ബാങ്കോക്ക് : ലോകം മുഴുവനും കാത്തിരിക്കുകയാണ് ആ കുട്ടികളുടെ ചിരിക്കുന്ന മുഖം കാണാന്‍. തായ്ലന്‍ഡില്‍ ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്‌ബോള്‍ പരിശീലകനെയും പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 18 ഡൈവര്‍മാരാണു രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നത്. അഞ്ചു തായ് മുങ്ങല്‍ വിദഗ്ധരും 13 രാജ്യാന്തര നീന്തല്‍ സംഘത്തിലെ അംഗങ്ങളും അടങ്ങുന്നതാണ് രക്ഷാപ്രവര്‍ത്തക സംഘം.
മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇതോടെ ഗുഹയില്‍ നിന്നുപുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും. കുട്ടികളെ പുറത്തെത്തിക്കാനുചിതമായ സമയം ഇതാണെന്നു രക്ഷാപ്രവര്‍ത്തകസംഘം അറിയിച്ചു. ഇതിന്റെ ഭാഗമായി, ഗുഹാപരിസരത്തു തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിക്കുകയും െചയ്തു. ഇനിയുള്ള നാലു ദിവസം നിര്‍ണായകമാണ്. വീണ്ടും മഴ പെയ്യും മുന്‍പു കുട്ടികളെ പുറത്തെത്തിക്കാനുള്ള ഊര്‍ജിതശ്രമങ്ങളാണു നടക്കുന്നത്.
read also : സൈനികന്റെ വീട് ആക്രമിച്ച കേസ്; അഞ്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ പിടിയില്‍
ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവര്‍ വീതമുണ്ടാകും. ബഡ്ഡി ഡൈവിങ് എന്ന രീതിയാണ് ഇവിടെ സ്വീകരിക്കുക. ഇടുങ്ങിയ, ദുര്‍ഘടമായ വഴികളാണു ഗുഹയില്‍ പലയിടത്തും. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. ഇരുണ്ട, ചെളിവെള്ളം നിറഞ്ഞ കുഴികളും ധാരാളമാണ്. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാന്‍. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിക്കും.
ഗുഹയ്ക്കുപുറത്തുനിന്നു കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താന്‍ ആറു മണിക്കൂര്‍ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ വേണ്ട ചുരുങ്ങിയ സമയം 11 മണിക്കൂര്‍.
ജലനിരപ്പ് താഴ്ന്നതോടെ അപകടസാധ്യതയും കുറഞ്ഞെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വരും മണിക്കൂറുകളില്‍ മഴ പെയ്താല്‍ എല്ലാ ശ്രമങ്ങളും പാളും. രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസം മുട്ടി ഒരു ഡൈവര്‍ മരിച്ചത് അപകടസാധ്യതയ്ക്കുള്ള മുന്നറിയിപ്പായാണ് അധികൃതര്‍ ചൂണ്ടിക്കാണിച്ചത്.
പദ്ധതിയെക്കുറിച്ചു കുട്ടികളുടെ കുടുംബങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
ജൂണ്‍ 23നാണു 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. പത്താം ദിവസം ഇവരെ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാനാകാത്തതാണ് ആശങ്കയുണ്ടാക്കുന്നത്
Post Your Comments