തിരുവനന്തപുരം : റേഷൻ കടകളിൽ പോകുന്നവർക്ക് ഇനി എ.ടി.എം വഴി പണവും പിരിക്കാം.കടയിലുള്ള ഇ-പോസ് (ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍) യന്ത്രത്തിലൂടെയാണ് പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സൗകര്യം ഒരുങ്ങുന്നത്.
കാനറാ ബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ 100 റേഷന്‍ കടകളെ ഇത്തരത്തില്‍ മിനി ബാങ്കുകളാക്കാന്‍ സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 100 കടകളിലായിരിക്കും പരീക്ഷണം നടത്തുക.
വ്യാപാരികള്‍ക്ക് ഇതുസംബന്ധിച്ച പരിശീലനം കാനറ ബാങ്ക് അധികൃതര്‍ നല്‍കും. സര്‍ക്കാറിന് സാമ്പത്തിക നഷ്ടം വരാതെയും വ്യാപാരികള്‍ക്ക് ലാഭവും ലക്ഷ്യമിട്ടുമാണ് ‘റേഷന്‍കട മിനി ബാങ്ക്’ പദ്ധതിക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് മുന്‍കൈയെടുക്കുന്നത്. ആന്ധ്രയില്‍ നിലവില്‍ ഇ-പോസ് മെഷീന് വഴി ബാങ്കിങ് സേവനങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നുണ്ട്. റേഷന്‍ കടകള്‍ വഴി നോണ്‍-മാവേലി സാധനങ്ങള്‍ വിറ്റഴിക്കുന്ന പദ്ധതിയും ഭക്ഷ്യവകുപ്പിന്റെ പരിഗണനയിലാണ്.
Read also:ഇത്തരം എണ്ണകളാണോ ഉപയോഗിക്കുന്നത്? എങ്കിൽ രോഗം അടുത്തെത്തിക്കഴിഞ്ഞു
അക്കൗണ്ട് തുറക്കല്‍, തുക മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റല്‍, പണം പിന്‍വലിക്കല്‍ (നിശ്ചിത തുകവരെ മാത്രം), ബാലന്‍സ് തുക അറിയുക, ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് മൊബൈല്‍ പേമന്റ് സിസ്റ്റം) പെന്ഷന് തുക ലഭ്യമാക്കല്‍, ഇന്‍ഷുറന്‍സ് അടക്കല്‍ തുടങ്ങി 20ഓളം സേവനങ്ങളാണ് റേഷന്‍ കടകള്‍ വഴി ബാങ്ക് നല്‍കുന്നത്. മതിയായ വിദ്യാഭ്യാസയോഗ്യതയും താല്പര്യവുമുള്ള വ്യാപാരികളെയാണ് ആദ്യഘട്ടത്തില്‍ ഇതിനായി തെരഞ്ഞെടുക്കുന്നത്.
ബാങ്കിങ് ഇടപാട് നടത്തുന്ന റേഷന്‍കടയുടമകള്‍ക്ക് നല്കുന്ന പ്രതിഫലവും കാനറ ബാങ്ക് നിശ്ചയിച്ചിട്ടുണ്ട്. നൂറു മുതല്‍ 200 വരെ ഇടപാടുകള്‍ നടത്തുന്ന കടക്ക് മാസം 2500 രൂപ ലഭിക്കും. 200ന് മുകളിലാണെങ്കില്‍ 5000 രൂപ. സേവിങ്സ് അക്കൗണ്ടിന് 20 രൂപ കടയുടമക്ക് ലഭിക്കും. താല്‍ക്കാലിക നിക്ഷേപം, സ്ഥിര നിക്ഷേപം, ആധാര്‍-മൊബൈല്‍ നമ്പർ അക്കൗണ്ടുമായി ബന്ധപ്പെടുത്തല്‍ എന്നിവക്ക് അഞ്ചുരൂപ വീതം ലഭിക്കും.
പെന്ഷന് പദ്ധതികളിലേക്കുള്ള മാസവിഹിതം സ്വീകരിക്കുന്നതിന് ഒരു രൂപ. പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ത്താല്‍ 30 രൂപ. അടല്‍ പെന്ഷന് യോജനയിലേക്ക് (എ.പി.വൈ) അംഗങ്ങളെ ചേര്‍ത്താല്‍ 50 രൂപ. സ്വയംസഹായ സംഘങ്ങളുടെ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് 200 രൂപ എന്നിങ്ങനെ പ്രതിഫലം ലഭിക്കും.
Post Your Comments