രാജ്യത്ത് കുതിച്ചുയരുന്ന തക്കാളി വില നിയന്ത്രിക്കാൻ വീണ്ടും ഇടപെട്ട് കേന്ദ്രസർക്കാർ. ഇത്തവണ തക്കാളിയുടെ വില കിലോയ്ക്ക് 80 രൂപയിൽ നിന്നും 70 രൂപയായാണ് കുറച്ചിരിക്കുന്നത്. ഇതോടെ, സാധാരണക്കാർക്ക് നാളെ മുതൽ കിലോയ്ക്ക് 70 രൂപ നിരക്കിൽ തക്കാളി വാങ്ങാൻ സാധിക്കും. ഡൽഹി, ലക്നൗ, പട്ന തുടങ്ങിയ വൻ നഗരങ്ങളിലെ സഹകരണ സ്ഥാപനങ്ങളായ നാഫെഡും, എൻസിസിഎഫുമാണ് തക്കാളി സബ്സിഡി നിരക്കിൽ നൽകുന്നത്.
നാളെ മുതൽ 70 രൂപയ്ക്ക് തക്കാളി വിൽക്കണമെന്ന് ഉപഭോക്തൃ കാര്യവകുപ്പ് കാർഷിക വിപണന ഏജൻസികളായ നാഫെഡിനും, എൻസിസിഎഫിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കേന്ദ്രസർക്കാർ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കിയത്. ആദ്യം കിലോയ്ക്ക് 90 രൂപയ്ക്കും, പിന്നീട് 80 രൂപയ്ക്കുമാണ് സബ്സിഡി നിരക്കിൽ തക്കാളി നൽകിയത്.
Also Read: ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടണമെന്ന് താലിബാന്‍, അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നേരിടുന്ന തക്കാളി പ്രതിസന്ധി പരിഹരിക്കുന്നതിനായി ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ തക്കാളി ഇറക്കുമതി ചെയ്തിരുന്നു. ജൂലൈ 18 വരെ 391 ടൺ തക്കാളിയാണ് ഇത്തരത്തിൽ സംഭരിച്ചിരിക്കുന്നത്. തക്കാളി വില ഉയർന്ന സാഹചര്യത്തിൽ, സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നത് നഷ്ടം നേരിടാൻ സാധ്യതയുണ്ട്. എന്നാൽ, സബ്സിഡി നിരക്കിൽ വിൽക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നതാണ്.
Post Your Comments