മാഞ്ചസ്റ്റര്‍ : നിരന്തരം ബലാല്‍സംഗം ചെയ്ത പിതാവിനെ മകള്‍ കൊലപ്പെടുത്തി,സ്വന്തം വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി. സംഭവത്തില്‍ 51 കാരിയായ മകളെ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ഒമ്പതു വര്‍ഷം തടവിന് ശിക്ഷിച്ചു.
ബ്രിട്ടനിലെ മാഞ്ചസ്റ്ററിലാണ് സംഭവം നടന്നത്. പിതാവിനെ കൊന്ന കുറ്റത്തിന് 51 കാരിയായ ബാര്‍ബറ കൂംബ്സിനെയാണ് കോടതി ശിക്ഷിച്ചത്. നൂറിലേറെ തവണ പിതാവ് കെന്നത്ത് കൂംബ്സ് പീഡിപ്പിച്ചിരുന്നതായും, ലൈംഗിക അടിമയെപ്പോലെയാണ് തന്നെ പിതാവ് കരുതിയിരുന്നതെന്നും ബാര്‍ബറ കോടതിയില്‍ വ്യക്തമാക്കി. പഴയ കാലത്തെ സംഭവങ്ങള്‍ ഓര്‍ക്കുന്നത് പോലും, കറുത്ത മേഘങ്ങള്‍ തന്നെ പൊതിയുന്നതുപോലെയാണ് തോന്നുന്നതെന്നായിരുന്നു ബാര്‍ബറ കോടതിയില്‍ പറഞ്ഞത്.
ഒമ്പതാം വയസ്സില്‍ ബാര്‍ബറയെ ഒരു ഫോട്ടാഗ്രാഫിക് ക്ലബില്‍ കൊണ്ടുപോയി കെന്നത്ത് നഗ്നയായി കാമറയ്ക്ക് മുന്നില്‍ നിര്‍ത്തി. പിന്നീട് അങ്ങോട്ട് പിതാവിന്റെ ശാരീരികവും മാനസികവുമായ ക്രൂരപീഡനത്തിന് വിധേയയാകുകയായിരുന്നു കുട്ടിയായിരുന്ന ബാര്‍ബറ. മറ്റാരോടും സംസാരിക്കാന്‍ പോലും അനുവദിക്കാതിരുന്ന കെന്നത്ത്, ബാര്‍ബറയോട് ലൈംഗിക അടിമയോടെന്ന പോലെയാണ് പെരുമാറിയതെന്ന് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
Read Also : യു.എ.ഇയില്‍ 254 കി.മീ വേഗതയില്‍ വണ്ടിയോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
കെന്നത്തിന്റെ നിരന്തരമായ പീഡനത്തില്‍ മനം നൊന്ത ബാര്‍ബറ 12 വര്‍ഷം മുമ്പ് പൂന്തോട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഷവല്‍ കൊണ്ട് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. താഴെ വീണ അയാളെ വീണ്ടും പ്രഹരിച്ചു. തുടര്‍ന്ന് ഷവലിന്റെ മൂര്‍ച്ചയേറിയ ഭാഗം കൊണ്ട് കഴുത്ത് മുറിച്ചു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ പഴയ പരവതാനിയില്‍ പൊതിഞ്ഞ് മൃതദേഹം വീടിന് പുറകില്‍ ഒളിപ്പിച്ചു.
പിറ്റേന്ന് പൂന്തോട്ടത്തില്‍ മൃതദേഹം മറവുചെയ്തശേഷം, കല്ലുകള്‍ പാകി പൂന്തോട്ടം മോടിയാക്കി. പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടില്‍ 12 വര്‍ഷത്തോളമാണ് ബാര്‍ബറ വീട്ടില്‍ കഴിഞ്ഞത്. ബന്ധുക്കളോട് പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചെന്നും, മൃതദേഹം ആശുപത്രിയില്‍ സംസ്‌കരിച്ചെന്നുമായിരുന്നു ബാര്‍ബറ പറഞ്ഞത്.
കഴിഞ്ഞ ജനുവരിയിലാണ് ബാര്‍ബറ, താന്‍ പിതാവിനെ കൊന്നതാണെന്നും, കള്ളം പറഞ്ഞ് പിതാവിന്റെ പേരിലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായും പൊലീസിനോട് കുറ്റസമ്മതം നടത്തുന്നത്. തുടര്‍ന്ന് ബാര്‍ബറയുടെ വീടിന് പിന്നിലെ പൂന്തോട്ടത്തില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
നിരന്തര പീഡനത്തിന് വിധേയയായ ബാര്‍ബറ വിഷാദരോഗത്തിന് അടിമയായിരുന്നു. നിരന്തരമായ പീഡനമാണ് കൃത്യത്തിലേക്ക് നയിച്ചതെങ്കിലും, കൊലപാതകത്തെ ന്യായീകരിക്കാനാകില്ലെന്ന്, ബാര്‍ബറയ്ക്ക് ഒമ്പതു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചുകൊണ്ട് കോടതി പ്രസ്താവിച്ചു.
Post Your Comments