KeralaCinemaLatest News

നേതാവിന്റെ പഴയ സിനിമയ്ക്ക് സർക്കാരിന്റെ വക പുനപ്രദർശനം

കൊച്ചി: ഭരണ മുന്നണി നേതാവിന്റെ പഴയ സിനിമയ്ക്ക് സർക്കാരിന്റെ വക പുനപ്രദർശനം. രണ്ടുവർഷം മുൻപു റിലീസ് ചെയ്ത മലയാള സിനിമ വീണ്ടും പ്രദർശിപ്പിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 20,000 രൂപ വീതം തനതു ഫണ്ടിൽനിന്നു ചെലവഴിക്കാൻ സർക്കാരിന്റെ വിചിത്ര ഉത്തരവ്. ഭരണകക്ഷിയായ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗവും യുവജനവിഭാഗം സംസ്ഥാന സെക്രട്ടറിയുമായ കരുനാഗപ്പള്ളി സ്വദേശി റെജി പ്രഭാകരൻ നിർമാണവും സംവിധാനവും നിർവഹിച്ച ‘സുഖമായിരിക്കട്ടെ…’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഉത്തരവ് ഇറക്കിയത്.

മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും സ്നേഹവും കരുതലും തിരിച്ചറിയപ്പെടാതെ പോകുന്ന പുതിയ തലമുറയ്ക്ക് ഈ സിനിമ ഓർമപ്പെടുത്തലാണെന്നും എല്ലാ പഞ്ചായത്തുകളിലും ചിത്രം പ്രദർശിപ്പിക്കുന്നതിനു തനതുഫണ്ടിൽ നിന്ന് 20,000 രൂപ വിനിയോഗിക്കാനുള്ള അനുമതി നൽകണമെന്നുമുള്ള നിർമാതാവിന്റെ അഭ്യർഥന സർക്കാർ അംഗീകരിക്കുകയായിരുന്നു.

Read also: സ്വർണ്ണക്കടയിലെ മോഷണം; സ്‌ത്രീകളടക്കം നാലുപേര്‍ പിടിയിൽ

ഏപ്രിൽ ആറിനു നിർമാതാവു നൽകിയ കത്ത് വിശദമായി പരിശോധിച്ചെന്നു വ്യക്തമാക്കിയാണു കഴിഞ്ഞയാഴ്ച ഉത്തരവിറങ്ങിയത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വിഭാഗങ്ങളിലെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ഉത്തരവ് നടപ്പാക്കിയാൽ 2.7 കോടി രൂപയോളം സിനിമയ്ക്കു ലഭിക്കും.

എന്നാൽ ഈ പണം എങ്ങനെയാണു ചെലവഴിക്കുക, പ്രദർശനം എങ്ങനെ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. വിശദ പരിശോധനയ്ക്കുശേഷവും രണ്ടുവർഷം മുൻപു പുറത്തിറങ്ങിയ സിനിമയാണിതെന്നു സർക്കാരിനു ബോധ്യപ്പെട്ടില്ലേ എന്ന ചോദ്യവും ബാക്കിയാണ്. 2016 ഫെബ്രുവരിയിലാണു സിനിമ റിലീസ് ചെയ്തത്. സാമൂഹിക പ്രതിബദ്ധതയുള്ള സന്ദേശം നൽകുന്ന സിനിമകൾ കൂടുതൽ ജനങ്ങളിലെത്തുന്നതിനായി നികുതി ഇളവു നൽകുന്നത് മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും പഴയ സിനിമയ്ക്കു വേണ്ടിയുള്ള ഉത്തരവ് ആദ്യമായാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button