ArticleNews

രണ്ട് മുസ്ലിം യുവതികളുടെ ബി.ജെ.പി പ്രവേശനം: മുസ്ലിം യുവതികളുടെ സംരക്ഷണത്തില്‍ ബി.ജെ.പിയുടെ പങ്ക് വിശദീകരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ്‌ എഴുതുന്നു

മുത്തലാക്ക്’ വിഷയത്തിൽ ബിജെപി സ്വീകരിച്ച ഭാവാത്മക നിലപാട് മുസ്ലിം സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്താണ്?. അത് മുസ്ലിം മതവിഭാഗത്തിൽ എന്ത് ചലനങ്ങളാണ് ഉണ്ടാക്കുന്നത്. ഇക്കാര്യത്തിൽ നരേന്ദ്ര മോഡി സർക്കാർ സ്വീകരിച്ച നിലപാടുകളെ മുസ്ലിം സഹോദരർ എങ്ങിനെയാണ് കണ്ടത് ……. കഴിഞ്ഞ കുറേക്കാലമായി ഇവിടെ ഉയർന്നുകേൾക്കുന്ന ചോദ്യങ്ങളാണിത്. എന്നാൽ മുസ്ലിം സമൂഹം, പ്രത്യേകിച്ചും അവർക്കിടയിലെ യുവതികൾ, വളരെ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും മോഡിസർക്കാർ സ്വീകരിച്ചിരുന്ന നിലപാടലുകളെ കണ്ടിരുന്നു എന്നതാണ് യാഥാർഥ്യം. ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പു വേളയിൽ അത് കുറെയൊക്കെ പരസ്യമായതാണ്, പ്രകടമായതാണ്. ഇപ്പോഴിതാ ആ ഒരു കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് മുതലാക്ക് കേസിൽ കക്ഷിയായിരുന്ന മുസ്ലിം സ്ത്രീകൾ ബിജെപിയിൽ അംഗത്വമെടുക്കുന്നു. രാജ്യം പ്രാധാന്യത്തോടെ കാണേണ്ടുന്ന വിഷയമാണിത് എന്നതിൽ സംശയമുണ്ടാവാനിടയില്ല.

ഇഷ്‌റത് ജഹാൻ
ഇഷ്‌റത് ജഹാൻ

മുത്തലാക്ക് കേസിൽ സുപ്രീം കോടതിയിലെത്തിയത് അഞ്ച്‌ മുസ്‌ലിം സ്ത്രീകളാണ്. അതിലൊരാൾ, ഇതിനകം തന്നെ ബിജെപിയിൽ ചേർന്നിരുന്നു. യഥാർഥത്തിൽ മുസ്ലിം സ്ത്രീകളുട സംരക്ഷകർ ബിജെപിയാണ് എന്നാണ് അന്ന് അവർ പരസ്യമായി പറഞ്ഞത്. അതിനുപിന്നാലെയാണ് മറ്റൊരു ഹർജിക്കാരിയായ ഷയാരാ ബാനു കൂടി ബിജെപിയിലെത്തുന്നത്. അത് തീർച്ചയായും മുസ്ലിം സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണ്…….മുസ്ലിം മതമൗലിക വാദികളും അവരുടെ പിന്നാലെനടക്കുന്ന രാഷ്ട്രീയക്കാരും എതിർക്കുമ്പോഴും മുസ്ലിം സമൂഹത്തിൽ ബിജെപിക്കുള്ള സ്ഥാനമാണ് അത് കാണിക്കുന്നത്.

മുത്തലാക്ക് തടയേണ്ടതാണ്, അത് ഭരണഘടനാ വിരുദ്ധമാണ് തുടങ്ങിയ ശക്തമായ നിലപാടാണ് ബിജെപി എന്നും കൈക്കൊണ്ടിരുന്നത്. ഷാബാനോ കേസിന്റെ കാലത്ത് മുതൽ അവർ അത് വ്യക്തമാക്കിയതുമാണ്. എന്നാൽ പ്രതിപക്ഷം അങ്ങിനെയല്ല കണ്ടത്…… മുസ്ലിം മത മൗലികവാദികൾക്കൊപ്പം നിൽക്കാനും മതവിശ്വാസത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനുമാണ് അന്നവർ ശ്രമിച്ചത്. അതുകൊണ്ടാണല്ലോ ഷാബാനോ കേസിലെ സുപ്രധാന വിധി മറികടക്കാൻ നിയമനിർമാണത്തിന് രാജീവ് ഗാന്ധി സർക്കാർ തയ്യാറായത്. ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള മുസ്ലിം നേതാക്കൾ അന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ചതും നമ്മുടെയൊക്കെ മുന്നിലുണ്ട്. അതുതന്നെയാണ് മുത്തലാക്ക് വിഷയത്തിലും കോൺഗ്രസ് സ്വീകരിച്ചത്. സമൂഹത്തിലെ ചിന്ത മനസ്സിലാക്കാനോ യുവതികൾ ഉയർത്തുന്ന ആശങ്ക കാണാനോ അവർ തയ്യാറായില്ല. സുപ്രീം കോടതി മുൻപാകെ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചതും വിഷയമുന്നയിച്ചതും മുത്തലാക്കിന്റെ ദുരിതം പേറുന്ന മുസ്ലിം സ്ത്രീകളായിരുന്നു എന്നത് കാണാൻ പോലും സോണിയ – രാഹുൽ പ്രഭൃതികൾ ഒരുക്കമല്ലായിരുന്നു.

