KeralaLatest News

തെറി വിളിയ്ക്കാന്‍ മാത്രമല്ല.. ഉരുളയ്ക്ക് ഉപ്പേരി പോലെ രസകരമായി മറുപടി പറയാനും കേരള പൊലീസിന് അറിയാം : ഇതിന് തെളിവുകളിതാ

തിരുവനന്തപുരം : തെറി വിളിയ്ക്കാന്‍ മാത്രമല്ല.. ഉരുളയ്ക്ക് ഉപ്പേരി പോലെ രസകരമായി മറുപടി പറയാനും കേരള പൊലീസിന് അറിയാം. അതിന് തെളിവുകളാണ് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജ്. ഈ ഫേസ്ബുക്ക് പേജാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രം. കാരണം മറ്റൊന്നുമല്ല, കിടിലന്‍ ട്രോളുകളും കുറിക്ക് കൊള്ളുന്ന മറുപടികളുമായാണ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളെല്ലാം അപ്പപ്പോള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.

മാത്രമല്ല ജനങ്ങളുടെ ആശങ്കള്‍ക്കും നിമിഷങ്ങള്‍ക്കകം ഫേസ്ബുക്കിലൂടെ തന്നെ മറുപടിയും നല്‍കുന്നുണ്ട്. തമാശ കമന്റുകള്‍ക്ക് തകര്‍പ്പന്‍ മറുപടികളാണ് ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ നല്‍കുന്നത്. മുഴുവന്‍ സമയവും അഡ്മിന്റെ സേവനം ലഭ്യമാണെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം ബൊളിവീയന്‍ നമ്പറില്‍ നിന്നുള്ള വ്യാജ ഫോണ്‍കോളുകള്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസ് ഒരു പോസ്റ്റിട്ടിരുന്നു. കളിയും കാര്യവുമായി നിരവധി അനുകൂല പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് ലഭിച്ചത്. നാലായിരത്തിലധികം പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു. ചില കമന്റുകളും അവയ്ക്കുള്ള മറുപടികളും ആരിലും ചിരിയുണര്‍ത്തും.

”എനിക്കും വന്നു തിരിച്ചു വിളിക്കാന്‍ കാശ് ഇല്ലായിരുന്നു. ബൊളീവിയയിലെ അമ്മാവന്റെ മകന്‍ എന്തു വിചാരിച്ചു കാണുമോ എന്തോ” എന്ന ഒരു വിരുതന്റെ കമന്റിന് താങ്കളുടെ അവസ്ഥ അമ്മാവന്റെ മകന് അറിയാമായിരിക്കാനാണ് സാധ്യത. എന്നായിരുന്നു മറുപടി. 172 ലൈക്കാണ് ഈ മറുപടി കമന്റിന് ലഭിച്ചത്. ഗൗരവകരമായ സംശയങ്ങള്‍ക്ക് ഗൗരവകരമായ രീതിയില്‍ തന്നെ പോലീസ് മറുപടി നല്‍കുന്നുണ്ട്.

ആഭരണ മോഷ്ടാക്കള്‍ക്ക് വമ്പിച്ച ഓഫര്‍ എന്ന ട്രോള്‍ പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. നിങ്ങള്‍ക്കായി കേരള പോലീസ് കൈവളകള്‍ സമ്മാനമായി നല്‍കുന്നു എന്നായിരുന്നു പോലീസിന്റെ ആ ട്രോള്‍. യദുകുല കാംബോജി ക്ലീഞ്ഞോ പ്ലീഞ്ഞോ ലൈക്സ് ഉള്ള ട്രോളേ, കിടുവേ കിക്കിടുവേ കുടുകുടുവെ എന്ന കമന്റിന് എന്തു പറ്റി രമണാ എന്നായിരുന്നു മറുപടി കമന്റ്.

എന്തായാലും വലിയ അനക്കമൊന്നുമില്ലാതെ കിടന്നിരുന്ന പോലീസിന്റെ ഫേസ്ബുക്ക് പേജ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ട്രോളന്മാരുടെയും യൂത്തന്മാരുടെയും ഇടയിലും ഫേസ്ബുക്ക് പേജ് ഹിറ്റാണ്. ട്രോളന്മാര്‍ക്ക് അങ്ങ് പോലീസിലുമുണ്ടെടാ പിടി എന്ന രീതിയിലും കമന്റുകള്‍ വരുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button