കൊച്ചി: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത് രണ്ട് ബൈക്കിലെത്തിയ അക്രമി സംഘത്തിലെ ഒരാളാണെന്ന് കൂടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അർജുൻ. ‘ഒറ്റക്കുത്തിനു വീണുപോയി ഞാന്‍. എട്ടടിയോളം മുന്നിലായിരുന്നു അപ്പോള്‍ അഭിമന്യു. ആദ്യം എന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ ആക്രമിച്ചത്.’
‘ആഴ്ന്നിറങ്ങിയ കഠാര അയാള്‍ വലിച്ചൂരിയപ്പോള്‍ അവന്‍ നെഞ്ചു പൊത്തിപ്പിടിച്ചു.അക്രമികള്‍ നാലുപേരായിരുന്നു. രണ്ടു ബൈക്കുകളിലാണ് അവരെത്തിയത്. ഞങ്ങള്‍ അപ്പോഴും ചുവരെഴുത്തിലാണു ശ്രദ്ധിച്ചിരുന്നത്. ബൈക്കിനു പിന്നിലിരുന്ന രണ്ടുപേരാണ് ഓടിയടുത്ത് കഠാര പ്രയോഗിച്ചത്. വണ്ണംകൂടി പൊക്കം കുറഞ്ഞയാളാണ് എന്നെ കുത്തിയത്’ അർജുൻ ഓർക്കുന്നു.
അഭിമന്യുവിനൊപ്പം കുത്തേറ്റ സുഹൃത്ത് അര്‍ജുന് ശസ്ത്രക്രിയ അടക്കം നടത്തേണ്ടി വന്നു.കരളിനും ആഗ്നേയഗ്രന്ഥിക്കുമേറ്റ ആഴത്തിലുള്ള മുറിവുകള്‍ അര്‍ജുനെ മരണത്തിന്റെ വക്കിലെത്തിച്ചിരുന്നു. മൂന്നു ശസ്ത്രക്രിയ വേണ്ടിവന്നു ജീവിതം തിരിച്ചുകിട്ടാന്‍. ഒരുമാസം നിര്‍ബന്ധിതവിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അണുബാധയേല്‍ക്കാതിരിക്കാന്‍ സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. അര്‍ജുനും അഭിമന്യുവും മഹാരാജാസ് ഹോസ്‌റ്റലിലായിരുന്നു താമസം. ഉറ്റസുഹൃത്തിന്റെ മരണം അര്‍ജുന്‍ അറിഞ്ഞത് ആശുപത്രിയിലെ നാലാംദിനമാണ്. കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട്ട് കൃഷ്‌ണപ്രയാഗില്‍ മനോജ്-ജെമിനി ദമ്പതികളുടെ മകനാണ് അര്‍ജുന്‍.
Post Your Comments