മുത്തലാഖിനുവേണ്ടി മതമൗലിക വാദികൾ അരങ്ങുതകർത്തപ്പോൾ അവർക്കുവേണ്ടി കോടതിയിലെത്തിയത് ഏറെയും അറിയപ്പെടുന്ന കോൺഗ്രസുകാരാണ് , കപിൽ സിബലടക്കമുള്ളവർ. ആ കേസിൽ കോടതി വിധി പറയുന്നത് അനിശ്ചിതമായി തടസപ്പെട്ടാൽ പോലും നല്ലതാണ് എന്ന് കരുതിയവരുമുണ്ടാവണം. പക്ഷെ സുപ്രീം കോടതി ആ വിഷയത്തെ അർഹിക്കുന്ന ഗൗരവത്തിൽ കണ്ടു; അതൊരു സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ് സമൂഹത്തിലെ അരാജകതത്വത്തിന്റെ പ്രശ്നമാണ് കോടതി കണ്ടപ്പോൾ മതമൗലികവാദികൾ മാത്രമല്ല അവർക്കൊപ്പം അണിനിരന്ന കോൺഗ്രസുകാരും തുറന്നുകാട്ടപ്പെടുകയായിരുന്നു. ആറുമാസത്തിനകം അത് സംബന്ധിച്ച നിയമ നിർമ്മാണം വേണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതിന് കേന്ദ്ര സർക്കാർ തയ്യാറായപ്പോൾ എതിർപ്പുമായി കോൺഗ്രസും സിപിഎമ്മുമൊക്കെ രംഗത്ത് വന്നതും രാജ്യം കാണുകയുണ്ടായി. എന്നാൽ ലോകസഭയിൽ അവസാനം അവർ, കോൺഗ്രസ്, പുതിയ നിയമത്തെ അനുകൂലിച്ചു…… ഏതാണ്ടൊക്കെ ഏകകണ്ഠമായി ആ നിയമം ലോക്‌സഭ പാസാക്കുകയും ചെയ്തു. പക്ഷെ രാജ്യസഭയിൽ മുഷ്‌കും സഭ തടസപ്പെടുത്താലും നടത്തി മുസ്ലിം സ്ത്രീകളുടെ അവകാശ നിയമത്തെ അവർ പരാജയപ്പെടുത്താൻ ശ്രമിച്ചു. അത് അവിടെ പാസാക്കിയെടുക്കാൻ സർക്കാറിനായില്ല…… ഇപ്പോഴും അത് അവിടെ കിടക്കുന്നു. എന്നാൽ കോടതി വിധി മാനിച്ചുകൊണ്ട്, ലോകസഭാ പാസാക്കിയ ബില്ലിന്റെ (നിയമത്തിന്റെ) വെളിച്ചത്തിൽ ഓർഡിനനൻസ് കൊണ്ടുവരികയാണ് കേന്ദ്രം ചെയ്തത്. അതായത് ഈ എതിർപ്പുകൾക്കിടയിലും മുത്തലാക്ക് നിരോധിച്ചുകൊണ്ടും അതിന് മുതിരുന്നവർക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കിക്കൊണ്ടും കേന്ദ്രം മുന്നോട്ട് പോയി.

ഉത്തരാഖണ്ഡിലെ ഹെംപുർ ദയ എന്ന സ്ഥലത്തുള്ളയാളാണ് ഷയാരാ ബാനു. 2015 ഒക്ടോബറിലാണ്, 36 കാരിയായ അവർ വിവാഹജീവിതത്തിൽ നിന്ന് പുറത്താവുന്നത്. സ്വന്തം മാതാപിതാക്കളെ കാണുന്നതിന് നാട്ടിലേക്ക് പോയവേളയിൽ ഒരു കത്തിലൂടെയാണ് ഭർത്താവ് റിസ്വാൻ അഹമ്മദ് മുത്തലാക്ക് ചൊല്ലിയത്. തന്റെ രണ്ടുകുട്ടികളെയും ഭർത്താവ് കൂടെ കൊണ്ടുപോയി. 2016 ഫെബ്രുവരിയിലാണ് അവർ സുപ്രീം കോടതിയിലെത്തുന്നത്. അതിലാണ് നരേന്ദ്ര മോഡി സർക്കാർ സുപ്രധാനമായ നിലപാട് സ്വീകരിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 14, 15, 21, 25 എന്നിവയുടെ ലംഘനമാണ് മുത്തലാക്ക് എന്നുള്ള ഷയാരാ ബാനുവിന്റെ ആക്ഷേപമാണ് സുപ്രീം കോടതി ശരിവെച്ചത്. ഇക്കാര്യത്തിൽ മോഡി സർക്കാർ സ്വീകരിച്ച നിലപാടും ബിജെപി കൈക്കൊണ്ട സഹായകരമായ സമീപനവുമാണ് തന്നെ ബിജെപിക്കാരിയാക്കിയതെന്ന് ഷയാരാ ബാനു പറയുന്നു. ആ വിധിയോടെ മുസ്ലിം സമൂഹത്തിൽ വലിയ മാറ്റമുണ്ടാവുമെന്ന് തീർച്ചയാണ്; അതിന്റ പ്രയോജനം ലഭിക്കുക ആ സമുദായത്തിലെ യുവതികൾക്കാണ് എന്നും അവർ പറയുന്നു. അത് മുസ്ലിം സമൂഹത്തിന് നൽകുന്ന സന്ദേശം വ്യക്തമാണ്, സംശയമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button