ബാങ്കോക്ക്: തായ്ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഗുഹയിലുണ്ടായിരുന്ന എട്ടുപേരെ രണ്ടു ദിവസങ്ങളിലായി രക്ഷപ്പെടുത്തി. ഇനിയുള്ള നാലുകുട്ടികളെ ആദ്യം പുറത്തെത്തിക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 25കാരനായ ചന്ദാവോങ് ഉള്‍പ്പെടെ അഞ്ചുപേരാണ് ഇനി ഗുഹയില്‍ അവശേഷിക്കുന്നത്.
Also Read : ഇനി പുറത്തെത്താന്‍ അഞ്ച് പേര്‍ കൂടി, പ്രാര്‍ത്ഥനയോടെ ലോകം
എന്നാല്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമിന്റെ പരിശീലകന്‍ ഏകാപോള്‍ ചന്ദാവോങ് ഒരു ദിവസം ഗുഹയില്‍ തനിച്ചു കഴിയേണ്ടി വരും. കുട്ടികളെ രക്ഷിച്ചതിന് ശേഷമാവും പരിശീലകനെ പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തൂ. കുട്ടികള്‍ക്കൊപ്പം ഗുഹയ്ക്കുള്ളിലുള്ള ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ആരോഗ്യനില മോശമായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിക്കുന്നത്. കഴിഞ്ഞമാസം 23-നാണ് സംഘം ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടത്. ഇവര്‍ ഗുഹയില്‍ കയറിയതിന് പിന്നാലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗുഹാമുഖം അടയുകയായിരുന്നു. വെള്ളം ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മൂന്ന് മൈലോളം അകത്തേക്ക് പോകാന്‍ നിര്‍ബ്ബന്ധിതരാകുകയായിരുന്നു.
എന്നാല്‍ നാളെ മഴപെയ്യുമെന്ന കാലാവസ്ഥാ പ്രവചനമുണ്ടായ സാഹചര്യത്തില്‍ ഗുഹയില്‍ അവശേഷിക്കുന്നവരെ ഇന്നു പുറത്തെത്തിക്കാന്‍ ഊര്‍ജിതശ്രമമുണ്ടാകും. ഇന്നലെയും താം ലുവാങ്ങിനു സമീപം ചെറിയ മഴ പെയ്തിരുന്നു. നാളെ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. ഇന്നു തന്നെ അവശേഷിക്കുന്നവരെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണു രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഇതേസമയം, ഞായറാഴ്ച രക്ഷപ്പെടുത്തിയ നാലുപേര്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തു.
കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ലോകം നന്ദിയോടെ സ്മരിക്കുന്നത് പരിശീലകനായ ഏകാപോള്‍ ചാന്ദാവോങിനെ കൂടിയാണ്. ചെളിയും വെള്ളവും നിറഞ്ഞ് ഇരുളടഞ്ഞ ഗുഹയില്‍ കുട്ടികളെ ഇത്രയും ദിവസം പിടിച്ച് നില്‍ക്കാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ ആത്മധൈര്യമാണ്. 25 വയസുകാരനായ ഏകാപോള്‍ ചാന്ദാവോങ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ നയിച്ചിരുന്ന സന്ന്യാസജീവിതം ഉപേക്ഷിച്ച് ഫുട്ബോള്‍ പരിശീലനത്തിലേക്ക് തിരിഞ്ഞത്.
Post Your Comments