ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്കു വേണ്ടി ലോകം മുഴുവൻ പ്രാർത്ഥനയിലാണ്. അഞ്ച് കുട്ടികളെ പുറത്തെത്തിച്ചെങ്കിലും ബാക്കിയുള്ളവരെ വെളിയിൽ കൊണ്ടുവരാനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ജൂണ്‍ 23 നാണ് വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ അക്കാദമിയിലെ കോച്ചും 12 കുട്ടികളും ഗുഹയില്‍ അകപ്പെടുന്നത്. ഗുഹ സന്ദര്‍ശിക്കാനെത്തിയ ഇവര്‍ അപ്രതീക്ഷിത മഴയെ തുടര്‍ന്ന് കൂടുതല്‍ അകത്തേക്ക് കടക്കുകയും കുടുങ്ങിപ്പോകുകയുമായിരുന്നു.
Read Also: അഞ്ചാമത്തെ കുട്ടിയെയും ഗുഹയിൽ നിന്ന് രക്ഷിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മഴ
കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ലോകം നന്ദിയോടെ സ്മരിക്കുന്നത് പരിശീലകനായ ഏകാപോള്‍ ചാന്ദാവോങിനെ കൂടിയാണ്. ചെളിയും വെള്ളവും നിറഞ്ഞ് ഇരുളടഞ്ഞ ഗുഹയില്‍ കുട്ടികളെ ഇത്രയും ദിവസം പിടിച്ച് നില്‍ക്കാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ ആത്മധൈര്യമാണ്. 25 വയസുകാരനായ ഏകാപോള്‍ ചാന്ദാവോങ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താൻ നയിച്ചിരുന്ന സന്ന്യാസജീവിതം ഉപേക്ഷിച്ച് ഫുട്‌ബോള്‍ പരിശീലനത്തിലേക്ക് തിരിഞ്ഞത്. പത്താം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഏകാപോള്‍ വളര്‍ന്നതും പഠിച്ചതും ഒരു ഗ്രാമത്തിലാണ്. സന്ന്യാസ ജീവിതം നയിച്ചിരുന്ന ഈ യുവാവ് തന്റെ പ്രായമായ മുത്തശ്ശിയെ സഹായിക്കാൻ ഒടുവിൽ സന്ന്യാസ ജീവിതം ഉപേക്ഷിക്കുകയായിരുന്നു.
വളരെ കുറഞ്ഞ രീതിയില്‍ ഊര്‍ജ്ജം ചെലവിട്ട് കഴിയാനും ഉള്ള ഭക്ഷണവും വെള്ളവും ടീമിലെ എല്ലാര്‍ക്കും പങ്കിട്ട് നൽകാനും ആശങ്കപ്പെടാതിരിക്കാനും കുട്ടികളെ സജ്ജരാക്കിയത് ഏകാപോളാണ്. ഭയപ്പെടാതിരിക്കാനും ആത്മസംയമനം പുലര്‍ത്താനും ഏകാപോളിന്റെ സാന്നിധ്യം സഹായിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു.
Post Your Comments