കൊല്ലം : ചാനല്‍ ചര്‍ച്ചയിലൂടെ മതസ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസിൽ മാതൃഭൂമി ചാനല്‍ അവതാരകന്‍ വേണുവിനെതിരെ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജു സിറ്റി പൊലീസ് കമീഷണര്‍ക്കു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. 153 എ പ്രകാരമാണ് കേസ് എന്നതിനാല്‍ മൂന്നുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമെന്ന നിലയിലാണ് കേസ്.
ജൂണ്‍ ഏഴിന് മാതൃഭൂമി ചാനലില്‍ സംപ്രേഷണം ചെയ്‌ത ന്യൂസ് അവര്‍ ഡിബേറ്റില്‍ വേണു എടത്തലയില്‍ ഉസ്മാന്‍ എന്ന യുവാവിനെ പൊലീസ് മര്‍ദിച്ചതിനെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചുകൊണ്ട് വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഡിവൈഎഫ്‌ഐയുടെ പരാതി.
‘കേരളത്തിലെ മുസ്ലിം സഹോദരങ്ങളെ….നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയില്‍ കഴിയുകയാണ്; ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തിയത്: നോമ്പ് തുറക്കാന്‍ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്…’ – ഇതായിരുന്നു കേസിന് ആധാരമായ വേണുവിന്റെ ചാനലിലൂടെയുള്ള പരാമര്‍ം.
വേണു നടത്തിയ ഈ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം എസിപി പ്രദീപ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് തുടര്‍ നടപടി ആരംഭിച്ചത്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി സമൂഹത്തില്‍ മതസ്‌പര്‍ധയും വര്‍ഗീയതയും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.
Post Your Comments