പത്തനംതിട്ട: കൊറ്റനാട് മുക്കുഴി സ്വദേശിനിയായ യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. ജൂണ്‍ 24 നു പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചതായി കണ്ടെത്തിയത്. മതം മാറ്റാന്‍ ശ്രമിച്ച യുവാവ് പ്രണയത്തില്‍ നിന്നും പിന്മാറുകയും മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നാണ് സൂചന. ഇക്കാര്യം 23 ന് രാത്രിയാണ് പെണ്‍കുട്ടി അറിഞ്ഞത്. ജൂണ്‍ 23 ന് രാത്രി 10 വരെ വീട്ടില്‍ അമ്മയോടൊപ്പം സന്തോഷത്തോടെയാണ് പെണ്‍കുട്ടി ഉണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രാത്രി വൈകി കുട്ടിയുടെ ഫോണിലേക്ക് വന്ന ചില സന്ദേശങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അവര്‍ പറയുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസിയായ യുവാവുമായി സ്‌നേഹത്തിലായിരുന്നു. വിവാഹം കഴിക്കണമെങ്കില്‍ തന്റെ മതം സ്വീകരിക്കണമെന്ന യുവാവിന്റെ ആവശ്യത്തെ തുടര്‍ന്ന് ബൈബിള്‍ വാങ്ങി. അതു വായിച്ച് അതിന്‍ പ്രകാരമാണ് കഴിഞ്ഞ കുറേ നാളായി പെണ്‍കുട്ടി ജീവിച്ചു വന്നതെന്ന് വീട്ടുകാര്‍ പറയുന്നു. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പെരുമ്പെട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെയും കാമുകന്റെയും പൊതുസുഹൃത്തായ യുവാവ് ആണ് ഈ വിവരം 23 നു രാത്രി വിവരം അറിയിച്ചത്. ഇതിനു ശേഷം വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും കാമുകനുമായും ഇയാള്‍ വിവാഹം കഴിക്കാന്‍ ആലോചിച്ച യുവതിയുമായും ബന്ധപ്പെട്ടിരുന്നു. പിന്നീട് കാമുകന്റെ ഫോണിലേക്ക് ഹാപ്പി മാരീഡ് ലൈഫ് എന്ന് സന്ദേശം അയച്ചതായും ഇത് അയാള്‍ തന്നെ പിറ്റേന്ന് തങ്ങളെ കാണിച്ചതായും കുടുംബാംഗങ്ങളുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
മരണത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിലാണ്.കുടുംബാംഗങ്ങള്‍ പരാതി നല്‍കിയെങ്കിലും മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെപ്പറ്റിയും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളെപ്പറ്റിയും അന്വേഷിക്കാന്‍ പൊലീസ് തയാറായില്ലെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആക്ഷേപം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആക്ഷന്‍കൗണ്‍സില്‍ ആവശ്യപ്പെടുന്നു.
Post Your Comments