പത്തനംതിട്ട: പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് സഹായകമായി ഒരു സിസിടിവി ദൃശ്യം കൂടി ലഭിച്ചു. മുണ്ടക്കയം ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയിലെ സിസിടിവി ക്യാമറയില്‍ ജസ്ന പതിഞ്ഞിട്ടുണ്ട്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തേ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. പൊലീസ് ഹൈടെക് സെല്‍ വിദഗ്ധരുടെ പരിശ്രമത്തില്‍ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ തിരിച്ചെടുക്കാനായത്.
കാണാതായ അന്ന് 11.44ന് ബസ് സ്റ്റാന്‍ഡിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജസ്നയാണ് ദൃശ്യങ്ങളില്‍. ആറു മിനിറ്റുകള്‍ക്കു ശേഷം ഇവിടെ ജെസ്നയുടെ ആണ് സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം. പക്ഷേ, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളില്ലെന്നാണ് വിവരം. ജസ്നയാണെന്ന് സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചെന്നാണ് അറിയുന്നത്. ആണ് സുഹൃത്തിനെയും ചില സഹപാഠികള്‍ തിരിച്ചറിഞ്ഞു.
Also Read : ജസ്നയുടെ തിരോധാനം: വിമര്‍ശനവുമായി ജസ്നയുടെ അധ്യാപകന്
മാര്‍ച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതാവുന്ന ദിവസം രാവിലെ ജസ്ന ധരിച്ചിരുന്നത് ചുരിദാര്‍ ആണെന്നാണ് എരുമേലിയില്‍ കണ്ടവരുടെയും മറ്റും മൊഴി. എന്നാല്‍, മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജെസ്ന ധരിച്ചിരുന്നത് ജീന്‍സും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. പേഴ്സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു.
ദൃശ്യങ്ങളിലെ സാധ്യതകള്‍ പ്രകാരം മുണ്ടക്കയത്ത് ജസ്ന ഷോപ്പിങ് നടത്തിയതായും അര മണിക്കൂറിലധികം ഇവിടെ ചെലവിട്ടതായും പൊലീസ് സംശയിക്കുന്നു. ഇനി ജസ്ന ഷോപ്പിങ് നടത്തിയ കടകളിലും മുണ്ടക്കയത്തും വീണ്ടും പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കും. കൂടാതെ സിസിടിവിയില്‍ കണ്ട ആണ്‍സുഹൃത്തിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
അതേസമയം ജസ്നയെ കാണാതായ സംഭവത്തില്‍ വിമര്‍ശനവുമായി ജസ്നയുടെ അധ്യാപകന് രംഗത്തെത്തിയിരുന്നു. ജസ്നയെ കണ്ടെത്തുന്നതിനായി അന്വേഷകര്‍ ആവശ്യമായ ഗൗരവം കൊടുത്തില്ലെന്നും അന്വേഷണത്തിന്റെ തുടക്കത്തില്‍ അര്‍ഹമായ പരിഗണന നല്കിയിരുന്നെങ്കില് തെളിവുകള്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നും അധ്യാപകന് മെന്‍ഡല്‍ ജോസ് പറഞ്ഞു.
Post Your Comments