക്കാര്‍ക്ക് അറിയില്ലായിരുന്നു. കുറേ നേരത്തേക്ക് യുദ്ധകാലസമാനമായ അന്തരീക്ഷം.
സേനാ നീക്കം അതിരഹസ്യമായിരിക്കണമെന്ന നിര്‍ദ്ദേശം അക്ഷരംപ്രതി പാലിച്ചതിനാല്‍ സംഭവം ആരും അറിഞ്ഞിരുന്നില്ല. വാനുകളിലേക്ക് സൈനികര്‍ പാഴ്സലുകള്‍ ഒന്നൊന്നായി കയറ്റി. പിന്നെ വാഹനങ്ങള്‍ നിരനിരയായി അരീക്കരക്കുന്നിലേക്ക്. അപ്പോഴേക്കും തോക്കുകളും ബുള്ളറ്റ് ബോക്‌സുകളുമൊക്കെ സ്റ്റേഷനില്‍ പ്രത്യേകം സജ്ജീകരിച്ച ബെഞ്ചുകളില്‍ നിരന്നു. ചിത്രമെടുക്കുന്നതിന് കര്‍ശനവിലക്ക്. ആയുധധാരികളായ 12 പേരുടെ കാവല്‍.
മലയാളികളായ സേനാംഗങ്ങള്‍ പൊതുവേ സന്തോഷത്തിലായിരുന്നു-നാട്ടിലെത്തിയതിന്റെയും കൂട്ടുകാരെ കേരളത്തിന്റെ പച്ചപ്പ് കാണിച്ചുകൊടുക്കുന്നതിന്റെയും ത്രില്‍. ഒന്നരമാസം മുൻപേ ഈ ജവാന്മാര്‍ കേരളത്തിലെത്തുമായിരുന്നു. നിപ ഭീതിമൂലമാണ് വൈകിയത്. വ്യാഴാഴ്ച എട്ടുമണിയോടെ കോഴിക്കോട്ട് എത്തുമെന്ന് കരുതിയിരുന്നെങ്കിലും വെള്ളിയാഴ്ചയാണ് എത്താനായത്.
ജീവിതത്തിലാദ്യമായി ഇത്രയും ജവാന്മാരെ നേരില്‍ കാണുന്നതിന്റെ ആശ്ചര്യമായിരുന്നു യാത്രക്കാർക്ക്. അവസാന സൈനികനും സ്റ്റേഷന്‍വിടുംവരെ സായുധസേനാനികള്‍ പ്ലാറ്റ് ഫോമിലും പുറത്തും കാവല്‍നിന്നു. ചെക്യാട് പഞ്ചായത്തിലെ അരീക്കരക്കുന്നില്‍ ഇനി അതിസുരക്ഷയുടെ ആളനക്കം ഇനി ഉണ്ടാവും.
Post Your Comments