തിരുവനന്തപുരം•വിവാദമായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന് പിന്നില്‍ മദ്യകമ്പനികളുമായുള്ള ഒത്തുകളിയെന്ന് ആരോപണം. കൂട്ടായ്മയുടെ അഡ്മിൻ അജിത് കുമാർ തന്റെ ഫേസ്ബുക്ക് പേജിൽ ചില മദ്യകമ്പനികളുടെ ബ്രാന്‍ഡിന് അമിത പ്രാധാന്യം നല്‍കിയിരുന്നതായി ‘രാഷ്ട്രദീപിക’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് പേജ് പരിശോധിച്ചതിൽ നിന്നും ബാർ ഹോട്ടൽ ജീവനക്കാരിൽ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ എക്സൈസ് ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
അജിത്തും ബാറുകാരും തമ്മിലുള്ള ഒത്തുകളി നടന്നതായാണ് സംശയിക്കപ്പെടുന്നത്. പ്രധാനപ്പെട്ട ബാർ ഹോട്ടലുകളിൽ ഉൾപ്പെടെ നടത്തിയ പല പാർട്ടികളുടെയും പണം മുടക്കിയത് മദ്യകമ്പനികള്‍ ആണെന്നാണ് എക്സൈസ് സംശയിക്കുന്നത്. ഇതിനുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എക്സൈസ്.
അതിനിടെ, അജിത്തിനെതിരെ എക്സൈസിന് പുറമേ, നാര്‍ക്കോട്ടിക് സെല്ലും പോലീസും കേസെടുത്തിട്ടുണ്ട്. അജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് എക്സൈസ് തീരുമാനം. അജിത്തിന്റെ ഭാര്യയും ഗ്രൂപ്പ് മോഡറേറ്ററുമായ വിനി അജിത്തും കേസില്‍ പ്രതിയാകും. ഇതിന് മുന്നോടിയായി അജിത് കുമാർ ഡി.ജെ പാർട്ടി നടത്തുകയും കൂപ്പണ്‍ നൽകി മദ്യസൽക്കാരം ഒരുക്കിയ പാപ്പനംകോട്ടെ വൈറ്റ് ദാമര്‍ ബാറിലെ ഹോട്ടൽ മാനേജരിൽ നിന്നും എക്സൈസ് മൊഴി രേഖപ്പെടുത്തി.
കുട്ടികളില്‍ മദ്യപാനശീലം പ്രോത്സാഹിപ്പിക്കല്‍, മതവികാരം വൃണപ്പെടുത്തല്‍, മദ്യപാനത്തിന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയവയാണ് അജിത്തിനെതിരെയുള്ള ആരോപണങ്ങള്‍. തെളിവുകളുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സൈബര്‍ സെല്ലില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ അജിത്തിനൊപ്പം ഉണ്ടായിരുന്ന മറ്റു അഡ്മിന്മാരെയും കേസില്‍ പ്രതിചേര്‍ക്കും.
മദ്യപാനത്തിലേക്ക് ആളുകളെ ആകര്‍ഷിച്ച് പാര്‍ട്ടികള്‍ നടത്തി ടിക്കറ്റുകള്‍ വിറ്റ് വൻ തുകകൾ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് എക്സൈസിന്റെ നിഗമനം. യാളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ പോലീസും എക്സൈസും ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തന്റെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ ലക്ഷക്കണക്കിന് പേരുണ്ടെന്ന് അവകാശപ്പെട്ടാണ് അജിത്ത് പല ബാറുടമകളുമായി വിലപേശല്‍ നടത്തിയിരുന്നത്.
അതിനിടെ, ഒളിവില്‍ കഴിയുന്ന അജിത്തും ഭാര്യയും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. അജിത്ത് അറസ്റ്റിലായതായി കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
Post Your Comments