തിരുവനന്തപുരം: വികസന വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിച്ചു നീങ്ങണമെന്നതാണ് സംസ്ഥാനത്തിന്‍റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ചേര്‍ന്ന എം.പിമാരുടെ യോഗത്തിലാണ് പിണറായി വിജയൻ ഇങ്ങനെ പറഞ്ഞത്. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ എം.പിമാരുടെ യോഗം ചേര്‍ന്നത്. കേരളത്തിന്‍റെ വികസന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു നീങ്ങണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ താത്പര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ സംസ്ഥാനത്തിന്‍റെ വികസനത്തിന് തടസമായ സമീപനങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇത് എം. പിമാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ നീതി ആയോഗ് ആസൂത്രണ കമ്മീഷന് പകരമാവില്ലെന്ന് യോഗം വിലയിരുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യു. ജി. സി വേണ്ടെന്ന കേന്ദ്ര സമീപനം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
തീരുമാനം കേരളത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ആരോഗ്യകരമായ സമീപനമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന വിമര്‍ശനവും യോഗത്തിലുണ്ടായി.
Post Your Comments