തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ‘ഹിന്ദുപാക്കിസ്ഥാന്‍’ പ്രസ്താവനയെ കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. എന്നാല്‍ പാര്‍ട്ടി സംസ്ഥാന ഘടകം തരൂരിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. 2019ല്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയെ ഹിന്ദുപാക്കിസ്ഥാന്‍ ആക്കുമെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.
READ ALSO: ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാനാ’കുമെന്ന് ശശി തരൂര്‍
ജനാധിപത്യ മതേതരവിശ്വാസികളായ കോണ്‍ഗ്രസുകാരുടെ പൊതുവികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നു എംഎം ഹസന്‍ പറഞ്ഞു. ആവശ്യമായ അംഗബലം തെരഞ്ഞെടുക്കപ്പെട്ട സഭകളില്‍ ഉണ്ടായിരുന്നെങ്കില്‍ ബിജെപി പണ്ടേ അങ്ങനെ ചെയ്യുമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്താനുള്ള നീക്കം ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി അധികാരത്തില്‍ എത്താതിരിക്കാനുള്ള മുന്നറിയിപ്പാണു ശശി തരൂര്‍ നല്‍കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്. മതേതരത്വം തകര്‍ക്കുന്ന നിലയിലാണ് എന്‍.ഡി.എ. സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. തരൂരിന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ലെന്നും തങ്ങള്‍ നേരത്തേ ഇതു ചൂണ്ടിക്കാണിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയ്ക്കെതിരേ ഭിന്നാഭിപ്രായങ്ങളുണ്ടാകുക സ്വാഭാവികം. മതത്തിനും മതാചാരങ്ങള്‍ക്കും കോണ്‍ഗ്രസ് എതിരല്ല. സി.പി.എം. രാമായണ മാസവും ശ്രീകൃഷ്ണ ജയന്തിയുമെല്ലാം ആചരിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും ഇത് അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Post Your Comments