തിരുവനന്തപുരം: യുവസംരംഭകര്‍ക്ക് 50% വരെ ഇളവുകളോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ മുന്നോട്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കു സര്‍ക്കാരിനു കീഴിലുള്ള വിവിധ ഐടി-വ്യവസായ പാര്‍ക്കുകളിലെ കെട്ടിടങ്ങളില്‍ 50% വരെ സബ്‌സിഡി നിരക്കില്‍ സ്ഥലം വാടകയ്ക്കു നല്‍കാനായി യുവസംരംഭകര്‍ക്കായി രൂപീകരിച്ച യങ് ഒന്‍ട്രപ്രനര്‍ ഡവലപ്‌മെന്റ് പ്രോഗ്രാമില്‍നിന്ന് ഫണ്ട് കണ്ടെത്താന്‍ തീരുമാനമായി. ഒന്നരക്കോടി രൂപയുടെ ഫണ്ടിങ് നേടിയ സംരംഭങ്ങള്‍ക്കും അപേക്ഷിക്കാം.
Also Read : സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി ആപ്പിളിന്റെ സോഫ്റ്റ് വെയര്‍ ലബോറട്ടറി
മൂന്നു വര്‍ഷത്തേക്കാണു സബ്‌സിഡി. മൊത്തം വാടക അടച്ചശേഷം സബ്‌സിഡി തിരികെ നല്‍കുന്ന രീതിയായിരിക്കും. പാര്‍ക്കില്‍ സ്ഥലം അനുവദിക്കുന്ന നിരക്കിന്റെ 50% വരെ ഇളവ് അല്ലെങ്കില്‍ ചതുരശ്രയടിക്ക് 20 രൂപയുടെ ഇളവാണ് സബ്‌സിഡിയായി നല്‍കുക. വൈദ്യുതി, വെള്ളം ഉള്‍പ്പെടെ സൗകര്യമുള്ള ബില്‍റ്റപ് സ്‌പേസ് സംരംഭകനു ലഭിക്കും. സംരംഭങ്ങള്‍ സംസ്ഥാനത്തുതന്നെ പ്രവര്‍ത്തിക്കുന്നവയും 70% ജീവനക്കാര്‍ കേരളത്തില്‍നിന്നുള്ളവരുമാകണം.
10 ജീവനക്കാരെങ്കിലും വേണം. കമ്പനികളുടെ വാര്‍ഷിക വരുമാനം ചുരുങ്ങിയത് 50 ലക്ഷം രൂപ. ഈ മാനദണ്ഡങ്ങള്‍ പാലിച്ചു നിലവില്‍ വിവിധ പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കും സബ്‌സിഡിക്ക് അര്‍ഹതയുണ്ട്. 10,000 ചതുരശ്രയടിയോ ഒരു ജീവനക്കാരന് 70 ചതുരശ്രയടിയെന്ന നിലയിലോ ആയിരിക്കും സ്ഥലം നല്‍കുക. സര്‍ക്കാരുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുടിശികയുള്ള സ്ഥാപനങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. നിലവില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുന്ന സ്‌കെയില്‍ അപ് പ്രോഡക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണു സബ്‌സിഡിക്ക് അര്‍ഹത. സര്‍ക്കാരിന്റെ ഐടി നയത്തിലെ നിര്‍ദേശമാണു യാഥാര്‍ഥ്യമാകുന്നത്.
Post Your Comments