തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്റെ സ്റ്റാഫിന്റെ മൊഴി എന്ന പേരില്‍ വാര്‍ത്തകള്‍ നല്‍കിയതിനെതിരെ ധനകാര്യമന്ത്രി തോമസ് ഐസക്. തരംതാഴുന്നതിന് മാതൃഭൂമിയില്‍ പരിധിയൊന്നും വെച്ചിട്ടില്ലെന്നു തോന്നുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ തന്റെ സ്റ്റാഫിന്റെ കഴുത്തില്‍ മൊഴിക്കുരുക്കിട്ട ലേഖകന്‍ വാദം പരിഷ്‌കരിച്ച് ഇന്ന് അഞ്ചാം പേജില്‍ അവതരിച്ചിട്ടുണ്ടെന്നും തന്റേടമുണ്ടെങ്കില്‍ തന്റെ സ്റ്റാഫിന്റെ പേര് പ്രസിദ്ധീകരിക്കണം. എന്താ, നിയമനടപടിയെ ഭയമുള്ളതുകൊണ്ടാണോ, വാര്‍ത്തയില്‍ ധനമന്ത്രിയുടെ സ്റ്റാഫ് എന്ന മറവെച്ചിരിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കസ്റ്റംസിനുള്ളില്‍നിന്നാണ് ഇയാള്‍ക്ക് മൊഴിപ്പകര്‍പ്പ് എത്തിയതെന്നാണ് സംശയം എന്നായിരുന്നു ഇന്നലെ എഴുതിയതെങ്കില്‍ ഇന്ന് ഇദ്ദേഹത്തിലൂടെയാണ് മൊഴിപ്പകര്‍പ്പിന്റെ മൂന്നു പേജുകള്‍ മറ്റു പലരിലേയ്ക്കും എത്തിയത് എന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് നേരിട്ട് വിശദീകരണമുള്‍പ്പെടെ ആരാഞ്ഞത് എന്നായി മലക്കം മറിഞ്ഞെന്നും തോമസ് ഐസക് പറയുന്നു. അപ്പോള്‍ കസ്റ്റംസില്‍ നിന്ന് മൊഴിപ്പകര്‍പ്പ് നേരിട്ടു കിട്ടി എന്ന സംശയം ലേഖകന്‍ വിഴുങ്ങിയോയെന്നും തന്റെ സ്റ്റാഫിലൂടെ ആ മൊഴിപ്പകര്‍പ്പ് കിട്ടിയ ”മറ്റു പലരും” ആരാണെന്നും ഐസക് ചോദിക്കുന്നു.
തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
തരംതാഴുന്നതിന് മാതൃഭൂമിയില്‍ പരിധിയൊന്നും വെച്ചിട്ടില്ലെന്നു തോന്നുന്നു. ഇന്നലെ എന്റെ സ്റ്റാഫിന്റെ കഴുത്തില്‍ മൊഴിക്കുരുക്കിട്ട ലേഖകന്‍ വാദം പരിഷ്‌കരിച്ച് ഇന്ന് അഞ്ചാം പേജില്‍ അവതരിച്ചിട്ടുണ്ട്. മാതൃഭൂമി പത്രാധിപരോട് പരസ്യമായിത്തന്നെ ഒരു കാര്യം ആവശ്യപ്പെടുന്നു. തന്റേടമുണ്ടെങ്കില്‍ എന്റെ സ്റ്റാഫിന്റെ പേര് പ്രസിദ്ധീകരിക്കണം. എന്താ, നിയമനടപടിയെ ഭയമുള്ളതുകൊണ്ടാണോ, വാര്‍ത്തയില്‍ ധനമന്ത്രിയുടെ സ്റ്റാഫ് എന്ന മറവെച്ചിരിക്കുന്നത്?
ഇന്നലെ എന്തായിരുന്നു വാദം? ”കസ്റ്റംസിനുള്ളില്‍നിന്നാണ് ഇയാള്‍ക്ക് മൊഴിപ്പകര്‍പ്പ് എത്തിയതെന്നാണ് സംശയം” എന്നായിരുന്നല്ലോ ഇന്നലെ എഴുതിപ്പിടിപ്പിച്ചത്. അതിന്റെ പേരിലായിരുന്നല്ലോ മൊഴിക്കുരുക്ക്. ഇന്നത്തെ വാര്‍ത്തയിലോ?
”ഇദ്ദേഹത്തിലൂടെയാണ് മൊഴിപ്പകര്‍പ്പിന്റെ മൂന്നു പേജുകള്‍ മറ്റു പലരിലേയ്ക്കും എത്തിയത് എന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് നേരിട്ട് വിശദീകരണമുള്‍പ്പെടെ ആരാഞ്ഞത്” എന്നാണ് ഇന്നത്തെ മലക്കം മറിച്ചില്‍. അപ്പോള്‍ കസ്റ്റംസില്‍ നിന്ന് മൊഴിപ്പകര്‍പ്പ് നേരിട്ടു കിട്ടി എന്ന സംശയം ലേഖകന്‍ വിഴുങ്ങിയോ?
എന്റെ സ്റ്റാഫിലൂടെ ആ മൊഴിപ്പകര്‍പ്പ് കിട്ടിയ ”മറ്റു പലരും” ആരാണ്? ആരേക്കുറിച്ചും എന്തും എഴുതുന്ന മഞ്ഞപ്പത്രത്തിന്റെ നിലവാരത്തിലേയ്ക്ക് തരംതാഴരുത്. അതു മോശമല്ലേ.
