ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ ഭാട്ടിയ കുടുംബത്തിലെ 11 പേരുടെ ആത്മഹത്യയെ കുറിച്ച് ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അസാധാരണങ്ങളില്‍ അസാധാരണം എന്ന് വിശേഷിപ്പിക്കാവുന്ന ആത്മഹത്യയും അതുമായി ബന്ധപ്പെട്ട നിഗൂഢമായ കാര്യങ്ങളും സാധാരണ മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. കുടുംബത്തിലെ 15 വയസ്സുകാരായ ധ്രുവ്, ശിവം എന്നിവര്‍ ആത്മഹത്യ ചെയ്യാന്‍ വിസമ്മതിച്ചുവെന്നാണ് ഇപ്പോള്‍ ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഇവരുടെ കൈകള്‍ കെട്ടിയിട്ടതെന്നും പൊലീസ് പറയുന്നു
ഭാട്ടിയ കുടുംബത്തില്‍ നിന്നും കണ്ടെത്തിയ ഡയറിക്കുറിപ്പുകളിലധികവും പ്രിയങ്കയുടെ കയ്യക്ഷരമാണെന്നും പൊലീസ് പറഞ്ഞു. 11 ഡയറികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. സംഭവത്തിന്റെ പ്രധാന ആസൂത്രകനെന്നു കരുതപ്പെടുന്ന ലളിത് ഭാട്ടിയ പറഞ്ഞ കാര്യങ്ങള്‍ ആരുടെയെങ്കിലും പ്രേരണ മൂലമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ചുപോയ അച്ഛന്റെ ആത്മാവിനോട് തന്റെ ഭര്‍ത്താവ് സംസാരിച്ചിരുന്നുവെന്ന് ലളിതിന്റെ ഭാര്യ ടിന തങ്ങളോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അസാധാരണമായ രീതിയില്‍ ലളിത് പെരുമാറുന്നത് കണ്ടിട്ടില്ലെന്നും ബന്ധുക്കളില്‍ ചിലര്‍ പറയുന്നു.
Read Also : സക്കീര്‍നായിക്കിനെ നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യം; നിലപാട് വ്യക്തമാക്കി മലേഷ്യ
സംഭവത്തില്‍ പന്ത്രണ്ടാമത് ഒരാള്‍ക്ക് പങ്കില്ലെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ രണ്ടു ദിവസം മുന്‍പ് പുറത്തു വന്നിരുന്നു. ഒരു സ്ത്രീയും രണ്ട് കുട്ടികളും ചേര്‍ന്ന് കൂട്ട ആത്മഹത്യക്കുവേണ്ട സ്റ്റൂളുകളും കയറും അകത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ലളിത് ഭാട്ടിയയുടെ നിര്‍ദേശമനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
രാജസ്ഥാനിലും ഹരിയാനയിലുമായി താമസിക്കുന്ന ലളിതിന്റെ സഹോദരങ്ങള്‍ക്ക് സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേസമയം സംഭവത്തില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്, സുനന്ദ പുഷ്‌കര്‍, ആരുഷി തല്‍വാര്‍ കൊലക്കേസുകളില്‍ പിന്തുടര്‍ന്ന മന:ശാസ്ത്ര പോസ്റ്റ്‌മോര്‍ട്ടം പൊലീസ് ഈ കേസിലും അവലംബിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച ആളുകളുടെ മാനസികാവസ്ഥ വിശകലനം ചെയ്തു കൊണ്ടായിരിക്കും മന:ശാസ്ത്ര പോസ്റ്റ്‌മോര്‍ട്ടം നടത്തുക.
Post Your Comments