ദുബായ് : പിതാവിന്റെ രണ്ടാം വിവാഹത്തില്‍ മകന്റെ പ്രതിഷേധം അതിരുകടന്നു. സ്വന്തം വില്ലയ്ക്ക് തീവെച്ച് കൊണ്ടാണ് യുവാവ് പിതാവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തത്. തുടര്‍ന്ന് കത്തി കൊണ്ട് സ്വയം കുത്തി മരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദുബായിലെ അല്‍ വര്‍ഖ ഏരിയയിലാണ് സംഭവം. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ 57കാരനായ പിതാവിനേയും ഇദ്ദേഹത്തിന്റെ 37 കാരിയായ രണ്ടാം ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ജനുവരിയിലായിരുന്നു പിതാവിന്റെ രണ്ടാം വിവാഹം. എന്നാല്‍ പിതാവ് രണ്ടാംവിവാഹം കഴിക്കുന്നതിനോട് താല്‍പര്യമില്ലാത്ത 21കാരനായ മകന്‍ ഇതിന്റെ പേരില്‍ നിരന്തരം കലഹിക്കാറുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പിതാവും രണ്ടാം ഭാര്യയും കിടന്നുറങ്ങുമ്പോള്‍ തൊട്ടടുത്തെ പെട്രോള്‍ സ്റ്റേഷനില്‍ പോയി പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് വില്ലയ്ക്ക് തീ വയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് മൂന്നു പ്രാവശ്യം കഴുത്തിലേയ്ക്ക് കത്തി കുത്തിയിറക്കി ആത്മഹത്യാ ശ്രമം നടത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം വിഡിയോ ഗെയിമിന്റെ സ്വാധീനമാണ് യുവാവിനെക്കൊണ്ട് ഇത്തരത്തിലുള്ള കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതിനു തെളിവില്ലെന്നു പോലീസ് വ്യക്തമാക്കി.
പോലീസ് വില്ലയ്ക്ക് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. മകന്‍ സഹോദരന്മാരോടൊപ്പം അമേരിക്കയിലായിരുന്നു താമസിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പ് ഇയാള്‍ യുഎഇയില്‍ തിരിച്ചെത്തി പിതാവിനോടൊപ്പം താമസമാരംഭിക്കുകയായിരുന്നു. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു പിതാവിന്റെ രണ്ടാം വിവാഹം.
അടുത്തിടെ മക്കള്‍ക്ക് വേണ്ടി ഇദ്ദേഹം അബുദാബിയില്‍ ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്തിരുന്നു. ഇവിടെ താമസിക്കണമെന്ന മകന്റെ ആവശ്യം പിതാവ് നിരാകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച യുഎഇക്ക് പുറത്ത് പ്രമുഖ യൂണിവേഴ്സിറ്റിയില്‍ ഉന്നത പഠനത്തിന് പോകാനിരിക്കെയാണ് മകന്‍ വില്ലയ്ക്ക് തീവെച്ചത്. അതേസമയം കുറ്റകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ച കാരണം മറ്റെന്തെങ്കിലുമാണോ എന്നും പോലീസ് അന്വേഷിക്കുന്നു.
Post Your Comments