ആ മൊഴിപ്പകര്‍പ്പ് കിട്ടിയത് മാധ്യമങ്ങള്‍ക്കല്ലേ. മാതൃഭൂമി ന്യൂസില്‍ ആഗസ്റ്റ് 28ന് ഇതേക്കുറിച്ചുവന്ന ആദ്യവാര്‍ത്തയുടെ ഒരു ഭാഗം ഇതോടൊപ്പം കൊടുക്കുന്നു. എഡിറ്റര്‍ കാണുക. ആഗസ്റ്റ് 28ന് രാവിലെ 11 മണിയ്ക്കാണ് ഈ വാര്‍ത്ത മാതൃഭൂമി ന്യൂസ് ബ്രേക്ക് ചെയ്തത്. വിഷ്വലില്‍ രേഖ കാണിക്കുന്ന സമയം നോക്കുക. എന്നുവെച്ചാല്‍ ആഗസ്റ്റ് 28ന് പകല്‍ 11 മണിയ്ക്കു മുമ്പേ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രസ്തുത ഡോക്യുമെന്റ് കിട്ടിയിരുന്നു.
ഇനി എന്റെ സ്റ്റാഫ് ആഗസ്റ്റ് 28ന് രാവിലെ 11.15ന് എഴുതിയ പോസ്റ്റു നോക്കുക. കൈരളി, ന്യൂസ് 18, മാതൃഭൂമി എന്നീ ചാനലുകളില്‍ മൊഴിപ്പകര്‍പ്പിന്റെ വിഷ്വലുകള്‍ കണ്ടുവെന്ന് അതില്‍ എഴുതിയിട്ടുണ്ട്. ടൈം സ്റ്റാമ്പ് പരിശോധിച്ചാല്‍ മതി. ഇനി പ്രസ്തുത രേഖ എപ്പോഴാണ് എന്റെ സ്റ്റാഫ് എഫ്ബിയില്‍ അപ് ലോഡ് ചെയ്തത്? ടൈംസ്റ്റാമ്പ് പരിശോധിക്കാം. ആഗസ്റ്റ് 28, വൈകുന്നേരം 4.02.
ആഗസ്റ്റ് 28ന് മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കുന്നതിനു മുമ്പ് എന്റെ സ്റ്റാഫിന്റെ കൈവശം ഈ രേഖ ചോര്‍ന്നു കിട്ടിയിരുന്നു എന്നതിന് എന്തു തെളിവാണ് മാതൃഭൂമിയുടെ ലേഖകന്റെ കൈവശമുള്ളത്? കസ്റ്റംസിനുള്ളില്‍ നിന്ന് എന്റെ സ്റ്റാഫിന് മൊഴിപ്പകര്‍പ്പ് കിട്ടിയെന്നാണ് സംശയമെന്നാണല്ലോ മാതൃഭൂമി ഇന്നലെ എഴുതിപ്പിടിപ്പിച്ചത്. എന്തായിരുന്നു ഈ സംശയത്തിന് അടിസ്ഥാനം? മാതൃഭൂമി ന്യൂസിന്റെ ലേഖകന് എന്റെ സ്റ്റാഫിന്റെ കൈയില്‍ നിന്നാണോ ഈ രേഖ കിട്ടിയത്? അക്കാര്യം ഉറപ്പിച്ചിട്ടുണ്ടോ? മറ്റു പലരിലേയ്ക്കും ഈ രേഖ എത്തിയത് എന്റെ സ്റ്റാഫില്‍ നിന്നാണ് എന്ന് മലക്കം മറിയുമ്പോള്‍, പതിനൊന്നു മണിയ്ക്കു ശേഷം മാതൃഭൂമി ലേഖകന്റെ കൈയില്‍ നിന്നും എത്ര പേരിലേയ്ക്ക് ഈ രേഖ കൈമറിഞ്ഞിരുന്നു എന്നു കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കുകയില്ലേ?
വീണത് നാലാള്‍ കണ്ടാല്‍ ഒന്നും നോക്കാതെ ഉരുണ്ടു മറിഞ്ഞേക്കണം എന്ന് മാതൃഭൂമിയില്‍ എഡിറ്റോറിയല്‍ നിര്‍ദ്ദേശമുണ്ടെന്നു തോന്നുന്നു. ഇന്നലെ പറഞ്ഞതു തന്നെ ഒരിക്കല്‍ക്കൂടി പറയുന്നു. ഈ ഉമ്മാക്കിയൊന്നും ചെലവാകുകയില്ല. നിങ്ങളോടു മാത്രമല്ല, നിങ്ങളുടെ ലേഖകന്റെ വാര്‍ത്താ ഉറവിടത്തോടു കൂടിയാണ് പറയുന്നത്. വരിയിലും വാക്കിലും ദുസൂചന പുരട്ടി വാര്‍ത്ത ചമച്ചാല്‍ വിരണ്ടുപോകുന്ന കാലമൊക്കെ കഴിഞ്ഞു.
അപ്പോള്‍ മൊഴിക്കുരുക്ക് ഏതാണ്ട് അഴിഞ്ഞല്ലോ അല്ലേ…
https://www.facebook.com/thomasisaaq/posts/3879647492051363
Post Your Comments